കേരളത്തെ ചേര്‍ത്ത് പിടിച്ച എന്‍.ഡി ടിവിക്ക് റേറ്റിംഗ് കൊടുത്ത് നന്ദി പറഞ്ഞ് മലയാളികള്‍
Kerala Flood
കേരളത്തെ ചേര്‍ത്ത് പിടിച്ച എന്‍.ഡി ടിവിക്ക് റേറ്റിംഗ് കൊടുത്ത് നന്ദി പറഞ്ഞ് മലയാളികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th August 2018, 7:46 am

കോഴിക്കോട്: പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് കരുതലായി പത്ത് കോടിയിലേറെ രൂപ സ്വരൂപിച്ച് നല്‍കിയ ദേശീയ മാദ്ധ്യമമായ എന്‍.ഡി.ടി.വിക്ക് നന്ദി പറഞ്ഞ് മലയാളികള്‍. ചാനലിന്റെ ഫേസ്ബുക്ക് പേജില്‍ നന്ദി അറിയിച്ചും ആന്‍ഡ്രോയിഡ് പ്ലേസ്റ്റോറില്‍ ഫൈവ് റേറ്റിംഗ് നല്‍കിയുമാണ് മലയാളികള്‍ എന്‍.ഡി ടിവിയോടുള്ള കടപ്പാട് അറിയിക്കുന്നത്.

മലയാളികളെ അതിക്ഷേപിച്ച റിപബ്ലിക്ക് ടിവിയല്ല ഒരാപത്ത് വരുമ്പോള്‍ മലയാളികളെ ചേര്‍ത്ത് പിടിച്ച നിങ്ങളാണ് രാജ്യത്തെ ഏറ്റവും മികച്ച മാധ്യമ സ്ഥാപനമെന്ന് പറഞ്ഞ് കൊണ്ടാണ് എന്‍.ഡി.വിയുടെ ഫേസ്ബുക്ക് പേജിലും പ്ലേസ്റ്റോറിലും #ThankYouNDTV എന്ന ഹാഷ്ടാഗില്‍ നന്ദിയും അഭിനന്ദനവും അറിയിക്കുന്നത്. ഫേസ്ബുക്കിലും ട്വിറ്ററിലും ഇതേ ഹാഷ്ടാഗില്‍ മലയാളികള്‍ എന്‍.ഡി ടിവിക്ക് നന്ദി അറിയിക്കുന്നുണ്ട്.


Read Also : ഇവിടെ വാഴവെട്ടാന്‍ വരണ്ട, ഇത് പറയാന്‍ പാര്‍ട്ടി മെംബര്‍ഷിപ്പ് വേണ്ട; അര്‍ണാബിനോട് അജു വര്‍ഗീസ് വീണ്ടും


 

ഇന്ത്യ ഫോര്‍ കേരള എന്ന ആറര മണിക്കൂര്‍ നീളുന്ന പരിപാടിയിലൂടെയാണ് ചാനല്‍ കേരളത്തിന് വേണ്ടി പണം സ്വരൂപിച്ചത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവരാണ് സംഭാവനകളുമായി രംഗത്തെത്തിയത്.

കേരളം ഒരു പുനര്‍ നിര്‍മാണത്തിന് ഒരുങ്ങുന്ന സാഹചര്യത്തിലാണ് എന്‍.ഡി.ടി.വി ധനശേഖരണാര്‍ത്ഥം പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ചാനലിന്റെ ഔദ്യോഗിക പ്രസ്ഥാവനയില്‍ വ്യക്തമാക്കി. രാഷ്ട്രീയ- സംസ്‌കാരിക- സാമൂഹിക രംഗത്തെ നിരവധി പേരാണ് കേരളത്തിന് വേണ്ടി സംഭവന ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

പരിപാടി വഴിയെത്തുന്ന എല്ലാ സംഭാവനകളും പ്ലാന്‍ ഇന്ത്യ എന്ന എന്‍.ഡി.ടി.വിയുടെ സന്നദ്ധ സംഘടനയിലേക്കായിരിക്കും എത്തുക. ആ തുക കേരളത്തിലെ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച ഗ്രാമങ്ങളെ സഹായിക്കുന്നതിന് വേണ്ടി ഉപയോഗിക്കുമെന്ന് ചാനല്‍ വെളിപ്പെടുത്തി.