നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍
Kerala News
നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th August 2018, 10:27 am

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായി. സര്‍വീസുകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.

കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കയറിയതോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍ഡിങ് നിര്‍ത്തിവെച്ചിരുന്നു. പെരിയാറില്‍ നിന്ന് വിമാനത്താവളത്തില്‍ അവസാനിക്കുന്ന ചെങ്ങല്‍ തോട് നിറഞ്ഞുകവിഞ്ഞതിന് പിന്നാലെയായിരുന്നു ലാന്റിങ് നിര്‍ത്തിവെച്ചത്.

റണ്‍വേയിലേക്ക് വെള്ളം കയറുമെന്ന് ഏറെക്കുറെ ഉറപ്പായതോടെയാണ് ലാന്‍ഡിങ്ങ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. കൂടുതല്‍ വെള്ളം കയറിയാല്‍ ഇവിടെനിന്ന് ടേക്ക് ഓഫ് ചെയ്യുന്ന വിമാനങ്ങളെയും ബാധിക്കും. വിമാനത്താവളത്തില്‍ നടക്കുന്ന ഹജ്ജ് ക്യാംപിനെയും ഇത് ബാധിച്ചേക്കും.


മുഖ്യമന്ത്രിയ്ക്ക് ഇടുക്കിയില്‍ ഇറങ്ങാനായില്ല; വയനാട്ടിലേക്ക് തിരിച്ചു


വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 2013ല്‍ വിമാനത്താവളം അടച്ചിട്ടിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് ഇടമലയാര്‍ ഡാം തുറന്നുവിട്ട സാഹചര്യത്തില്‍ സമീപത്തെ ചെങ്ങല്‍ തോട് നിറഞ്ഞുകവിഞ്ഞതോടെയാണ് അന്ന് വിമാനത്താവളം അടച്ചുപൂട്ടിയത്.

ചെങ്ങല്‍ കനാലിന്റെ ആഴം കൂട്ടിയും ബണ്ടുകള്‍ സ്ഥാപിച്ചും വിമാനത്താവളത്തെ വെള്ളപ്പൊക്കഭീഷണിയില്‍ നിന്നും സംരക്ഷിക്കാന്‍ നടപടികളെടുത്തിരുന്നു. എന്നിരുന്നാലും ഇടമലയാര്‍ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നതിനാലും ഇടുക്കി ഡാം തുറക്കാന്‍ സാധ്യതയുള്ളതിനാലും ഭീഷണി തള്ളിക്കളയാനാകില്ലെന്നാണ് സിയാല്‍ അധികൃതര്‍ പറയുന്നത്.

അതേസമയം സ്വാതന്ത്ര്യദിനാഘോഷങ്ങളോട് അനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനലുകളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശപ്രകാരം ഇന്നു മുതല്‍ 20 വരെയാണു നിയന്ത്രണം. യാത്രക്കാര്‍ക്കു കര്‍ശന സുരക്ഷാ പരിശോധനകളുമുണ്ടാകും.