തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ തുടരുന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ.). ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും കൂടുതല്‍ ദിവസങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറന്ന് തിരക്ക കുറക്കുകയാണ് വേണ്ടതെന്നും ഐ.എം.എ. ആവശ്യപ്പെട്ടു.
‘കൊവിഡ് മഹാമാരി അടുത്ത ഒന്നോ രണ്ടോ വര്‍ഷം കൂടെ തുടര്‍ന്നു പോകും. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്ലാനിങ്ങും നിയന്ത്രണങ്ങളും ആണ് ഇനി വേണ്ടത്. ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രം കടകളും മറ്റു സ്ഥാപനങ്ങളും തുറക്കുമ്പോള്‍ അവിടങ്ങളില്‍ എത്തുന്ന ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകും.
കടകളും ബാങ്കുകളും ഓഫിസുകളും എല്ലാ ദിവസവും തുറക്കണം. നിലവിലെ സമയകമീകരണവും അശാസ്ത്രീയമാണ്, വ്യാപാരസ്ഥാപനങ്ങള്‍ കൂടുതല്‍ സമയം തുറന്നുവച്ച് തിരക്ക് ഒഴിവാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. കുറച്ചു സമയം മാത്രം തുറന്നിരിക്കുമ്പോള്‍ കൂടുതല്‍ ആളുകള്‍ കൂടാന്‍ ഇടയാക്കും,’ ഐ.എം.എ. പറഞ്ഞു
ലോക്ഡൗണ്‍ നയം ശാസ്ത്രീയമായി പുനരാവിഷ്‌കരിക്കണണമെന്നും ശക്തമായ ബോധവത്കരണത്തിലൂടെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ സജ്ജരാക്കേണ്ട ചുമതല സര്‍ക്കാരും പൊതുസമൂഹവും ഏറ്റെടുത്തേ മതിയാകൂയെന്നും ഐ.എം.എ. പറഞ്ഞു.