ന്യൂദല്‍ഹി: ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ഇത് പരീക്ഷണ കാലഘട്ടമാണെന്ന് എന്‍.ഡി.ടി.വി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ നിധി റസ്ദാന്‍. കത്വ കേസിലെ റിപ്പോര്‍ട്ടിംഗിന് ഇന്റര്‍ നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടി( ഐ.പി.ഐ)ന്റെ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കവേയാണ് റസ്ദാനെയുടെ പ്രതികരണം.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഐ.പി.ഐ പോലെയുള്ള സംഘടനയുടെ ആദരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു.
” ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ഇത് പരീക്ഷണ കാലഘട്ടമാണ്. മാധ്യമപ്രവര്‍ത്തനം ചെയ്യുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തുകയാണ്. വളരെ കുറച്ച് പേര്‍ മാത്രമേ അധികാരശക്തികള്‍ക്ക് നേരെ സംസാരിക്കാന്‍ മുന്നോട്ട് വരുന്നുള്ളൂ എന്നതാണ് സങ്കടകരമായ വസ്തുത. അപ്രിയ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് പകരം ഭരണകൂടം നല്‍കുന്ന വിവരങ്ങള്‍ മാത്രം കൊടുക്കുന്നതുമൊക്കെ ചില ഉദ്ദേശ്യത്തോടെ വാലാട്ടി നില്‍ക്കുന്നവരാണ്. സംഘടിത ആശയങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്ന കാലത്ത് ചോദ്യം ചോദിക്കുന്ന സ്വതന്ത്ര മാധ്യമങ്ങളുടെ സാന്നിധ്യം ആവശ്യമാണ്. അത് സര്‍ക്കാറിനെ കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കും. കേവലം മാധ്യമങ്ങള്‍ക്ക് നേരെ മാത്രമുള്ള അപായ സൂചന അല്ല ഇത്, മറിച്ച് ജനാധിപത്യം നേരിടുന്ന പ്രതിസന്ധിയാണ്. ജനാധിപത്യത്തിന്റെ നാല് തൂണുകളില്‍ ഒന്നാണ് മാധ്യമങ്ങള്‍,” അവര്‍ പറഞ്ഞു.