ന്യൂദല്‍ഹി: ബി.ജെ.പിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് എന്‍.ഡി.ടി.വി വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്യാനുള്ള ചാനല്‍ തീരുമാനത്തില്‍ വിയോജനക്കുറിപ്പുമായി എന്‍.ഡി.ടി.വി മാനേജിങ് എഡിറ്റര്‍ ശ്രീനിവാസന്‍ ജെയ്ന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
ജയ് ഷായുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടു നീക്കം ചെയ്യാനുള്ള എന്‍.ഡി.ടി.വി തീരുമാനം “അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്” എന്ന് അദ്ദേഹം പറഞ്ഞു. തന്റെ നിലപാട് എന്‍.ഡി.ടി.വിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
” “നിയപരമായ സൂക്ഷ്മപരിശോധന” യ്ക്കായി ഇത് നീക്കം ചെയ്യുന്നുണ്ടെന്ന് എന്‍.ഡി.ടി.വിയുടെ അഭിഭാഷകര്‍ പറഞ്ഞു. ഇതുവരെ അത് പുനപ്രസിദ്ധീകരിച്ചിട്ടില്ല. റിപ്പോര്‍ട്ട് പൊതുവിവര പ്രകാരമുള്ള വസ്തുതകള്‍ അടിസ്ഥാനമാക്കിയുള്ളതും അനാവശ്യമായ കൂട്ടിച്ചേര്‍ക്കുലകളോ വസ്തുതാവിരുദ്ധമായ കാര്യങ്ങളോ ഇല്ലാത്തതുമാണ് എന്നതിനാല്‍ ഇത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. എന്നെ സംബന്ധിച്ച് ഇത് ഏറെ അസ്വസ്ഥത സൃഷ്ടിക്കുന്ന നിലപാടുമാറ്റമാണ്. ഞാന്‍ ഇതുവരെ ചെയ്തുകൊണ്ടിരുന്ന ജേണലിസവുമായി എന്‍.ഡി.ടി.വിയില്‍ തുടരാനും തീരുമാനിച്ചിട്ടുണ്ട്. ഇതെല്ലാം എന്‍.ഡി.ടി.വിയെ അറിയിച്ചിട്ടുമുണ്ട്.” അദ്ദേഹം പറഞ്ഞു.
ജയ് ഷായുമായി ബന്ധപ്പെട്ട് “ലോണ്‍സ് ടു ജയ് ഷാ: ക്രോണിസം ഓഫ് ബിസിനസ് ഏസ് യൂഷ്യല്‍?” എന്ന പേരില്‍ ശ്രീനിവാസന്‍ ജെയ്ന്‍ ഒരു പരിപാടി ഒക്ടോബര്‍ ടെലികാസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ റെക്കോര്‍ഡിങ്‌സുകള്‍ എന്‍.ഡി.ടി.വി വെബ്‌സൈറ്റിലും യൂട്യൂബ് ചാനലിലും ലഭ്യമാണ്. എന്നാല്‍ ഒക്ടോബര്‍ 10നു പ്രസിദ്ധീകരിച്ച ഈ ഷോയെ അടിസ്ഥാനമാക്കിയുള്ള ലേഖനം വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.