Advertisement
COVID-19
ഭയം, ആശങ്ക, ജാഗ്രത; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 2500 കടന്നു; മരിച്ചവര്‍ 62; വൈറസ് വ്യാപനം ഇനിയും കൂടുമെന്ന് റിപ്പോര്‍ട്ടുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Apr 03, 05:09 pm
Friday, 3rd April 2020, 10:39 pm

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 2.547 ആയി. ഇവരില്‍ 62 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു. 2.322 പേര്‍ ചികിത്സയിലുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. 162 പേര്‍ക്ക് രോഗം ഭേദമായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 478 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണത്തിലുണ്ടായ വലിയ വര്‍ധനയാണ് ഇത്.

രാജ്യത്ത് സ്ഥിരീകരിച്ച 950 കൊവിഡ് കേസുകള്‍ക്ക് നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനവുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നച്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്ഥിരീകരിച്ച 647 കേസുകളും മത സമ്മേളനത്തില്‍ എത്തിവരുടേതാണ്.

അതേസമയം, അടുത്ത 10 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 10000 കടന്നേക്കാമെന്ന് റിപ്പോര്‍ട്ട്. ലൈവ് മിന്റ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ 50 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സിംഗപ്പൂര്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലുള്ളതിനേക്കാള്‍ കൂടുതലാണിത്.

കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഇതുവരെ കൂടുതല്‍ വൈറസ് ബാധിതരുള്ളതെങ്കിലും ദല്‍ഹി, തമിഴ്നാട് , രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൂടിയത്.

ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് 19 കേസുകളില്‍ 57 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുമാണ്.