ട്രംപ് ഒഴിയുന്നതിന് പിന്നാലെ ഇറാനിലും വെനസ്വേലയിലും കണ്ണിട്ട് ഇന്ത്യ
ന്യൂദല്‍ഹി: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കീഴില്‍ എണ്ണ ഉത്പാദന രാഷ്ട്രങ്ങളായ ഇറാനും വെനസ്വേലയ്ക്കും അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കുമോ എന്ന് ഉറ്റുനോക്കി ഇന്ത്യ. ഇറാനില്‍ നിന്നും വെനസ്വേലയില്‍ നിന്നുമുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി നടക്കുമോ എന്നാണ് ഇന്ത്യ പരിശോധിക്കുന്നത്.
കൂടുതല്‍ ഉത്പാദകരില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നുണ്ടെന്ന് പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. അമേരിക്ക ഇറാനും ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയ്ക്കും ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കുമോ എന്നത് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെനസ്വേലയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള സാധ്യകതള്‍ മെച്ചപ്പെടുന്നത് ഇന്ത്യക്ക് പുറമെ മറ്റ് ലോക രാഷ്ട്രങ്ങളും ഉറ്റുനോക്കുന്നുണ്ട്.
ജനുവരിയില്‍ പ്രസിഡന്റ് പദം ഏറ്റെടുക്കുന്ന ജോ ബൈഡന്‍ ഇറാനുമായുള്ള നയപരമായ ബന്ധം മെച്ചപ്പെടുത്തുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷണങ്ങള്‍.
ചൈനയ്ക്ക് ശേഷം ഇറാനില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാഷ്ട്രങ്ങളിലൊന്നായിരുന്നു ഇന്ത്യ. 2019 മെയിലാണ് അമേരിക്ക ഇറാനുമേല്‍ എര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന് ടെഹ്‌റാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിര്‍ത്തിയത്.
വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കുന്നതിനായി വെനസ്വേലയക്ക് ട്രംപ് ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ വെനസ്വേലയില്‍ നിന്നുമുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയും ഇന്ത്യ നിര്‍ത്തുകയായിരുന്നു. വെനസ്വേലന്‍ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടായിരുന്നു ട്രംപിന്റെ നടപടി.
ഒബാമയുടെ ഭരണകാലത്ത് ജോ ബൈഡന്‍ വൈസ് പ്രസിഡന്റ് പദവിയിലിരിക്കുമ്പോഴാണ് ആറ് ലോക രാഷ്ട്രങ്ങള്‍ തമ്മില്‍ ആണവ ധാരണയുണ്ടായത്. അന്ന് ഇറാനുമായുള്ള നയപരമായ ബന്ധം മെച്ചപ്പെടുത്തുമെന്നായിരുന്നു ബൈഡന്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ഇറാന്റെ ആണവശാസ്ത്രജ്ഞന്‍ മൊഹ്‌സീന്‍ ഫ്രക്രീസാദിയുടെ കൊലപാതകത്തിന് പിന്നാലെ തങ്ങളുടെ ആണവ പദ്ധതികള്‍ക്കുമേല്‍ അന്താരാഷ്ട്ര മേല്‍നോട്ടം അനുവദിക്കുന്നത് വിലക്കി ഇറാന്‍ പാര്‍ലമെന്റ് പുതിയ നിയമനിര്‍മ്മാണം നടത്തിയിരുന്നു.
അമേരിക്ക ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം പിന്‍വലിക്കണമെന്ന ആവശ്യവും ഇറാന്‍ ഉന്നയിക്കുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ പുതിയ സാധ്യതകള്‍ തേടുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight:India looks to resume Iran, Venezuela oil imports under Biden