നെടുമങ്ങാട്: ഭവന വായ്പയില്‍ കുടിശിക വരുത്തിയെന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനി അടക്കമുള്ള കുടുംബത്തെ ഇറക്കിവിട്ട എസ്.ബി.ഐയുടെ ജപ്തി നടപടി.
നെടുമങ്ങാട് പനവൂര്‍ പഞ്ചായത്തിലെ കുളപ്പാറ കുന്നുംപുറത്ത് ബാലുവിന്റെ വീടാണ് ഇന്നലെ ഉച്ചയോടെ ജപ്തി ചെയ്തത്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു ജപ്തി ചെയ്തതായി കാണിച്ച് നെടുമങ്ങാട് വെഞ്ഞാറമൂട് ശാഖയിലെ ഉദ്യോഗസ്ഥര്‍ വീട്ടില്‍ നോട്ടീസ് പതിപ്പിച്ചത്.
2016 ല്‍ വീട് നിര്‍മാണത്തിനായി ബാലു രണ്ട് ലക്ഷം രൂപ എസ്.ബി.ഐ. വെഞ്ഞാറമ്മൂട് ശാഖയില്‍ നിന്നും വായ്പ എടുത്തിരുന്നു. കൃത്യമായി തിരിച്ചടച്ചുകൊണ്ടിരിക്കെ ബാലുവിന് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുകയും അതോടെ തിരിച്ചടവ് മുടങ്ങുകയുമായിരുന്നു.
കുടുംബം പുലര്‍ത്താന്‍ ബീന ജോലിക്ക് പോയിത്തുടങ്ങി. രണ്ട് മക്കളുടെ പഠനചിലവുകൂടി വന്നതോടെ ലോണ്‍ അടക്കാന്‍ കഴിയാതെയായി.
ഇതിനിടെ തന്നെ സ്വര്‍ണവും മറ്റും വിറ്റ് കുറച്ച് പണം കുടുംബം അടച്ചിരുന്നു. എന്നാല്‍ കുടിശിക വന്നതോടെ ജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ടു പോകുകയായിരുന്നു. തിരുവനന്തപുരം സി.ജെ.എം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജപ്തി നടപടികളെന്നാണ് എസ്.ബി.ഐ വിശദീകരിച്ചത്. ജപ്തി ചെയ്യുകയല്ലാതെ മാര്‍ഗമില്ലെന്നായിരുന്നു എസ്.ബി.ഐയുടെ വിശദീകരണം. എന്നാല്‍ കുടുംബം ആവശ്യപ്പെട്ട മൂന്ന് മാസ കാലാവധി പോലും അനുവദിക്കാതെ ജപ്തിനടപടിക്ക് തയ്യാറായ ബാങ്കിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.
വീട്ടില്‍ നിന്ന് ഇറക്കി വിട്ടതോടെ ഇന്നലെ രാത്രി മുഴുവന്‍ വീടിന്റെ മുറ്റത്ത് കഴിയുകയായിരുന്നു പതിനൊന്ന് വയസുകാരിയും കുടുംബവും. വീട്ടിലെ സാധനങ്ങള്‍ എടുത്തുമാറ്റാനുള്ള സാവകാശം പോലും ബാങ്ക് നല്‍യില്ലെന്നും തിരിച്ചടവിന് മൂന്ന് മാസം കൂടി നല്‍കണമെന്ന ആവശ്യം പോലും ബാങ്ക് പരിഗണിച്ചില്ലയെന്നുമാണ് വീട്ടുകാരി ബീന പറഞ്ഞത്.
‘ഒരു ലക്ഷം രൂപ ഇതുവരെ അടച്ചുകഴിഞ്ഞിട്ടുണ്ട്. രണ്ട് ലക്ഷത്തി എണ്‍പതിനായിരം രൂപയുടെ കുടിശിക ഉണ്ടെന്നാണ് പറഞ്ഞത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് ജപ്തി ചെയ്തത്. എന്നെ ഫോണ്‍ വിളിച്ച് അറിയിച്ച പ്രകാരം ഞാനും ഭര്‍ത്താവും വരികയാണ് ചെയ്തത്.
വന്നപ്പോള്‍ ഞങ്ങളുടെ സാധനം പോലും വീട്ടില്‍ നിന്ന് എടുക്കാനുള്ള സാവകാശം തന്നില്ല. നോട്ടീസ് ലഭിച്ച ഉടനെ വക്കീല്‍ ഓഫീസില്‍ പോയിരുന്നു. മൂന്ന് മാസത്തേക്ക് അവരോട് കാലാവധി ചോദിച്ചു. മൂന്നു മാസത്തിനകം ഞങ്ങള്‍ അടച്ചോളാമെന്നും പറഞ്ഞു. പറ്റില്ലെന്നും 7ാം തിയതിക്കുള്ളില്‍ ഒന്നര ലക്ഷം രൂപ അടച്ചാല്‍ ജപ്തി ഒഴിവാക്കിത്തരാമെന്നുമാണ് പറഞ്ഞത്.
17 ാം തിയതി എന്ന് പറയുമ്പോള്‍ ഓണത്തിന്റെ അവധി കഴിഞ്ഞുവന്ന ദിവസമാണ്. 16 ാം തിയതി മാത്രമാണ് വര്‍ക്കിങ് ഡേ ആയത്. ആ ഒരു ദിവസം കൊണ്ട് നമ്മളെ കൊണ്ട് എന്തായാലും പറ്റില്ല. ഒരു ദിവസം കൊണ്ട് എന്നല്ല ഒരു മാസം കൊണ്ടോ ഒന്നരലക്ഷം അടക്കാനുള്ള കഴിവ് ഞങ്ങള്‍ക്കില്ല. മൂന്ന് മാസത്തെ കാലാവധിയാണ് ചോദിച്ചത്. എന്നാല്‍ അവധി തരില്ലെന്നും ജപ്തി ചെയ്യുമെന്ന് തന്നെ പറഞ്ഞു. ഇന്നലെ രാവിലെ രണ്ട് മൂന്ന് തവണയായി ഞങ്ങള്‍ മാനേജരെ വിളിച്ചു. ജപ്തി ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും പറ്റില്ലെന്നായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്. അതിന് ശേഷം അവര്‍ വന്ന് നടപടി എടുക്കുകയാണ് ചെയ്തത്. – അവര്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്നലെ വീടുവിട്ട് വന്ന കുട്ടികള്‍ ഉള്‍പ്പെടെ മാറിയുടുക്കാന്‍ ഒരു വസ്ത്രം പോലും ഇല്ലാതെ വീടിന് പുറത്ത് കഴിയുകയാണ്. ഇന്നലെ രാത്രി മുഴുവന്‍ ഇവര്‍ വീടിന് പുറത്ത് നില്‍ക്കുകയായിരുന്നു. പാചകം ചെയ്ത ആഹാരം പോലും വീട്ടില്‍ നിന്ന് എടുക്കാനായില്ല. പുസ്തകവും വസ്ത്രങ്ങളും വീടിനുള്ളിലായതോടെ യൂണിഫോം പോലം മാറ്റാന്‍ പോലും പതിനൊന്നുകാരി വേണിയ്ക്ക് ആയില്ല. 2014 ലാണ് പഞ്ചായത്ത് നല്‍കിയ സ്ഥലത്ത് ഇവര്‍ വീടു വെച്ചത്.
വിദ്യാര്‍ത്ഥിനി അടക്കമുള്ളവരെ ഇറക്കി വിട്ട ബാങ്ക് നടപടിക്കെതിരെ എം.എല്‍.എ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടിരുന്നെന്നും ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഡി.കെ മുരളി എം.എ.എ പറഞ്ഞു.
‘ ഞാന്‍ മാനേജരുമായി ബന്ധപ്പെട്ടിരുന്നു. ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാമെന്ന് അവര്‍ സമ്മതിച്ചിട്ടില്ല. നിയമപരമായിട്ടാണ് ജപ്തി നടത്തിയതെന്നാണ് അവര്‍ പറയുന്നത്. റീജ്യണല്‍ മാനേജര്‍ മേലധികാരികളുമായി സംസാരിച്ച് തീരുമാനിക്കാമെന്നാണ് പറഞ്ഞത്. മുന്‍പ് നോട്ടീസ് ലഭിച്ചപ്പോള്‍ കുടുംബം എന്നെ സമീപിച്ചിരുന്നു. ഞാന്‍ ബാങ്കുമായി ബന്ധപ്പെടുകയും കാലാവധി നല്‍കണമെന്ന് ആവശ്യപ്പെടുകയും കുടുംബം കുറച്ച് തുക അത് പ്രകാരം അടക്കുകയും ചെയ്തിരുന്നു. ഇപ്പോഴുണ്ടായ ഈ നടപടി ഞങ്ങള്‍ അറഞ്ഞിരുന്നില്ല. വീട്ടുകാര്‍ ഇല്ലാതിരുന്ന സമയത്താണ് ജപ്തി നടത്തിയത്. ഇവരെ സഹായിക്കാനായി ചില സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. നിയമപരമായി തന്നെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കും. – അദ്ദേഹം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കേരളത്തില്‍ എസ്.ബി.ഐ അടക്കമുള്ള ദേശസാല്‍കൃത ബാങ്കുകള്‍ ആളുകള്‍ക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയും നടപടി ക്രമങ്ങള്‍ ചെയ്യാതെയും പീഡിപ്പിക്കുകയാണെന്നും ശബരിനാഥ് എം.എല്‍.എ പ്രതികരിച്ചു.
സിനിമയിലൊക്കെ കാണുന്നതുപോലെയുള്ള സംഭവമാണ് ഇത്. ബ്ലേഡ് കമ്പനിക്കാര്‍ ചെയ്യുന്ന പോലെ ഒരു ദേശസാല്‍കൃത ബാങ്ക് പ്രവര്‍ത്തിക്കുന്നത് ശരിയല്ല. ഇതില്‍ ശരിയായ നടപടി ക്രമങ്ങള്‍ സ്വീകരിക്കണം. രാഷ്ട്രീയക്കാര്‍ കുടുംബത്തിനൊപ്പമുണ്ട്. ജപ്തി ഒഴിവാക്കി എന്ത് നടപടി എടുക്കാന്‍ കഴിയുമെന്ന് നോക്കണം. എങ്ങനെയെങ്കിലും ലാഭമുണ്ടാക്കണമെന്ന ഒരു നിര്‍ദേശം കേന്ദ്രത്തില്‍ നിന്നും ബാങ്കുകള്‍ ലഭിച്ചതുകൊണ്ടാണ് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാതെ ഇത്തരത്തിലുള്ള നടപടികള്‍ ദേശസാത്കൃത ബാങ്കുകള്‍ കൈക്കൊള്ളുന്നത്. – ശബരീനാഥ് എം.എല്‍.എ പറഞ്ഞു.
സ്റ്റേറ്റ് ബാങ്ക് ജനങ്ങളുടെ ബാങ്കാണ്. ജനങ്ങളുടെ ആവശ്യം കേള്‍ക്കേണ്ട ബാങ്ക് സാധാരണക്കാരെ പിഴിയുന്നത് ഭൂഷണമല്ല. നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
നെടുമങ്ങാട് മാത്രമല്ല കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ ജപ്തി നടപടികള്‍ നേരിടുകയാണെന്നും ജപ്തി നടപടികള്‍ക്ക് മൊറോട്ടോറിയം പ്രഖ്യാപിച്ചുവെന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും അതൊന്നും നടപ്പിലാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
സാധാരണക്കാരനേയും പാവപ്പെട്ടവരേയും ബാങ്കുകാര്‍ പറ്റിച്ചുകൊണ്ടിരിക്കുകയാണ്. മൊറോട്ടോറിയം പ്രഖ്യാപിച്ചു എന്ന് മനസിലാക്കാത്ത ബാങ്കുകാര്‍ ആണോ ഇവിടെ ഉള്ളത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലുടനീളം ബാങ്കുകള്‍ വായ്പ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ജപ്തി നോട്ടീസ് അയക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം 2 ലക്ഷം രൂപയെങ്കിലും അടച്ചാല്‍ പ്രമാണം തിരികെ നല്‍കാമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ടെന്നും ചില സന്നദ്ധ സംഘടനകള്‍ ബാങ്കില്‍ തുക അടച്ചിട്ടുണ്ടെന്നാണ് അറിഞ്ഞതെന്നും ബാലു പ്രതികരിച്ചു. ‘ ബാങ്കില്‍ നിന്ന് വിളിച്ചിരുന്നു. തുക ആരെല്ലാമോ ചേര്‍ന്ന് അടച്ചിട്ടുണ്ടെന്നാണ് പറഞ്ഞത്. ഒപ്പിട്ട് നല്‍കിയാല്‍ പ്രമാണം തിരികെ തരാമെന്ന് പറഞ്ഞ് ബാങ്കില്‍ നിന്ന് വിളിച്ചിട്ടുണ്ട്- ബാലു പറഞ്ഞു.
നേരത്തെയും നെടുമങ്ങാട് ബാങ്ക് വായ്പയെ തുടര്‍ന്ന് ജപ്തി ഭീഷണി നേരിട്ട കുടുംബം ആത്മഹത്യ ചെയ്തിരുന്നു. വീട്ടുകാരിയും മകളുമായിരുന്നു അന്ന് തീകൊളുത്തി ആത്മഹത്യ ചെയ്തത്.
ഇതിന് പിന്നാലെ ചേര്‍ന്ന എസ്.എല്‍.ബി.സി യോഗത്തില്‍ ജപ്തി ചെയ്യുന്നതിന് മുന്‍പ് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നും ഏറ്റവും അവസാന ഘട്ടത്തില്‍ മാത്രമായിരിക്കണം ജപ്തിയ്ക്കായി കോടതി നടപടിയിലേക്ക് പോകേണ്ടതെന്നും മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ആര്‍.ബി.ഐയുടെ കര്‍ശന നിരീക്ഷണം ഉണ്ടാകുമെന്നും തിരിച്ചടവില്ലാത്തപക്ഷം കോടതി ഇടപെട്ടാല്‍ ജപ്തി ഒഴിവാക്കാനാവില്ലെന്നുമായിരുന്നു അന്ന് ബാങ്ക് പ്രതിനിധികള്‍ അറിയിച്ചത്.