ബെംഗളൂരു: കര്‍ണാടകയില്‍ കൂടുതല്‍ കുട്ടികളില്‍ കൊവിഡ് രോഗം പിടിപെടുന്നതായി കണക്കുകള്‍. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ബെംഗളുരുവില്‍ മാത്രം ഏകദേശം 242 കുട്ടികള്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
ചൊവ്വാഴ്ച്ച കര്‍ണാടകയില്‍ 1338 പുതിയ കേസുകളും 31 മരണവും സ്ഥിരീകരിച്ചു. കൊവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്ന തരത്തില്‍ നേരത്തെ വിലയിരുത്തലുണ്ടായിരുന്നു.
കര്‍ണാടകയില്‍ മൂന്നാം തരംഗം തുടങ്ങി എന്ന സൂചനകളും ലഭിക്കുന്നുണ്ട്. കണക്കുകള്‍ പ്രകാരം ഒന്‍പത് വയസില്‍ താഴെയുള്ള 106 കുട്ടികളും ഒന്‍പതിനും പത്തൊന്‍പതിനും ഇടയില്‍ പ്രായമുള്ള 136 കുട്ടികളും കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ കൊവിഡ് ബാധിതരായി. വരും ദിവസങ്ങളില്‍ കുട്ടികളില്‍ കൊവിഡ് ബാധ ഉയര്‍ന്നേക്കാമെന്ന് ആരോഗ്യ വകുപ്പ് ആശങ്ക പ്രകടിപ്പിച്ചു.
‘കേസുകള്‍ മൂന്നിരട്ടിയായി ഉയരാന്‍ സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമാകും. കുട്ടികള്‍ വീടിനകത്ത് തന്നെ ഇരിക്കുന്നുണ്ടെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. കുട്ടികള്‍ക്ക് പ്രതിരോധ ശേഷി കുറവാണെന്നും ഓര്‍ക്കണം’ ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
നിലവില്‍ കര്‍ണാടകയില്‍ വാരാന്ത്യ, രാത്രികാല നിയന്ത്രണങ്ങള്‍ ഉണ്ട്. അതിര്‍ത്തികളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാണ്.
കഴിഞ്ഞ ഒരു മാസം കര്‍ണാടകയില്‍ ഓരോ ദിവസവും ഏതാണ്ട് 1500 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം വാക്സിന്‍ ലഭ്യത മാസം തോറും 65 ലക്ഷത്തില്‍ നിന്നും ഒരു കോടിയാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.