|

നീ വയസ്സാകുമ്പോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


കവിത |  വില്യം ബട്ട്‌ലര്‍ യെറ്റ്‌സ്

മൊഴിമാറ്റം | സ്വാതി ജോര്‍ജ്

വര | മജ്‌നി


പ്രായമേറി, നരയേറി, നിദ്രയിലാഴ്‌ന്നെന്നും,
നെരിപ്പോടിന്നരികെ നീയുറക്കം തൂങ്ങുമ്പോഴെടുക്കുകീപ്പുസ്തകം,
പതിയെ വായിക്കുക, സ്വപ്നം കാണുകയൊരിക്കല്‍ നിന്‍
മിഴികള്‍ അണിഞ്ഞ മൃദുഭാവങ്ങള്‍, ആഴങ്ങളിലണിഞ്ഞ നിഴലുകള്‍;

എത്രപേര്‍ സ്‌നേഹിച്ചു നിന്‍ ഹര്‍ഷശോഭതന്‍ നിമിഷങ്ങളെന്ന്,
ആകട്ടെ കപടമാകട്ടെ സത്യം എത്രപേര്‍ പ്രണയിച്ചു നിന്‍ കാന്തിയെന്ന്,
എന്നാല്‍ സ്‌നേഹിച്ചു ഒരുവന്‍ നിന്നിലെ തീര്‍ത്ഥാടകയാമാത്മാവിനെ,
നിന്‍ മാറുന്ന മുഖത്തിന്‍ ദുഃഖച്ഛവികളെ;

തിളങ്ങുന്ന ജനലഴികള്‍ക്കരികെ കുമ്പിട്ട് ഇത്തിരിശോകത്താല്‍
പതിയെ മന്ത്രിക്കുക, എങ്ങനെ കടന്നുപോയ് പ്രണയമെന്നും,
എങ്ങനെ പോയവന്‍ മേലേക്കുന്നിനും മീതേ ചുവടുവച്ചിട്ടെങ്ങനെ
യൊളിപ്പിച്ചൊരു നക്ഷത്രക്കൂട്ടത്തിലവന്മുഖമെന്നും.


William-Butler-Yeats
വില്യം ബട്ട്‌ലര്‍ യെറ്റ്‌സ്

ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ഐറിഷ് സാഹിത്യകാരന്‍മാരില്‍ ഒരാളായിരുന്നു വില്യം ബട്‌ലര്‍ യീറ്റ്‌സ്. ഐറിഷ് സാഹിത്യത്തിന്റെയും ബ്രിട്ടിഷ് സാഹിത്യത്തിന്റെയും നെടുംതൂണായി ഇദ്ദേഹത്തെ കണക്കാക്കുന്നു. ഐറിഷ് സെനറ്റര്‍ ആയും രണ്ടുതവണ സേവനമനുഷ്ടിച്ചിട്ടുണ്ട്. അയര്‍ലന്റിലെ സാന്റിമൗണ്ടില്‍ 1865 ലാണ് യീറ്റ്‌സിന്റെ ജനനം. നിരവധി നാടകങ്ങളും പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. സാഹിത്യത്തില്‍ നോബേല്‍ സമ്മാനവും ഇദ്ദേഹത്തിനു ലഭിച്ചു. 1939 ല്‍ ഫ്രാന്‍സിലെ മെന്റണിലാണ് അന്ത്യം.


സ്വാതി ജോര്‍ജ്

ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശി. Bahrain panorama contracting and engineering services പദ്ധതി ആസൂത്രണ സാങ്കേതിക വിദഗ്ദ്ധന്‍. സോഷ്യല്‍ മീഡിയ രംഗത്ത് സജീവം. നിരവധി കവിതകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.


മജ്‌നി തിരുവങ്ങൂര്‍

കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ സ്വദേശി. ജെ.ഡി.ടി ഇസ്‌ലാം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗം ചരിത്രാധ്യാപിക. ഡൂള്‍ ന്യൂസില്‍ ചിത്രകാരി. നിരവധി ആനുകാലികങ്ങളില്‍ വരക്കുന്നു.

Video Stories