തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ തുടരുന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ.). ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും കൂടുതല്‍ ദിവസങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറന്ന് തിരക്ക കുറക്കുകയാണ് വേണ്ടതെന്നും ഐ.എം.എ. ആവശ്യപ്പെട്ടു.
‘കൊവിഡ് മഹാമാരി അടുത്ത ഒന്നോ രണ്ടോ വര്‍ഷം കൂടെ തുടര്‍ന്നു പോകും. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്ലാനിങ്ങും നിയന്ത്രണങ്ങളും ആണ് ഇനി വേണ്ടത്. ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രം കടകളും മറ്റു സ്ഥാപനങ്ങളും തുറക്കുമ്പോള്‍ അവിടങ്ങളില്‍ എത്തുന്ന ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകും.
കടകളും ബാങ്കുകളും ഓഫിസുകളും എല്ലാ ദിവസവും തുറക്കണം. നിലവിലെ സമയകമീകരണവും അശാസ്ത്രീയമാണ്, വ്യാപാരസ്ഥാപനങ്ങള്‍ കൂടുതല്‍ സമയം തുറന്നുവച്ച് തിരക്ക് ഒഴിവാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. കുറച്ചു സമയം മാത്രം തുറന്നിരിക്കുമ്പോള്‍ കൂടുതല്‍ ആളുകള്‍ കൂടാന്‍ ഇടയാക്കും,’ ഐ.എം.എ. പറഞ്ഞു
ലോക്ഡൗണ്‍ നയം ശാസ്ത്രീയമായി പുനരാവിഷ്‌കരിക്കണണമെന്നും ശക്തമായ ബോധവത്കരണത്തിലൂടെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ സജ്ജരാക്കേണ്ട ചുമതല സര്‍ക്കാരും പൊതുസമൂഹവും ഏറ്റെടുത്തേ മതിയാകൂയെന്നും ഐ.എം.എ. പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ സര്‍ക്കാര്‍ അനുവദിച്ചു. ഡി വിഭാഗം ഒഴികെയുള്ള ഇടങ്ങളില്‍ കടകള്‍ തുറക്കാനുള്ള സമയം നീട്ടി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.
ടെസ്റ്റ് പോസിറ്റിവിറ്റി കുറവുള്ള എ,ബി,സി വിഭാഗമായി കണക്കാക്കിയിട്ടുള്ള പ്രദേശങ്ങളില്‍ എല്ലാത്തരം കടകളും ഒന്നിടവിട്ട ദിവസങ്ങളില്‍ എട്ടുമണിവരെ തുറക്കാം.
ഡി വിഭാഗത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രി ഏഴ് മണിവരെ കടകള്‍ തുറക്കാം. ബാങ്കുകള്‍ എല്ലാം ദിവസവും തുറന്നു പ്രവര്‍ത്തിപ്പിക്കാം. അതേസമയം ശനിയും ഞായറും നടപ്പിലാക്കിവരുന്ന വാരാന്ത്യ ലോക്ഡൗണ്‍ തുടരും.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: The Indian Medical Association (IMA) has termed the ongoing lockdown restrictions in the state as unscientific