വയനാട്: കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ കീഴില്‍ കേരളത്തില്‍ നടത്തിയ സാക്ഷരതാ പരീക്ഷയില്‍ വയനാട്ടിലെ ആദിവാസികളില്‍ പരീക്ഷയെഴുതി പാസായത് 2,993 പേര്‍. സംസ്ഥാനത്തിന്റെ സാക്ഷരതാ നിരക്കില്‍ വലിയ മുന്നേറ്റം കുറിച്ചിരിക്കുകയാണ് സംസ്ഥാന സാക്ഷരതാ മിഷന്‍. സമഗ്രമായ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടത്തിവരികയാണ് ഇവര്‍.
മാനന്തവാടിയിലെ പടച്ചിക്കുന്ന് കോളനിയിലെ 85 വയസുള്ള കെമ്പിയാണ് കേരളത്തില്‍ രണ്ടാംഘട്ട സാക്ഷരതാ പരീക്ഷയെഴുതിയ ഏറ്റവും പ്രായം കൂടിയ വ്യക്തി. 18 വയസുള്ള ശാന്തയാണ് മുപ്പൈനാടു ഗ്രാമ പഞ്ചായത്തിലെ പ്രായം കുറഞ്ഞ സാക്ഷരതക്കാരി.
വയനാട് സാക്ഷരതാ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 2,993 ആദിവാസികളാണ് വയനാട്ടിലെ പ്രത്യേക ആദിവാസി സാക്ഷരതാ പദ്ധതി പ്രകാരം വിജയിച്ചത്. 2017 മാര്‍ച്ചിലാണ് ഇതിന്റെ ആദ്യ ഘട്ടം ആരംഭിച്ചത്. 2018 ഫെബ്രുവരിയില്‍ രണ്ടാം ഘട്ടവും ആരംഭിച്ചു. ആദ്യഘട്ടവും രണ്ടാം ഘട്ടവും ചേര്‍ന്ന് വരുമ്പോള്‍ 7302 പേര്‍ ഇതുവരെ വയനാട് ജില്ലയില്‍ സാക്ഷരത നേടി.
3,090 പേരാണ് വയനാട്ടില്‍ രണ്ടാം ഘട്ട പരീക്ഷയെഴുതിയത്. 98.9 ശതമാനം പേരും വിജയിച്ച പരീക്ഷയില്‍ ഭൂരിഭാഗവും വനിതകളാണ്. 812 പേര്‍ വിജയിച്ച കല്‍പ്പറ്റ ബ്ലോക്കാണ് മുന്നില്‍. 26 പ്രാദേശിക കേന്ദ്രങ്ങളിലെ 200 കോളനികളിലായി കഴിഞ്ഞ ഫെബ്രുവരിയിലാണ് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കോളനിയില്‍ നടത്തിയ സര്‍വേയില്‍ 5,342 നിരക്ഷരരെ കണ്ടെത്തി. അതില്‍ 3,133 സ്ത്രീകളും 2,209 പുരുഷന്‍മാരും ഉണ്ടായിരുന്നു.
ഇതില്‍ 2,993 പേര്‍ 15നും 50നും ഇടയില്‍ പ്രായമുള്ളവരാണ്. 2,349 പേര്‍ 50 വയസിനു മുകളിലുള്ളവരാണെന്ന് കേരള സംസ്ഥാന സാക്ഷരത മിഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
വയനാട് ജില്ലയിലെ മൊത്തം ആദിവാസി ഊരുകളുടെ എണ്ണം എന്നു പറയുന്നത് 2163 ആണ്. അതായത് മുഴുവന്‍ കോളനികളിലുമായി സമഗ്രമായി സര്‍വേ നടത്തുകയും അതിന് ശേഷം മൂന്നാംഘട്ട പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യും. ഒക്ടോബര്‍ 20നുള്ളിലാണ് സര്‍വേ പൂര്‍ത്തീകരിക്കുക.
അതായത് വയനാട് ജില്ലയില്‍ അവശേഷിക്കുന്ന അവസാനത്തെ നിരക്ഷരനെയും ആ സര്‍വേയിലൂടെ കണ്ടെത്തുക എന്നതാണ് സാക്ഷരതാ മിഷന്റെ ലക്ഷ്യം. ഇവര്‍ക്ക് സാക്ഷരതാ ക്ലാസ്സുകള്‍ കൊടുത്ത് 2020 മെയ് ആവുന്നതോടു കൂടി സമ്പൂര്‍ണ സാക്ഷര ജില്ലയായി വയനാടിനെ പ്രഖ്യാപിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
മലയാളം തന്നെയാണ് ഇവരുടെ പാഠ്യപദ്ധതി. അതായത് ക്ലാസ്സുകളിലൂടെ ഇവര്‍ക്ക് എഴുതാനും വായിക്കാനുമുള്ള ഒരു സാഹചര്യം ഉണ്ടാക്കി കൊടുക്കുക, അത്യാവശ്യം കണക്കു കൂട്ടാനും അവരെ പഠിപ്പിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ‘നമ്മളും നമുക്ക് ചുറ്റും’ എന്ന രീതിയില്‍ സാമൂഹ്യമായി ഒരു അറിവ് പകരാന്‍ വേണ്ടി ഉള്‍പ്പെടുത്തുന്ന വിവരങ്ങള്‍ അടങ്ങിയതാണ് സാക്ഷരതാ പാഠാവലി.
നിരവധി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആളുകള്‍ക്കിടയിലാണ് സാക്ഷരതാ പ്രവര്‍ത്തനം നടത്തുന്നതെങ്കിലും ഓരോ മേഖലയിലും അവരുടേതായ സാഹചര്യങ്ങള്‍ വെച്ചാണ് പാഠ്യപദ്ധതി തയ്യാറാക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതായത് തീരദേശ മേഖലയിലെ ആളുകള്‍ക്കിടയിലെ സാക്ഷരതാ പദ്ധതിയ്ക്ക് ‘അക്ഷര സാഗരം’ എന്നാണ് പേരിട്ടിരിക്കുന്നത്. അതില്‍ അവര്‍ക്ക് നല്‍കുന്ന സാമൂഹ്യ അറിവ് എന്നു പറയുന്നത് പ്രധാനമായും കടലിനെ സംബന്ധിച്ചായിരിക്കും. അക്ഷര സാഗരം പദ്ധതിയുടെ മൂന്നാം ഘട്ടം ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ആദ്യ ഘട്ടം തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് എന്നിവിടങ്ങളിലാണ്. രണ്ടാം ഘട്ടം കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലായിരുന്നു. മൂന്നാം ഘട്ടം ഇപ്പോള്‍ ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകളിലായാണ് നടക്കുന്നത്.
ആദിവാസികളെ പഠിപ്പിക്കാന്‍ അവരുടെ ഇടയില്‍ നിന്നുതന്നെയുള്ള അധ്യാപകര്‍ വരുന്നു എന്നുള്ളതാണ് ഇതില്‍ പ്രധാനപ്പെട്ട മറ്റൊരു കാര്യം.
മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായ ഒരു നവീന പ്രവര്‍ത്തനമായിത് മാറുമെന്ന് കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അധികൃതര്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഓരോ ആദിവാസി വിഭാഗവും അവരുടേതായ ഗോത്ര ഭാഷയാണ് സംസാരിക്കുക. ഓരോ ഊരുകളില്‍ നിന്നും ആ ഭാഷ സംസാരിക്കുന്നവരെയായാണ് ഇവരെ പഠിപ്പിക്കുന്നതിനായി തെരഞ്ഞെടുക്കുന്നത്. ഇവരുമായി സംവദിക്കാന്‍ എളുപ്പമുള്ള മാര്‍ഗം അതായി മാറുകയും ചെയ്യും. അവിടെയുള്ള പത്താംക്ലാസ് ജയിച്ച അതാത് വിഭാഗത്തിലെ കുട്ടികളെയായിരിക്കും അവിടുത്തെ അധ്യാപകരായി നിയമിക്കുക. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ആദിവാസികളെ പഠിപ്പിക്കാന്‍ ആദിവാസികള്‍ എന്ന രീതി വരികയാണ് ഇതുവഴി ചെയ്യുന്നത്. അത്തരമൊരു ആശയം വന്നതോടു കൂടി ഇത് കുറച്ചു കൂടി ജനകീയമാവാനും വിജയകരമായി മുന്നേറാനും തുടങ്ങി’. കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ പബ്ലിക് റിലേഷന്‍ ഓഫിസര്‍ പ്രദീപ് കുമാര്‍ ഡൂള്‍ ന്യൂസിനോടു പറഞ്ഞു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കിടയിലെ നിരക്ഷരത ഇല്ലാതാക്കുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ സാക്ഷരതാ മിഷന്‍ ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഏറ്റവും പിന്നോക്ക ആദിവാസി ഗോത്ര വിഭാഗങ്ങളിലൊന്നായ അട്ടപ്പാടിയെ അടുത്ത വര്‍ഷം രാജ്യത്തെ ആദ്യത്തെ മുഴുവന്‍ സാക്ഷര ഗോത്രവിഭാഗമായി പ്രഖ്യാപിക്കുവാനുള്ള ശ്രമങ്ങള്‍ ഇതിന്റെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്.
2016 ഡിസംബറിലാണ് അട്ടപ്പാടിയില്‍ ആദ്യഘട്ടം ആരംഭിച്ചത്. അട്ടപ്പാടിയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പ് ഒരു സര്‍വേ നടത്തിയിരുന്നു. 192 ഊരുകളാണ് അട്ടപ്പാടിയിലുള്ളത്. അട്ടപ്പാടി ബ്ലോക്കില്‍ 5300 ലേറെ പേരെ നിരക്ഷരരായി കണ്ടെത്തി. അവിടെ രണ്ടു ഘട്ടങ്ങളിലായി 3600 ലേറെ പേരെ സാക്ഷരരാക്കി. ശേഷിക്കുന്ന 1500 നിടയ്ക്കുള്ള ആദിവാസികളാണ് ഇനി സാക്ഷരത നേടാനുള്ളത്. അതിന്റെ പ്രവര്‍ത്തനവും നടന്നു കൊണ്ടിരിക്കുകയാണ്. അടുത്ത ഏപ്രില്‍ ഒന്നോടു കൂടി അട്ടപ്പാടിയെ സമ്പൂര്‍ണ സാക്ഷരത നേടുന്ന ആദിവാസി വിഭാഗമായി മാറ്റാനുള്ള പദ്ധതിയിലാണ്.
യുനസ്‌കോയുടെ മാനദണ്ഡമനുസരിച്ച് ഒരു ജില്ലയോ ഒരു പഞ്ചായത്തോ ഒരു സംസ്ഥാനമോ 90 ശതമാനമോ അതിനു മുകളിലോ സാക്ഷരത നേടിക്കഴിഞ്ഞാല്‍ അവിടെ സമ്പൂര്‍ണ സാക്ഷരതാ പ്രദേശമായി പ്രഖ്യാപിക്കാം എന്നാണ്.
മുമ്പത്തേതിനപേക്ഷിച്ച് ആളുകളുടെ ക്ലാസ്സുകളില്‍നിന്നുള്ള കൊഴിഞ്ഞു പോക്കിന്റെ അളവ് കുറഞ്ഞിട്ടുണ്ടെന്നതും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നതിന്റെ ശുഭ സൂചനയാണ്.
‘ആളുകള്‍ അനുകൂല നിലപാടാണ് ഇതിനോട് ഇപ്പോള്‍ പുലര്‍ത്തിപ്പോരുന്നത്. മദ്യപാന ശീലമൊക്കെ കൂടുതലായിരുന്നു ആദിവാസി ഊരുകളില്‍. എന്നാല്‍ അതൊക്കെ ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. നല്ല നിലയ്ക്ക് ക്ലാസുകളൊക്കെ പോകുന്നുണ്ട്. മുതിര്‍ന്നവര്‍ ഈ അവസ്ഥയിലേക്കെത്തുമ്പോള്‍ അവര്‍ കുട്ടികളെയും സ്‌കൂളിലേക്ക് വിടാനുള്ള ഒരു സ്ഥിതിയുണ്ടാകും.’ പ്രദീപ് കുമാര്‍ പറഞ്ഞു.
ആദിവാസി മേഖലകളിലെ വിദ്യാഭ്യാസ പരമായ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാന്‍ വേണ്ടി സാക്ഷരതാ മിഷന്‍ മൂന്നു പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഒന്ന് വയനാട് ആദിവാസി പദ്ധതി. രണ്ട് അട്ടപ്പാടി സാക്ഷരതാ പദ്ധതി, മൂന്ന് കേരളത്തിലൊട്ടാകെ നടപ്പാക്കുന്ന, ട്രൈബല്‍ വകുപ്പ് വിദ്യാഭ്യാസ പരമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്നു എന്ന് കണ്ടെത്തിയ 100 ഊരുകളിലായി നടത്തുന്ന സമഗ്ര സാക്ഷരതാ പദ്ധതി. കോട്ടയം ആലപ്പുഴ ജില്ലകളെ ഒഴിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന പദ്ധതിയാണിത്.
ഇങ്ങനെ ക്ലാസുകളിലിരുത്തി പരീക്ഷകളില്‍ പരാജയപ്പെട്ടു പോകുന്നവര്‍ക്ക് വീണ്ടും ക്ലാസുകള്‍ കൊടുത്ത് അവരെ പരീക്ഷയ്ക്കിരുത്തുകയാണ് ചെയ്യുക. കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ഇത്രയും വലിയൊരു വിജയം സാക്ഷരതാ സമിതിയ്ക്ക് നേടാനായതെന്നും പ്രദീപ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.