നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഫോണ്‍ ഇടുക്കി മുന്‍ എസ്.പി ചോര്‍ത്തിയെന്ന് പരാതി
Custody Murder
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഫോണ്‍ ഇടുക്കി മുന്‍ എസ്.പി ചോര്‍ത്തിയെന്ന് പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th July 2019, 9:31 am

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയതായി ആരോപണം. ഇടുക്കി മുന്‍ എസ്.പി കെ.ബി വേണുഗോപാലിന്റെ രഹസ്യ നിര്‍ദേശ പ്രകാരം ഇടുക്കി സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥന്‍ ഫോണ്‍ ചോര്‍ത്തിയെന്നാണ് പരാതി.

കസ്റ്റഡി കൊലപാതക്കേസില്‍ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കും നീളുമ്പോഴാണ് മുന്‍ എസ്.പിക്കെതിരെ ആരോപണം ഉയരുന്നത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആരൊയൊക്കെയാണ് വിളിക്കുന്നതെന്നും സംഭാഷണത്തിന്റെ വിവരങ്ങളുമാണ് പ്രധാനമായും ചോര്‍ത്തിയതെന്നാണ് സൂചന.

അതേസമയം, കസ്റ്റഡി കൊലപാതത്തില്‍ രണ്ട് പൊലീസുകാര്‍ കൂടി അറസ്റ്റിലായിരുന്നു. സി.പി.ഒ നിയാസ്, എ.എസ്.ഐ റെജിമോന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. ഇരുവരും രാജ്കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.

നിലവില്‍ ഏഴ് പൊലീസുകാര്‍ രാജ്കുമാറിനെ മര്‍ദിച്ചെന്നാണ് കണ്ടെത്തല്‍. രാജ്കുമാര്‍ കസ്റ്റഡിയിലിരിക്കെ നെടുങ്കണ്ടം സ്റ്റേഷനിലെത്തിയ എ.ആര്‍ ക്യാംപിലെ പൊലീസുകാരെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാജ്കുമാറിനും തനിക്കും അതിക്രൂരമായ പീഡനമാണ് പൊലീസുകാരില്‍ നിന്നുണ്ടായതെന്ന് നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസിലെ രണ്ടാം പ്രതി ഹരിത ഫിനാന്‍സ് ഉടമയായ ശാലിനി വെളിപ്പെടുത്തിയിരുന്നു.

ഒമ്പത് പൊലീസുകാരാണ് മര്‍ദ്ദിച്ചതെന്നും പൊലീസുകാരുടേത് കൊല്ലാന്‍ വേണ്ടിത്തന്നെയുള്ള പീഡനമായിരുന്നെന്നും ശാലിനി പറഞ്ഞിരുന്നു. ഈ പൊലീസുകാരെ കണ്ടാല്‍ തിരിച്ചറിയുമെന്നും ശാലിനി പറഞ്ഞിരുന്നു.

രാജ്കുമാര്‍ ആണ് പീരുമേട് ജയിലില്‍ റിമാന്‍ഡിലായതിനു പിന്നാലെ മരണപ്പെട്ടത്. സംഭവം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.