ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ കലാപം നടത്താനായി പുറത്തുനിന്ന് ആളുകളെ എത്തിച്ചതായി ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാന്‍.
കലാപത്തിലും ഗൂഡാലോചനയിലും ഇവര്‍ക്ക് പങ്കുണ്ടെന്നും അക്രമം നടക്കുന്നതിന് ഒരു ദിവസം മുന്‍പ് 1500 മുതല്‍ 2000 വരെയുള്ള ആളുകളെ പുറത്തുനിന്ന് എത്തിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹിയിലെ കലാപ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷം ‘ദി വയറിനോട്’ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടുകളും വ്യാപാര സ്ഥാപനങ്ങളഉം ആക്രമിക്കുന്നതിന് മുന്നോടിയായി ഇവരെ സമീപപ്രദേശത്തെ സ്‌കൂളുകളിലും മറ്റുമായാണ് താമസിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
”ഇത് ആസൂത്രിതമായ അക്രമമാണ് എന്നാണ് ഞങ്ങളുടെ നിഗമനം. ആക്രമണം നടത്താനായി ആളുകളെ പുറത്തുനിന്നു കൊണ്ടുവന്നിട്ടുണ്ട്. എവിടെ നിന്നുള്ളവരെയാണ് ദല്‍ഹിയില്‍ എത്തിച്ചതെന്ന് പൊലീസും രഹസ്യാന്വേഷണ വിഭാഗവും കണ്ടെത്തണം. മാസ്‌കുകളും ഹെല്‍മെറ്റുകളും ധരിച്ച് അക്രമത്തില്‍ ഏര്‍പ്പെട്ടവരുടെ ഫോട്ടോകള്‍ ഡി.സി.എം സംഘത്തിന് ലഭിച്ചിട്ടുണ്ട്”, അദ്ദേഹം പറഞ്ഞു.
”ഏകദേശം 1,500 മുതല്‍ 2,000 വരെ ആളുകള്‍ ഈ പ്രദേശങ്ങളില്‍ അക്രമമുണ്ടാക്കാനായി എത്തിയിട്ടുണ്ടെന്നാണ് ഞങ്ങളുടെ നിഗമനം. ആക്രമണം തുടങ്ങുന്നതിനും ഒരു ദിവസം മുന്‍പാണ് ഇവരെ ഇവിടെ എത്തിച്ചത്. ചില സ്‌കൂളുകളിലാണ് ഇവരെ താമസിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട ഞങ്ങളുടെ പ്രധാന വസ്തുതാ റിപ്പോര്‍ട്ട് പിന്നീട് പുറത്തുവിടും. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഞങ്ങള്‍ ദല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. അതേദിവസം തന്നെ പൊലീസ് വിവിധിയടങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
ഫെബ്രുവരി 24, 25 തീയതികളില്‍ അതായത് അക്രമത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ പൊലീസ് സാന്നിധ്യം കുറവായിരുന്നു. നിരവധി ആളുകളെ രക്ഷിച്ചുവെന്നാണ് പൊലീസിന്റെ അവകാശവാദം. എന്നാല്‍ അവര്‍ ആരേയും രക്ഷിച്ചിട്ടില്ല. ആരുടേയും ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കിയിട്ടില്ല. മറിച്ച് ആളുകളെ ചുട്ടുകൊല്ലാന്‍ അനുവദിക്കുകയായിരുന്നു. കലാപകാരികളെ വീടുകള്‍ തകര്‍ക്കാനും സ്‌ഫോടനം നടത്താനും സഹായിക്കുകയായിരുന്നു. ഇതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്”, അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസത്തിന് ശേഷം മാത്രമാണ് പൊലീസ് സജീവമായത്. ഫെബ്രുവരി 26 ന് അക്രമത്തിന് അറുതി വന്നു. അതിന് അടുത്ത ദിവസം അക്രമം പൂര്‍ണമായും അവസാനിച്ചു. കലാപ ബാധിതര്‍ക്ക് വേണ്ട ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നുണ്ടെന്നും മറിച്ചുള്ള പരാതികള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ദുരിത ബാധിത പ്രദേശങ്ങളൊക്കെ ഇപ്പോള്‍ ആളൊഴിഞ്ഞ നിലയിലാണ്. അക്രമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കോളനികളില്‍ നിന്നല്ലൊം ആളുകള്‍ പലായനം ചെയ്തു കഴിഞ്ഞു. പലരും ബന്ധുവീടുകളിലും മറ്റുമാണ് ഇപ്പോള്‍ കഴിയുന്നത്. മറ്റുചിലര്‍ സര്‍ക്കാര്‍ ഒരുക്കിയ ക്യാമ്പുകളിലും മറ്റും കഴിയുകയാണ്.
ഇവിടെയുള്ളവര്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ലഭിക്കുണ്ട്. പക്ഷേ അവര്‍ക്ക് വേണ്ടത് ഇത് മാത്രമല്ല. ജീവിതം പുനര്‍നിര്‍മിക്കാന്‍ ആവശ്യമായ സാമ്പത്തിക സഹായമാണ്. നിരവധി ആളുകള്‍ക്ക് അവരുടെ കടകളും ബിസിനസുകളും നഷ്ടപ്പെട്ടു. അവ പുനര്‍ നിര്‍മിക്കേണ്ടതുണ്ട്.
സര്‍ക്കാര്‍ നിലവില്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം പര്യാപ്തമല്ല. ദുരിതബാധിതര്‍ക്ക് അവരുടെ ജീവിതം പഴിയ നിലയില്‍ എത്തിക്കാന്‍ കഴിയുന്ന തരത്തില്‍ തുക വര്‍ദ്ധിപ്പിക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
മിക്ക ആളുകളെയും അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയെ കുറിച്ചുള്ള ചോദ്യത്തിന്
”ആരും അവരെ തടയുന്നില്ലെന്നും പക്ഷേ മിക്ക വീടുകളും തകര്‍ന്നതോ കത്തിയ നിലയിലോ ആണെന്നും കയ്യില്‍ പണമില്ലാതെ അവര്‍ അവിടെ ചെന്നിട്ട് എന്താണ് പ്രയോജനം”, എന്നുമായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി.
പല വീടുകളും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മതിലുകളും മേല്‍ക്കൂരകളും തകര്‍ന്നിരിക്കുന്ന വീടുകളുമാണ് അധികവും. കേടുപാടുകള്‍ സംഭവിക്കാത്ത വളരെ കുറച്ച് വീടുകള്‍ മാത്രമേ ഉള്ളൂ.
ആളുകള്‍ക്ക് സുരക്ഷിതത്വം അനുഭവപ്പെട്ടാല്‍ മാത്രമേ അവിടേക്ക് മടങ്ങിവരാവൂ എന്നാണ് തോന്നുന്നത്. വീട് അറ്റകുറ്റപ്പണി നടത്താനുള്ള സാമ്പത്തിക സഹായമാണ് എത്രയും പെട്ടെന്ന് ലഭ്യമാക്കേണ്ടത്, അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ