| Wednesday, 17th July 2024, 12:51 pm

ചതിച്ചതാ... കൂട്ടുകാരന്‍ എന്നെ ചതിച്ചതാ, അതും ഫൈനലില്‍; വല്ലാത്തൊരു പുറത്താകലില്‍ നീറി ലിയോനാര്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

സെക്കന്റ് ഇലവന്‍ ട്വന്റി-20 ഫൈനലില്‍ സോമര്‍സെറ്റ് സൂപ്പര്‍ താരം നെഡ് ലിയോനാര്‍ഡിന്റെ പുറത്താകലാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. അതിവിചിത്രമായ രീതിയിലാണ് താരം പുറത്തായത്.

യോര്‍ക്‌ഷെയര്‍ പേസര്‍ ബെന്‍ ക്ലിഫ് എറിഞ്ഞ ഫുള്‍ ലെങ്ത് ഡെലിവെറി നെഡ് ലിയോനാര്‍ഡ് സ്‌ട്രെയ്റ്റ് ഡ്രൈവിന് ശ്രമിച്ചു. എന്നാല്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ സഹതാരത്തിന് മേല്‍ തട്ടി ഡിഫ്‌ളക്ട് ചെയ്യുകയായിരുന്നു. ഫലമോ ബൗളര്‍ക്ക് സിംപിള്‍ ക്യാച്ച് നല്‍കി ലിയോനാര്‍ഡ് പുറത്തായി. സില്‍വര്‍ ഡക്കായാണ് താരം മടങ്ങിയത്.

സംഭവിത്തിന്റെ വീഡിയോ യോര്‍ക്‌ഷെയര്‍ വൈക്കിങ്‌സ് തങ്ങളുടെ എക്‌സ് അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, മത്സരത്തില്‍ സോമര്‍സെറ്റ് വിജയിച്ചിരുന്നു. സര്‍ പോള്‍ ഗെറ്റിസ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 66 റണ്‍സിനാണ് സോമര്‍സെറ്റ് വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ സോമര്‍സെറ്റ് ബാറ്റിങ് തെരഞ്ഞെടുത്തു. ഓപ്പണര്‍ ജെ.എഫ്. തോമസിന്റെ അര്‍ധ സെഞ്ച്വറിയുടെയും എഫ്.ജെ. ഹില്ലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെയും കരുത്തില്‍ സോമര്‍സെറ്റ് നിശ്ചിത ഓവറില്‍ 191 റണ്‍സ് നേടി.

തോമസ് 27 പന്തില്‍ 57 റണ്‍സ് നേടി. നാല് ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 25 പന്തില്‍ 35 റണ്‍സാണ് ഹില്‍ നേടിയത്. ഇതിന് പുറമെ 17 പന്തില്‍ 27 റണ്‍സ് നേടിയ ജെയിംസ് റ്യൂവും 13 പന്തില്‍ 21 റണ്‍സ് നേടിയ ആന്‍ഡ്രൂ ഉമീദും സ്‌കോറിങ്ങില്‍ തുണയായി.

യോര്‍ക്‌ഷെയറിനായി ജോര്‍ജ് ഹില്‍ ഫോര്‍ഫര്‍ നേടി. ബെന്‍ ക്ലിഫ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഡി.ജെ. ലീച്ച് രണ്ട് വിക്കറ്റും നേടി. ഡി.എം. ബെസ്സാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ യോര്‍ക്‌ഷെയറിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. ഓപ്പണര്‍ എഫ്.ജെ. ബീന്‍ സില്‍വര്‍ ഡക്കായി മടങ്ങി.

വില്‍ ലക്‌സ്ടണ്‍ (25 പന്തില്‍ 35), യാഷ് വഗാഡിയ (15 പന്തില്‍ 27), ജോര്‍ജ് ഹില്‍ (19 പന്തില്‍ 22) എന്നിവര്‍ പൊരുതിയെങ്കിലും മറ്റുള്ളവര്‍ക്ക് കാര്യമായ ചെറുത്തുനില്‍പ് നടത്താന്‍ സാധിക്കാതെ പോയതോടെ ടീം 125ന് പുറത്തായി.

ബാറ്റിങ്ങില്‍ വിചിത്രമായ രീതിയില്‍ പുറത്തായെങ്കിലും ബൗളിങ്ങില്‍ ലിയോനാര്‍ഡ് തകര്‍ത്തെറിഞ്ഞു. 3.5 ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് താരം നേടിയത്. ആല്‍ഫി ഒഗ്‌ബ്രോണ്‍, കെ.എല്‍. ഓള്‍ഡ്രിഡ്ജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ജെ.എഫ് തോമസ് ശേഷിക്കുന്ന വിക്കറ്റും നേടി.

Content highlight: Ned Leonard’s bizarre dismissal in Second Eleven T20 Final

Latest Stories

We use cookies to give you the best possible experience. Learn more