| Thursday, 27th December 2018, 10:43 am

ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളും മരണപ്പെട്ടിരിക്കാമെന്ന് ദുരന്തനിവാരണ സേന; ; ഖനിക്കുള്ളില്‍ നിന്നും ദുര്‍ഗന്ധം പുറത്തുവരുന്നെന്നും ഉദ്യോഗസ്ഥര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷില്ലോങ്: മേഘാലയയില്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളും മരണപ്പെട്ടിരിക്കാമെന്ന് ദുരന്തനിവാരണ സേന.

പരിശോധനയില്‍ കല്‍ക്കരി ഖനിക്കുള്ളില്‍ നിന്നും ദുര്‍ഗന്ധം പുറത്തുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും തൊഴിലാളികള്‍ മരണപ്പെട്ടിരിക്കാമെന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നതെന്നും ദുരന്തനിവാരണ സേന അറിയിച്ചു.

“” ശുഭ വാര്‍ത്ത നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷ ഇപ്പോഴില്ല. ഖനിക്കുള്ളില്‍ പരിശോധന നടത്തിയപ്പോള്‍ ദുര്‍ഗന്ധം പുറത്തുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തൊഴിലാളികളുടെ മൃതദേഹത്തില്‍ നിന്നും വരുന്ന ദുര്‍ഗന്ധമാണെന്നാണ് വിലയിരുത്തല്‍- ദുരന്തനിവാരണ സേന അസിസ്റ്റന്റ് കമാന്‍ഡര്‍ സന്തോഷ് സിങ് പറഞ്ഞു.

കഴിഞ്ഞ 14 ദിവസത്തെ തിരച്ചിലിനിടെ മൂന്ന് ഹെല്‍മെറ്റുകള്‍ മാത്രമാണ് കണ്ടെടുക്കാനായത്. തൊഴിലാളികള്‍ അകപ്പെട്ടിരിക്കുന്ന സ്ഥലം കണ്ടെത്താന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ലെന്ന് ദുരന്തസേനാ അംഗങ്ങള്‍ പറഞ്ഞിരുന്നു. റേറ്റ് ഹോള്‍ എന്നറിയപ്പെടുന്ന ഇടുങ്ങിയ ടണലിലാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത് എന്നാണ് വിവരം.

പമ്പിങ് നടത്താതെ ഖനിക്കുള്ളിലെ വെള്ളം വറ്റിക്കാന്‍ കഴിയില്ലെന്നും അടിയന്തിരമായി 100 എച്ച്.പിയുടെ പത്ത് പമ്പുകളെങ്കിലും ആവശ്യമായി വരുമെന്നും ദുരന്തനിവാരണ സേന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.


സഭയിലെ ലൈംഗികാരോപണങ്ങളും ക്രമക്കേടുകളും എണ്ണിപ്പറഞ്ഞ് മെത്രാന്‍മാര്‍ക്ക് മുന്‍പില്‍ ഭീമഹരജിയുമായി വിശ്വാസികള്‍


കല്‍ക്കരി ഖനിക്കുള്ളില്‍ എത്ര റേറ്റ് ഹോളുകള്‍ ഉണ്ടെന്ന് അറിയാത്തതും ഇതിന്റെ വലിപ്പം എത്രയെന്ന് മനസിലാക്കാന്‍ കഴിയാത്തതും അതിന്റെ ആഴം അളക്കാന്‍ കഴിയാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും സിങ് പറഞ്ഞിരുന്നു.

ആവശ്യമായ ഉപകരണങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍ തൊഴിലാളികളെ രക്ഷപ്പെടുത്താനാവുമെന്നും എന്നാല്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുള്ള സഹായങ്ങള്‍ ലഭിച്ചില്ലെന്നും കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ കുറ്റപ്പെടുത്തിയിരുന്നു.

സര്‍ക്കാരിന് രക്ഷാപ്രവര്‍ത്തനം ഒറ്റയ്ക്ക് നടത്താന്‍ സാധിക്കുന്നില്ലെന്നായിരുന്നു മേഘാലയിലെ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഖനിക്കുള്ളിലെ വെള്ളം പുറത്തുകളയാന്‍ ഹൈ പ്രഷര്‍ പമ്പുകള്‍ ആവശ്യമാണെന്നും കേന്ദ്രം ഇത് അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ഖനിക്കുള്ളിലെ വെള്ളം വറ്റിക്കാനുള്ള ശക്തിയേറിയ പമ്പുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഒരുഘട്ടത്തില്‍ രക്ഷാദൗത്യം നിര്‍ത്തിവെക്കേണ്ട അവസ്ഥയും വന്നിരുന്നു.

കഴിഞ്ഞ 13 നാണ് കിഴക്കന്‍ മേഘാലയയിലെ ലുംതാരി ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന കല്‍ക്കരി ഖനിയില്‍ 15 തൊഴിലാളികള്‍ അകപ്പെട്ടത്. സമീപനദിയില്‍നിന്നുള്ള വെള്ളം ഇരച്ചുകയറിയതോടെ 370 അടി താഴ്ചയില്‍ തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. 20 പേരടങ്ങുന്ന തൊഴിലാളി സംഘത്തില്‍നിന്ന് അഞ്ചുപേര്‍ക്ക് മാത്രമാണ് പുറത്തുകടക്കാനായത്.

തൊഴിലാളികളെ രക്ഷിക്കാനായി സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അതിന് വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more