കോഴിക്കോട്: താൻ കെ.എൽ.എഫ് വേദിയിൽ പറഞ്ഞത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത് എന്ന് എം.ടി തന്നോട് പറഞ്ഞതായി എഴുത്തുകാരൻ എൻ.ഇ. സുധീർ.
എം.ടി വിമർശിക്കണമെന്നല്ല ഉദ്ദേശിച്ചതെന്നും ചില യാഥാർത്ഥ്യങ്ങൾ പറയണമെന്ന് അദ്ദേഹത്തിന് തോന്നിയെന്നും പ്രസംഗത്തിന് ശേഷം തന്നോട് പറഞ്ഞതായി സുധീർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ ദിവസം കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കെ എം.ടി നടത്തിയ പ്രസംഗം വലിയ ചർച്ചയാവുകയാണ്.
ആൾക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള സമൂഹമാക്കി മാറ്റിയെടുക്കാനുള്ള അവസരം മാത്രമാണ് അധികാരം എന്ന് വിശ്വസിച്ച ഇ.എം.എസ് നേതൃത്വ പൂജകളിൽ ഉണ്ടായിരുന്നില്ലെന്നും അധികാരത്തിലുള്ളവർ ഇത് ഉൾക്കൊണ്ടു പ്രവർത്തിക്കാൻ തയ്യാറാകുമെന്ന് പ്രത്യാശിക്കുന്നതായും എം.ടി പറഞ്ഞിരുന്നു.
ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം എന്നും മന്ത്രിസഭയിലെ സ്ഥാനം ഇന്ന് ആധിപത്യത്തിനുള്ള തുറന്ന അവസരമായി മാറിയിരിക്കുന്നുവെന്നും എം.ടി വേദിയിൽ പറഞ്ഞു.
കെ.എൽ.എഫ് വേദിയിൽ ചിലത് പറയുമെന്നും എല്ലാം വിശദമായി എഴുതി തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും എം.ടി തന്നോട് നേരത്തെ പറഞ്ഞിരുന്നുവെന്നും എന്നാൽ അതിത്രയും കനപ്പെട്ട രാഷ്ട്രീയ വിമർശനമാവുമെന്ന് കരുതിയിരുന്നില്ല എന്നും സുധീർ കുറിപ്പിൽ പറയുന്നു.
മറ്റാര് പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ എടുക്കുമായിരുന്നില്ല എന്നും സുധീർ ചൂണ്ടിക്കാട്ടി.
എൻ.ഇ. സുധീറിന്റെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണ രൂപം
ഇന്നലെ വീട്ടിൽ ചെന്ന് കണ്ടപ്പോൾ നാളെ KLF ഉദ്ഘാടന വേദിയിൽ ചിലത് പറയുമെന്നും എല്ലാം വിശദമായി എഴുതി തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും എം.ടി പറഞ്ഞിരുന്നു. അതിത്രയും കനപ്പെട്ട ഒരു രാഷ്ട്രീയ വിമർശനമാവുമെന്ന് ഞാനും കരുതിയിരുന്നില്ല. ഇന്ന് വൈകീട്ട് കണ്ടപ്പോൾ ഞങ്ങൾ അതെപ്പറ്റി സംസാരിച്ചു.
എംടി എന്നോട് പറഞ്ഞത് ഇതാണ്.
” ഞാൻ വിമർശിക്കുകയായിരുന്നില്ല . ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്. ”
തന്റെ കാലത്തെ രാഷ്ട്രീയയാഥാർത്ഥ്യത്തെ കൃത്യമായി അടയാളപ്പെടുത്തുകയായിരുന്നു
എം.ടി. കാലം അങ്ങയോട് കടപ്പെട്ടിരിക്കുന്നു.
ഇത് മറ്റാരു പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ല.
CONTENT HIGHLIGHT: NE Sydheer says MT aimed to point facts and not criticise