ന്യൂദൽഹി: കേന്ദ്രസർക്കാർ വിദ്യാർത്ഥികൾക്കായി നടത്തുന്ന പരിപാടി ‘പരീക്ഷാ പേ ചർച്ച’ക്ക് ചെലവഴിക്കുന്നത് കോടികൾ. പരീക്ഷ പേ ചർച്ച എന്ന വാർഷിക പരിപാടിയുടെ ചെലവ് ആറ് വർഷത്തിനിടെ 165 ശതമാനം ഉയർന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. കോൺഗ്രസ് നേതാവ് കനയ്യ കുമാർ കൊടുത്ത വിവരാവകാശത്തിനുള്ള മറുപടിയിലാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കിയത്.
2018ലെ പരിപാടിയുടെ ആദ്യ ഭാഗത്തിന് 3.67 കോടിയും 2023ൽ 10.04 കോടിയും സർക്കാർ ചെലവഴിച്ചതായാണ് കണക്കുകൾ.
2019-ൽ 4.93 കോടി രൂപ, 2020-ൽ 5.69 കോടി, 2021-ൽ 6 കോടി, 2022-ൽ 8.61 കോടി എന്നിങ്ങനെയാണ് ഓരോ വർഷവും കേന്ദ്ര സർക്കാർ ഈ പദ്ധതിക്കായി ചെലവഴിച്ചത്.
2024 ലെ കണക്കുകൾ ആവശ്യപെട്ടിരുന്നുവെങ്കിലും 2024 ജനുവരിയിൽ ആരംഭിച്ച പരിപാടി ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് അറിയിച്ചു. ദൽഹിയിലെ പ്രകൃതി മൈദാനിലെ ഭാരത് മണ്ഡപത്തിൽ വെച്ചായിരുന്നു പരീക്ഷ പേ ചർച്ചയുടെ ഏഴാം ഭാഗം നടന്നത്.
2018 ഫെബ്രുവരി 16-ന് സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളുമായുള്ള പരിപാടിയുടെ ആദ്യ ഭാഗം നടന്നത്. പരീക്ഷ പേ ചർച്ചയുടെ ആറാം പതിപ്പ് 2023 ജനുവരി 27 ന് ദൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ വെച്ചാണ് നടന്നത്. കുറഞ്ഞത് 38 ലക്ഷം വിദ്യാർത്ഥികളാണ് ഇവൻ്റിന് രജിസ്റ്റർ ചെയ്തത്.
ഓരോ വർഷവും പരിപാടിയുടെ മൊത്തം നടത്തിപ്പിനായി കോടികണക്കിന് രൂപയാണ് കേന്ദ്രം ചെലവഴിക്കുന്നത്. പരീക്ഷകളിലെ ക്രമക്കേടുകളും പരീക്ഷ നടത്തിപ്പിലെ അപാകതയും വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കുമ്പോഴാണ് ഇത്തരമൊരു പരിപാടിക്ക് കേന്ദ്രം കോടികൾ ചെലവഴിക്കുന്നത്.
ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിന് പകരം വിദ്യാർത്ഥികളുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അവസാനിപ്പിക്കാനുള്ള അടിയന്തിര നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടതെന്ന് കനയ്യ കുമാർ ആവശ്യപ്പെട്ടു. പരീക്ഷ പേ ചർച്ച വിദ്യാർത്ഥികളുടെ സമയം പാഴാക്കുന്നുണ്ടെന്ന് രക്ഷിതാക്കളും ആരോപിച്ചു.
2021-ൽ പരിപാടിയുടെ ഇവൻ്റ് മാനേജ്‌മെൻ്റ് ചെലവുകൾക്കായി 3.12 കോടി രൂപയാണ് വക മാറ്റിയത്. അതിൽ 36 സിനിമകളുടെ നിർമ്മാണത്തിന് 2.18 കോടി രൂപയും പരസ്യത്തിന് 66 ലക്ഷം രൂപയും വീഡിയോ കോൺഫറൻസിങ്ങിനായി 10.5 ലക്ഷം രൂപയും ചെലവഴിച്ചു. എക്സാം വാരിയേഴ്സ് എന്ന പുസ്തകം വാങ്ങുന്നതിന് 3.5 ലക്ഷം രൂപയും ബൾക്ക് എസ്.എം.എസ് അയക്കുന്നതിന് 2.45 ലക്ഷം രൂപയുമാണ് ചെലവാക്കിയത്.
ചോദ്യ പേപ്പർ ചോർന്നതിനെ കുറിച്ചും പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകളെ കുറിച്ചും വിദ്യാർത്ഥികളോട് സംസാരിക്കാതെ ഒഴിഞ്ഞ് മാറുകയാണ് പ്രധാനമന്ത്രി. യഥാർത്ഥത്തിൽ വിദ്യാർത്ഥികളോട് സംസാരിക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ട പ്രധാന കാര്യമെന്നും ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അദ്ദേഹം തയ്യാറാകണമെന്നും കനയ്യ പറഞ്ഞു.
പരീക്ഷാ പേ ചർച്ച എന്നതിനേക്കാൾ ‘ പേപ്പർ ലീക്ക് പേ ചർച്ച ‘ ചെയ്യണമെന്നാണ് ഈ രാജ്യത്തെ വിദ്യാർത്ഥികളും യുവാക്കളും ശരിക്കും ആഗ്രഹിക്കുന്നതെന്നും കനയ്യ കൂട്ടിച്ചേർത്തു.
Content Highlight: Nearly 175 pc jump in PM Modi’s Pariksha Pe Charcha spend, RTI query reveals