ന്യൂദല്‍ഹി: കര്‍ണാടകയില്‍ മുഖ്യമന്ത്രി പദത്തിലേക്കെത്താന്‍ ഏറ്റവും ജനപ്രീതിയുള്ളത് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യക്കെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബസവരാജ് ബൊമ്മയാണ് രണ്ടാം സ്ഥാനത്ത്. ലോക്നീതി സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവോലപ്പിങ് സോസൈറ്റീസുമായി സഹകരിച്ചാണ് എന്‍.ഡി.ടി.വി ‘പബ്ലിക് ഒപ്പീനിയനിയന്‍’ സര്‍വെ നടത്തിയത്. മെയ് പത്തിന് നടക്കുന്ന സംസ്ഥാനത്തെ തെരഞ്ഞെടുപ്പിനും വിധിക്കും മുന്നോടിയായി വിവിധ വിഷയങ്ങളില്‍ പൊതുജനത്തിനുള്ള അഭിപ്രായം അറിയാനായാണ് സര്‍വേ നടത്തിയത്.
മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ മുതിര്‍ന്ന വോട്ടര്‍മാര്‍ക്കിടയില്‍ കൂടുതല്‍ ജനപ്രീതി നേടിയിട്ടുണ്ട്. അതേസമയം, ബസവരാജ് ബൊമ്മെ യുവവോട്ടര്‍മാര്‍ക്കിടയില്‍ പ്രിയങ്കരനാണെന്നും സര്‍വെ പറയുന്നു. ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയാണ് മൂന്നാം സ്ഥാനത്തായി നിലയുറപ്പിച്ചിരിക്കുന്നത്. തൊട്ടു പിന്നാലെയാണ് കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറുമുണ്ട്.
നാല് തവണ മുഖ്യമന്ത്രിയായിട്ടും ഒരു പ്രാവശ്യം പോലും കാലാവധി പൂര്‍ത്തിയാക്കാനാകാത്ത ബി.എസ്. യെദ്യൂരപ്പ അഞ്ചാം സ്ഥാനത്തായാണ് ഉളളത്. അഴിമതി ആരോപണങ്ങള്‍ക്കിടയില്‍ 2021ലാണ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റി ബസവരാജ് ബൊമ്മയെ ബി.ജെ.പി മുഖ്യമന്ത്രി ആക്കുന്നത്. ഇപ്രാവശ്യം മത്സരിക്കുന്നില്ലെന്ന് യെദ്യൂരപ്പ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, പാര്‍ട്ടിയുടെ ഉന്നത പദവി വഹിക്കാനില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
കര്‍ണാടക വികസനത്തിനും മതസൗഹാര്‍ദം നിലനിര്‍ത്തുന്നതിലും കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നതായി വ്യക്തമാക്കുന്നതാണ് സര്‍വെ. വൊക്കലിഗ വിഭാഗത്തിന്റെ വോട്ടുകള്‍ കോണ്‍ഗ്രസിനും (34%) ജെ.ഡി.എസിനുമായി(36%) വിഭജിക്കപ്പെടുമ്പോള്‍ ലിംഗായത്ത് വോട്ടുകള്‍ കൂടുതലായും ബി.ജെ.പി നേടുന്നതായും സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്‌ലിം വിഭാഗം(59%) കൂടുതലും കോണ്‍ഗ്രസിന് വോട്ടു ചെയ്യാന്‍ താല്‍പര്യപ്പെടുന്നവര്‍ ആണെന്നും സര്‍വെ പറയുന്നു.
സര്‍വെയില്‍ പങ്കെടുത്ത ഭൂരിപക്ഷം ആളുകളും വോട്ടു ചെയ്യുമ്പോള്‍ (56%) പ്രാധാന്യം നല്‍കുന്നത് രാഷ്ട്രീയ പാര്‍ട്ടിക്കാണ്. 38% ആളുകള്‍ മാത്രമാണ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുന്നത്. 4% ആളുകള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നോക്കി വോട്ടു ചെയ്യുന്നതായാണ് സര്‍വെ.
കോണ്‍ഗ്രസിനെയും ജെ.ഡി.എസിനെയും പിന്തുണയ്ക്കുന്നവര്‍ പാര്‍ട്ടിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരാണ്. ബി.ജെ.പി പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടെന്നും സര്‍വെ വ്യക്തമാക്കുന്നു. ചില കണക്കുകളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ബി.ജെ.പിയേക്കാള്‍ മികച്ച പാര്‍ട്ടിയാണെന്നും സര്‍വെയില്‍ പറയുന്നു. കോണ്‍ഗ്രസിനെക്കാളും (35%) ജെ.ഡി.എസിനെക്കാളും അഴിമതി ബിജെ.പി.യില്‍(59%)ആണെന്ന് സര്‍വെയില്‍ പങ്കടുത്തവര്‍ വ്യക്തമാക്കുന്നു.
Content Highlight: NDTV reports that Congress leader Siddaramaiah is the most popular candidate to become the Chief Minister in Karnataka