നേപ്പാളിനെ തകര്‍ത്ത് ലോകകപ്പില്‍ ഓറഞ്ച് കൊടുങ്കാറ്റ്
Sports News
നേപ്പാളിനെ തകര്‍ത്ത് ലോകകപ്പില്‍ ഓറഞ്ച് കൊടുങ്കാറ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th June 2024, 8:23 am

ഇന്നലെ ടി-20 ലോകകപ്പില്‍ നടന്ന മത്സരത്തില്‍ നേപ്പാളിനെതിരെ നെതര്‍ലാന്‍ഡിന് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ഗ്രാന്‍ഡ് പ്രൈറി സ്റ്റേഡിയത്തില്‍ ടോസ് നേടിയ നെതര്‍ലാന്‍ഡ് ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 19.2 ഓവറില്‍ 106 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഓറഞ്ച് പട 18.4 ഓവറില്‍ 109 റണ്‍സ് നേടി തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി.

നെതര്‍ലാന്‍ഡ്‌സിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവച്ചത് മാക്‌സ് ഒഡൗഡ് ആണ്. 48 പന്തില്‍ നിന്ന് ഒരു സിക്‌സറും നാല് ഫോറും അടക്കം 54 റണ്‍സ് ആണ് താരം നേടിയത്. വിക്രംജിത് സിങ് 28 പന്തില്‍ 22 റണ്‍സ് നേടി മികച്ച സംഭാവനയും ടീമിന് നല്‍കി. നേപ്പാളിന്റെ സോപാല്‍ കമി, ദീപേന്ദ്ര സിങ് ഐറി, അഭിനാഷ് ബോഹ്‌റ എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത നേപ്പാളിന് തുടക്കത്തിലെ ബാറ്റിങ് തകര്‍ച്ച തന്നെയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് പൗഡല്‍ നേടിയ 35 റണ്‍സിന്റെ ബലത്തില്‍ ആയിരുന്നു ടീം സ്‌കോര്‍ ഉയര്‍ത്തിയത്. ടേല്‍ എന്‍ഡില്‍ കരണ്‍ കെ.സി 17 റണ്‍സും ഗുല്‍സണ്‍ ജാ 14 റണ്‍സും നേടി. മറ്റാര്‍ക്കും തന്നെ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

ഓറഞ്ച് ആര്‍മിയുടെ കിടിലന്‍ ബൗളിങ്ങിലാണ് നേപ്പാള്‍ തകര്‍ന്നത്. ടിം പ്രിങ്കിള്‍ നാലോവറില്‍ 20 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ 3.2 ഓവറില്‍ 18 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകള്‍ ആണ് ലോഗന്‍ വാന്‍ ബീക് നേടിയത്. പോള്‍ വാന്‍ മീകെരന്‍, ബാസ് ലീഡാ എന്നിവര്‍ രണ്ട് വിക്കറ്റുകളും നേടി. അഞ്ച് എക്കണോമിയില്‍ പന്തിറിഞ്ഞ ടിം പ്രിങ്കിള്‍ തന്നെയാണ് കളിയിലെ താരം.

 

Content Highlight: Nederlands Won Against Nepal In 2024 T20 World Cup