തിരുവനന്തപുരം: ജനജീവിതം ദുസ്സഹമാക്കി കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ ബുധനാഴ്ച്ച മുതല്‍ നിലവില്‍ വരുന്നു. ഇതിന്റെ ഭാഗമായി കേരളത്തില്‍ പെട്രോളിനും ഡീസലിനും ഒരു രൂപ അധികം വര്‍ധിക്കുന്നതും റെയില്‍വെ വഴിയുള്ള ചരക്കകൂലി പത്ത് ശതമാനം വര്‍ധിക്കുന്നതും വന്‍ വലക്കയറ്റത്തിലേക്കാണ് നയിക്കുക.
അതേസമയം ഇരു ചക്ര വാഹനങ്ങള്‍ക്ക് നികുതി കൂട്ടിയതിനാല്‍ പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് കൂടുതല്‍ കാശ് ചെലവാക്കേണ്ടിവരും. മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കും ഇനിമുതല്‍ നികുതി നല്‍കേണ്ടിവരും. അതേസമയം സംസ്ഥാനത്ത് കെ.എസ് ആര്‍.ടി സി ബസ് യാത്രക്ക് അധിക സെസ് ചുമത്തിയതോടെ പതിനഞ്ച് രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് വര്‍ധനവുണ്ടായിട്ടുണ്ട്.
ഇതു കൂടാതെ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍, ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍, സിമന്റ്, സ്റ്റീല്‍, കുപ്പിവെള്ളം ,കോള പാനീയങ്ങള്‍, മൊബൈല്‍ഫോണ്‍ തുടങ്ങി നിരവധി സാധനങ്ങള്‍ക്കാണ് ഇന്ന് മുതല്‍ വില വര്‍ധനവുണ്ടാവുക. ഇത്തരത്തിലുള്ള ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇനിയുള്ള സാമ്പത്തിക വര്‍ഷം സാധാരണക്കാരന്റെ ജീവിതം എറെ പ്രയാസം നിറഞ്ഞതാകും.