| Tuesday, 23rd May 2017, 10:18 am

കാര്‍ഗോ കയറ്റിറക്കു തൊഴിലാളികളുടെ രണ്ടു പതിറ്റാണ്ടിന്റെ ആവശ്യം അംഗീകരിച്ച് പിണറായി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ കയറ്റിറക്കു തൊഴിലാളികളുടെ രണ്ട് പതിറ്റാണ്ട് നീണ്ട ആവശ്യം അംഗീകരിച്ച് പിണറായി സര്‍ക്കാര്‍.

കാര്‍ഗോ വിഭാഗത്തിലെ താത്ക്കാലിക തൊഴിലാളികളായ 123 പേരെ മുഴുവന്‍ ആനുകൂല്യത്തോടെ സ്ഥിരപ്പെടുത്താന്‍ തൊഴില്‍ വകുപ്പ് ഉത്തരവിട്ടു.

1999-2000 കാലഘട്ടത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിനായി ഭൂമി വിട്ടുകൊടുത്ത കുടുംബത്തിലെ ഒരംഗത്തിന് ജോലി നല്‍കുമെന്ന് കൊച്ചി വിമാനത്താവള കമ്പനി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ മുഴുവന്‍ പേര്‍ക്കും സിയാല്‍ അധികൃതര്‍ സ്ഥിരം ജോലി നല്‍കിയില്ല.


Dont Miss പിണറായി വിജയന്‍ അധികാരത്തിലെത്തിയശേഷം കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് ധൈര്യം വന്നു; സ്വാമിക്ക് കിട്ടിയ ശിക്ഷ തെളിവെന്ന് കോടിയേരി 


ഇതേ തുടര്‍ന്ന് താത്കാലിക തൊഴിലാളികളുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചു.

തൊഴിലാളി തൊഴിലുടമ ബന്ധം കമ്പനിയും തൊഴിലാളികളും തമ്മില്‍ ഇല്ല എന്നായിരുന്നു സിയാലിന്റെ വാദം. എന്നാല്‍ കേരള ചുമട്ട് തൊഴിലാളി നിയമം സെക്ഷന്‍ 2 (എച്ച്) പ്രകാരം തൊഴിലാളികളുടെ ഉടമ സിയാല്‍ തന്നെയാണ് എന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ തീരുമാനം.

രണ്ട് ബാച്ചായി രാപ്പകലില്ലാതെ വിമാനത്താവളത്തില്‍ കാര്‍ഗോ കയറ്റിറക്ക് ജോലി ചെയ്തിരുന്ന 123 തൊഴിലാളികളെ മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കി സ്ഥിരപ്പെടുത്താനാണ് സര്‍ക്കാര്‍ ഉത്തരവ്. ഉത്തരവ് മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേര്‍ത്ത് സര്‍ക്കാര്‍ നടപടി കൈക്കൊള്ളാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

We use cookies to give you the best possible experience. Learn more