|

തിരിച്ചുവരാനൊരുങ്ങി സ്റ്റാര്‍ ബാറ്റര്‍, ഗില്ലിന് പകരക്കാരെ പ്രഖ്യാപിക്കും; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ആശ്വസിക്കാം

സ്പോര്‍ട്സ് ഡെസ്‌ക്

ഇനി ഇന്ത്യയുടെ മുന്നിലുള്ള വലിയ റെഡ് ബോള്‍ ഇവന്റാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി. ഓസ്ട്രേലിയയുമായി നടക്കുന്ന പരമ്പര നവംബര്‍ 22ാണ് ആരംഭിക്കുന്നത്. പെര്‍ത്തില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ വമ്പന്‍ മുന്നൊരുക്കത്തിലാണ്.

എന്നാല്‍ അപ്രതീക്ഷിതമായി ഇന്ത്യന്‍ താരങ്ങള്‍ പരിക്കിന്റെ പിടിയില്‍ വീഴുന്ന കാഴ്ചയാണ് പ്രാക്ടീസ് സെക്ഷനില്‍ കാണാന്‍ സാധിച്ചത്. ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്ക് പരിക്ക് കാരണം സ്‌കാനിങ് ചെയ്യേണ്ടി വന്നതും ശുഭ്മന്‍ ഗില്‍ പുറത്തായതും കെ.എല്‍ രാഹുലിന് കൈമുട്ടില്‍ പന്ത് തട്ടി കളം വിട്ടതുമെല്ലാം വലിയ ആശങ്കകളാണ് ടീമില്‍ ഉണ്ടാക്കിയത്.

എന്നാല്‍ ഇന്ത്യയ്ക്ക് ഇപ്പോള്‍ ആശ്വസിക്കാനുള്ള വാര്‍ത്തയാണ് പുറത്ത് വന്നത്. കെ.എല്‍. രാഹുലിന്റെ പരിക്കിലെ ആശങ്കകള്‍ ഒഴിഞ്ഞിരിക്കുകയാണ്. താരം പെര്‍ത്തില്‍ പ്രാക്ടീസ് സെക്ഷനില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. സ്‌കാനിങ് റിപ്പോര്‍ട്ടില്‍ കുഴപ്പമില്ലെങ്കിലും ന്യൂസിലാന്‍ഡിനെതിരായ ആറ് ഇന്നിങ്സുകളില്‍ നിന്ന് 93 റണ്‍സ് മാത്രം നേടിയ വിരാടിന്റെ ഫോമിനെക്കുറിച്ച് ആരാധകര്‍ ആശങ്കയിലാണ്.

മാത്രമല്ല പരിക്ക് മൂലം ആദ്യ മത്സരത്തില്‍ നിന്ന് പുറത്തായ ഗില്ലിന് പകരക്കാരെ തെരഞ്ഞെടുക്കാനും മാനേജ്‌മെന്റ് ഒരുങ്ങുകയാണ്. സായി സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവരാണ് ഓപ്ഷനുകള്‍. ഇന്ത്യ എയില്‍ നിന്ന് താരങ്ങളെ ബോര്‍ഡര്‍ ഗവാസ്‌കറിലേക്ക് ഉള്‍പ്പെടുത്താനാണ് ഇന്ത്യ ആലോചിക്കുന്നത്. ഓസീസിനെതിരായ രണ്ടാം മത്സരത്തില്‍ ഗില്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ.

Indian squad for the Border Gavaskar Trophy

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, യശസ്വി ജെയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, റിഷബ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍

India’s tour of Australia

ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.

രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്‌ലെയ്ഡ് ഓവല്‍.

മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്‌ബെയ്ന്‍.

ബോക്‌സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.

അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്

Content Highlight: India Have Good News Against Australia In Border Gavaskar Trophy