| Monday, 27th April 2020, 8:20 am

മഹാമാരിയുടെ സമയത്ത് പൗരത്വ സമരക്കാരെ വേട്ടയാടി കേന്ദ്രം; യു.എ.പി.എ ചുമത്തി ​ജയിലിൽ അടച്ചത് ശാരീരിക അവശതകളുള്ള ​ഗർഭിണിയെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പൗരത്വ ഭേദ​ഗതി നിയമത്തിൽ പ്രതിഷേധിച്ച ​ഗർഭിണിയെ കെവിഡ് മഹാമാരിയുടെ കാലത്തും തിങ്ങി നിറഞ്ഞ ജയിലിൽ അടച്ച് കേന്ദ്ര സർക്കാർ. പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിഅ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ ​ഗവേഷക വിദ്യാർത്ഥിയും 27 കാരിയുമായ സഫൂറ സർ​ഗാറിനെ ഏപ്രിൽ പത്തിനാണ് അറസ്റ്റ് ചെയ്യുന്നത്. ജയിലുകളിൽ കഴിയുന്ന പലരെയും കൊവിഡിന്റെ പശ്ചാത്തലത്തിൽ വിട്ടയക്കാൻ കോടതി നിർദേശിക്കുമ്പോഴാണ് യു.എ.പി.എ ചുമത്തി ശാരീരിക അവശതകളുള്ള ഇവരെ ദൽ​ഹിയിലെ തിങ്ങി നിറഞ്ഞ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്.

ജാമിഅ കോഡിനേഷൻ കമ്മിറ്റി പൗരത്വ നിയമത്തിനെതിരായ സംഘടിപ്പിച്ച സമരത്തിൽ സഹകരിച്ചു എന്നതിനാണ് സഫൂറയെ യു.എ.പി.എ പോലുള്ള​ ​ഗുരുതരമായ കുറ്റം ചുമത്തി ജയിലിൽ അടച്ചിരിക്കുന്നത്. ഫ്രെബ്രുവരിയിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ ദൽഹി കലാപത്തിൽ ഇവർക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.

സഫൂറ മിടുക്കിയായ വിദ്യാർത്ഥിയായിരുന്നുവെന്നാണ് സുഹൃത്തുക്കളും അധ്യാപകരും പറയുന്നത്. ഇവരുടെ വിദ്യാഭ്യാസ നേട്ടങ്ങളും ആരോ​ഗ്യ സ്ഥിതിയും കോടതി കണക്കിലെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.

സഫൂറയെ അറസ്റ്റ് ചെയ്യുമ്പോൾ ബോധക്ഷയം സംഭവിക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നെന്ന് ഭർത്താവ് പറഞ്ഞു. ​ലോക് ഡൗൺ ആയതോട് കൂടി സഫൂറ വീട്ടിൽ തന്നെ ഇരിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർ‍ത്തു.

നിലവിൽ മാനുഷിക പരി​ഗണന പോലും ഇല്ലാതെ 18 കുറ്റങ്ങളാണ് സഫൂറ സർ​ഗാറിനു നേരെ ചുമത്തിയിരിക്കുന്നത്. ആയുധങ്ങൾ കെെവശം വെക്കുക, കലാപത്തിന് ആഹ്വാനം ചെയ്യുക, കൊലപാതക ശ്രമം, അക്രമത്തിന് പ്രേരണ തുടങ്ങിയവയും ഇതിൽപ്പെടും. ജാഫറാബാദിൽ സ്ത്രീകളെയും കുട്ടികളെയുംസമരത്തിലേക്ക് നയിച്ചു എന്നതിനും ഇവരുടെ പേരിൽ കേസുണ്ട്. കോടതിയിൽ നിന്ന് ഈ കേസിൽ ജാമ്യം ലഭിച്ചിരുന്നെങ്കിലും മറ്റ് കുറ്റകൃത്യങ്ങൾ ചുമത്തി സഫൂറയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഇവരുടെ അഭിഭാഷകൻ പറഞ്ഞു.

വക്കീലുമായി ഫോണിൽ സംസാരിക്കാനുള്ള അവകാശവും ഇവർക്ക് നിഷേധിച്ചുവെന്നും പരാതികളുണ്ട്. കൊവിഡ് നിരീക്ഷണത്തിന്റെ പേരിൽ ഇപ്പോൾ സഫൂറയെ ഏകാന്ത തടവിൽ പാർപ്പിച്ചിരിക്കുകയാണ്. ഭർത്താവുമായി സംസാരിക്കുന്നതിൽ പോലും കൊവിഡിന്റെ പ്രോട്ടോക്കോൾ പറഞ്ഞ് അനുമതി നിഷേധിച്ചുവെന്ന് സഫൂറയുടെ അഭിഭാഷകൻ പറഞ്ഞു. ആദ്യത്തെ കുഞ്ഞിനെ കാത്തിരിക്കുന്ന സഫൂറയുടെ റമദാൻ ജയിലിൽ ആയതിന്റെ ദുഃഖത്തിലാണ് തങ്ങൾ എന്ന് സഫൂറയുടെ ഭർത്താവ് പറഞ്ഞു.

ലോക്ക് ഡൗൺ ആയതിനാൽ കോടതിയിൽ നിന്ന് നീതി നേടിയെടുക്കുക പ്രയാസകരമായതിനാലാണ് ഈ സമയം പൗരത്വ ഭേദ​ഗതി പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യാൻ കേന്ദ്ര സർക്കാർ ഉപയോ​ഗിക്കുന്നതെന്ന് അഭിഭാഷകയായ വൃന്ദ ​ഗ്രോവർ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more