കേരളത്തിന് കരുതലുമായി എന്‍.ഡി.ടി.വി; ആറ് മണിക്കൂര്‍ നീളുന്ന ലൈവ് പ്രോഗ്രാം; ഇതുവരെ സമാഹരിച്ചത് 9 കോടിയിലേറെ
Kerala Flood
കേരളത്തിന് കരുതലുമായി എന്‍.ഡി.ടി.വി; ആറ് മണിക്കൂര്‍ നീളുന്ന ലൈവ് പ്രോഗ്രാം; ഇതുവരെ സമാഹരിച്ചത് 9 കോടിയിലേറെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th August 2018, 8:52 pm

മുംബൈ: പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്ന കേരളത്തെ സഹായിക്കുന്നതിന് വേണ്ടി എന്‍.ഡി.ടി.വി സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന പരിപാടിയിലൂടെ ഇത് വരെ സ്വരൂപിക്കാനായത് 9 കോടിയിലേറെ രൂപ.

ഇന്ത്യ ഫോര്‍ കേരള എന്ന ആറ് മണിക്കൂര്‍ നീളുന്ന പ്രത്യേക പരിപാടിയിലൂടെയാണ് എന്‍.ഡി.ടി.വി കേരളത്തിനു വേണ്ടി ധനസമാഹരണം നടത്തുന്നത്.

മൂന്ന് മണിക്ക് ആരംഭിച്ച പരിപാടി നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഒമ്പത് കോടിയിലേറെ സമാഹരിച്ചു കഴിഞ്ഞു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ സംഭാവനകളുമായി രംഗത്തെത്തിയിട്ടുണ്ട്.

ദേശീയമാധ്യമങ്ങളില്‍ നിന്നും കേരളത്തിനുവേണ്ടി ഇത്തരത്തൊരു ധനസമാഹരണം ഇതാദ്യമായാണ് നടക്കുന്നത്.

20,000 കോടിയിലേറെ നഷ്ടം കണക്കാക്കിയിരിക്കുന്ന പ്രളയത്തില്‍ പതിനായിരം കിലോമീറ്ററുകളിലേറെ റോഡുകള്‍ തകര്‍ന്നിരിക്കുകയാണ്. കേരളം ഒരു പുനര്‍നിര്‍മ്മാണത്തിനൊരുങ്ങുന്ന സാഹചര്യത്തിലാണ് എന്‍.ഡി.ടി.വി ധനശേഖരണാര്‍ത്ഥം ടെലിത്തോണ്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ചാനലിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

പരിപാടി വഴിയെത്തുന്ന എല്ലാ സംഭാവനകളും പ്ലാന്‍ ഇന്ത്യ എന്ന എന്‍.ഡി.ടിവിയുടെ സന്നദ്ധ സംഘടനയിലേക്കായിരിക്കും എത്തുക. ആ തുക കേരളത്തിലെ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച ഗ്രാമങ്ങളെ സഹായിക്കുന്നതിന് വേണ്ടി ഉപയോഗിക്കുമെന്ന് ചാനല്‍ വെളിപ്പെടുത്തി.


“മലയാളികളുടെ ഒരുമാസത്തെ ശമ്പളം നല്‍കാനായാല്‍ കേരളത്തിന് കരകയറാനാകും”;ലോകമെങ്ങുമുള്ള മലയാളികളാണ് കേരളത്തിന്റെ കരുത്തെന്ന് മുഖ്യമന്ത്രി


രാഷ്ട്രീയ – സാമൂഹിക – സാംസ്‌ക്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് കേരളത്തിന് വേണ്ടി സംഭാവനകള്‍ നല്‍കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ലൈവ് പ്രോഗ്രാമിലൂടെ ജനങ്ങളെ കാണുന്നത്.

മുംബൈ – ചെന്നൈ പ്രളയക്കാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ കേരളത്തിന് വേണ്ടി സംഭാവനകള്‍ നല്‍കാന്‍ അഭ്യര്‍ത്ഥിച്ചത്.

നിരവധി മലയാളികള്‍ എന്‍ഡിടിവിക്ക് നന്ദിയും അഭിനന്ദനവും അറിയിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.