തിരുവനന്തപുരം: മാജിക് മഷ്‌റൂം നിരോധിത ലഹരിവസ്തുവല്ലെന്ന് കേരള ഹൈക്കോടതി. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റാൻസസ് ആക്‌ട് പ്രകാരം കൂണിനെയോ മാജിക് മഷ്‌റൂമിനെയോ ഷെഡ്യൂൾഡ് നാർക്കോട്ടിക് അല്ലെങ്കിൽ സൈക്കോട്രോപിക് പദാർത്ഥമായി കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി പറഞ്ഞു. മാജിക് മഷ്റൂം ഫംഗസ് മാത്രമെന്നും ഹൈക്കോടതി പറഞ്ഞു .
മാജിക് മഷ്‌റൂമും 50 ഗ്രാം സൈലോസിബിനിൽ മാജിക് മഷ്‌റൂം ക്യാപ്‌സ്യൂളുകളും അടങ്ങിയ ചരസ്, കഞ്ചാവ് എന്നിവ കൈവശം വച്ചതിന് 2024 ഒക്ടോബറിൽ അറസ്റ്റിലായ ഹരജിക്കാരൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റാൻസസ് ആക്ടിലെ സെക്ഷൻ 22(c) & 8(c) r/w 20(b)(ii)(A) എന്നിവ പ്രകാരമായിരുന്നു കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
ജസ്‌റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ആണ് വിധി പ്രസ്താവിച്ചത്. സമാന കേസിൽ കർണാടക ഹൈക്കോടതിയുടെയും മദ്രാസ് ഹൈക്കോടതിയുടെയും വിധി പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.
‘കർണാടക ഹൈക്കോടതിയുടെയും മദ്രാസ് ഹൈക്കോടതിയുടെയും തീരുമാനങ്ങളോട് ഞാൻ പൂർണമായും യോജിക്കുന്നു. കൂൺ അല്ലെങ്കിൽ മാജിക് മഷ്റൂം ഒരു ലഹരി മിശ്രിതമായി കണക്കാക്കാനാവില്ല. മാജിക് മഷ്റൂം ഒരു ഷെഡ്യൂൾ ചെയ്ത മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് പദാർത്ഥമല്ല,’ കോടതി പറഞ്ഞു.
ഹരജിക്കാരനിൽ നിന്ന് പിടിച്ചെടുത്ത ചരസും കഞ്ചാവും ചെറിയ അളവിലാണെന്ന് കോടതി കണ്ടെത്തി. എൻ.ഡി.പി.എസ് നിയമമനുസരിച്ച്, കൂൺ അല്ലെങ്കിൽ മാജിക് മഷ്റൂം ഒരു മയക്കുമരുന്നോ സൈക്കോട്രോപിക് പദാർത്ഥമോ അല്ല.
Content Highlight: NDPS Act| ‘Magic Mushroom’ Not A Scheduled Narcotic/Psychotropic Substance, Kerala highcourt