ന്യൂദല്‍ഹി: ഏവരുടെ ഹൃദയം തകര്‍ത്ത ഒരു ചിത്രമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത്. തോട്ടിപ്പണിക്കിടെ കയര്‍പൊട്ടി 20 അടി താഴ്ചയുള്ള കുഴിയില്‍ വീണ് മരണപ്പെട്ട അച്ഛന്റെ മൃതദേഹത്തിനരികില്‍ മുട്ടുകുത്തിയിരുന്ന് മുഖം പൊത്തി കരയുന്ന ആ പിഞ്ചുകുഞ്ഞിന്റെ മുഖം. ഏവരുടേയും കണ്ണുനിറയ്ക്കുന്നതായിരുന്നു ആ ചിത്രം.
അച്ഛന്റെ മൃതദേഹം സംസ്‌ക്കരിക്കാന്‍ പണമില്ലാതെ മോര്‍ച്ചറിക്ക് മുന്നില്‍ കിടത്തിയ വേളയിലായിരുന്നു കുഞ്ഞ് അച്ഛന്റെ മുഖത്തെ പുതപ്പുമാറ്റി ആ മുഖം നോക്കി പൊട്ടിക്കരഞ്ഞത്.
അച്ഛന്റെ മൃതദേഹത്തിനരികെ നിസ്സഹായനായി വിങ്ങിപ്പൊട്ടുന്ന ആ പിഞ്ചുബാലന്റെ മുഖം ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മാധ്യമപ്രവര്‍ത്തകനായ ശിവ് സണ്ണിയാണ് പകര്‍ത്തിയത്.
തോട്ടിപ്പണിക്കിടെ അപകടത്തില്‍ പരിക്കേറ്റ് മരണപ്പെട്ടയാളുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ പോലും കുടുംബത്തിന്റെ കയ്യില്‍ പണമില്ലെന്ന് പറഞ്ഞ് ചിത്രമുള്‍പ്പെടെ അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
11 വയസുകാരനായ ആ കുട്ടിയുടെ കരച്ചില്‍ തന്റെ ഹൃദയം തകര്‍ത്തുകളഞ്ഞെന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. മോര്‍ച്ചറിക്ക് മുന്നില്‍ കിടത്തിയിരിക്കുന്ന അച്ഛന്റെ മുഖത്ത് നിന്നും പുതപ്പുമാറ്റി അവന്‍ പൊട്ടിക്കരയുകയാണ്. അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌ക്കരിക്കാനുള്ള പണം പോലും ആ കുടുംബത്തിന്റെ കൈയിലില്ലെന്നും അദ്ദേഹം കുറിച്ചു.
“”ഞാനൊരു ക്രൈം റിപ്പോര്‍ട്ടറാണ്. നിരവധി ദുരന്തങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു കാഴ്ച്ചയായിരുന്നു അത്. മൃതദേഹം ദഹിപ്പിക്കാന്‍ പോലും പണമില്ലാത്ത കുടുംബമാണ് അനിലിന്റേത്. തോട്ടിപ്പണിക്കാരുടെ മരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു എന്റെ ഉദ്ദേശം. എന്നാല്‍ ആ ചിത്രം ആ കുടുംബത്തിന്റെ കഷ്ടതകള്‍ പറയുന്നതാണ്. ശവസംസ്‌കാരത്തിന് പണമില്ലാത്തതിനാല്‍ അയല്‍ക്കാരാണ് അതിനുളള പണം നല്‍കിയത്””. ശിവ് ട്വിറ്റില്‍ കുറിച്ചു. 7000 ത്തില്‍ അധികം തവണയാണ് ഈ ചിത്രം ട്വിറ്ററില്‍ റീ ട്വീറ്റ് ചെയ്യപ്പെട്ടത്.
വാര്‍ത്തയും ചിത്രവും ട്വിറ്ററില്‍ വൈറലായതോടെ സഹായാസ്തവുമായി ആയിരക്കണക്കിന് സുമനസുകള്‍ എത്തി. പണം എവിടെ നിക്ഷേപിക്കണമെന്ന് മാത്രമായിരുന്നു ഏവര്‍ക്കും അറിയേണ്ടത്. തുടര്‍ന്ന് അനിലിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൂടി പ്രസിദ്ധപ്പെടുത്തിയതോടെ ഒരു ദിവസം കൊണ്ട് മാത്രം 32 ലക്ഷം രൂപ ആ അക്കൗണ്ടില്‍ എത്തി.
കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടയില്‍ കയറ് പൊട്ടി താഴ്ച്ചയിലേക്ക് വീണാണ് 27 കാരനായ അനില്‍ എന്ന യുവാവ് മരണപ്പെടുന്നത്. ഒരാഴ്ച്ച മുമ്പാണ് ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ അനിലിന്റെ നാല് മാസം പ്രായമായ മകന്‍ ന്യൂമോണിയ ബാധിച്ച് മരിച്ചത്.
ഏഴും മൂന്നും വയസുളള രണ്ട് കുട്ടികള്‍ കൂടി അനിലിനുണ്ട്. സണ്ണിയുടെ ട്വീറ്റിനെത്തുടര്‍ന്ന് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും കുടുംബത്തിന് വേണ്ടി ധനസമാഹരണം തുടങ്ങി. ഉദയ് ഫൗണ്ടേഷന്റെ കീഴില്‍ നടന്ന ധനസമാരണത്തില്‍ ഒരു രാത്രി കൊണ്ട് 24 ലക്ഷം രൂപ സമാഹരിച്ചു. അടുത്ത മണിക്കൂറുകള്‍ക്കുള്ളില്‍ 10 ലക്ഷം രൂപയും അവര്‍ സമാഹരിച്ചു. 2000 പേരില്‍ നിന്നും 50 ലക്ഷത്തോളം രൂപയാണ് സമാഹരിച്ചത്.
ബോളിവുഡ് താരങ്ങള്‍ പോലും സഹായം വാഗ്ദാനം ചെയ്ത് തന്നെ ബന്ധപ്പെട്ടതായി സണ്ണി പറഞ്ഞു. കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ പലരും ചോദിച്ചതോടെ സണ്ണി വീണ്ടും അവരുടെ വീട്ടിലെത്തി കുട്ടിയോട് സംസാരിച്ചു.
“”അച്ഛന്റെ കൂടെ ഞാനും ചിലപ്പോഴൊക്കെ പോവാറുണ്ട്, അച്ഛന്‍ പണി എടുക്കുമ്പോള്‍ വസ്ത്രവും ചെരുപ്പും ആരും കൊണ്ടുപോവാതിരിക്കാന്‍ ഞാന്‍ കാവല്‍ നില്‍ക്കും””. കുട്ടി പറഞ്ഞതായി സണ്ണി വ്യക്തമാക്കുന്നു. ഈ മാസം മാത്രം ഇത് രണ്ടാമത്തെ തോട്ടിപ്പണിക്കാരനാണ് ദല്‍ഹിയില്‍ മരണപ്പെടുന്നത്. ജോലിക്കിടെ യാതൊരു സുരക്ഷാ സംവിധാനവും അനിലിന് അധികൃതര്‍ ഒരുക്കിക്കൊടുത്തില്ലെന്ന് പൊലീസ് പറഞ്ഞു.