| Wednesday, 28th June 2017, 8:02 am

ഫസല്‍ വധകേസ്: സി.പി.ഐ.എമ്മിനെതിരെ മൊഴി നല്‍കാന്‍ എന്‍.ഡി.എഫ് നേതൃത്വം നിര്‍ദ്ദേശിച്ചെന്ന മൂന്ന് സാക്ഷികളുടെ വെളുപ്പെടുത്തലുമായി ടൈംസ് ഓഫ് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തലശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസലിന്റെ കൊലപാതകുറ്റം സി.പി.ഐ.എമ്മില്‍ ആരോപിക്കാന്‍ സാക്ഷികള്‍ക്കുമേല്‍ എന്‍.ഡി.എഫ് നേതൃത്വത്തിന്റെ ഇടപെടലുണ്ടായി എന്ന സംശയം ബലപ്പെടുത്തി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. കുറ്റം സി.പി.ഐ.എമ്മില്‍ ചുമത്താന്‍ എന്‍.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടെന്ന് അന്വേഷണ ഏജന്‍സികളോട് മൂന്ന് സാക്ഷികള്‍ തന്നെ വെളിപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നു പേരും എന്‍.ഡി.എഫ് പ്രവര്‍ത്തകരാണ്. കൊല ചെയ്തത് തങ്ങളാണെന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ വെളിപ്പെടുത്തല്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.

ടി. അജിനാസ് നല്‍കിയ മൊഴിയിലെ പരസ്പര വൈരുദ്ധ്യം സി.ബി.ഐയുടെ കുറ്റപത്രത്തെ സംശയത്തിന്റെ നിഴലിലാക്കുന്നതാണ്. ഫസലിന്റെ അടുത്ത ബന്ധുകൂടിയ സാക്ഷി ടി അജിനാസ് പരസ്പര വിരുദ്ധമായ നാല് മൊഴികളാണ് വിവിധ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുള്ളത്.


Also Read: ശ്രീകൃഷ്ണ മഠത്തിലെ ഇഫ്താര്‍ ഹിന്ദുക്കള്‍ക്ക് അപമാനമെന്ന് ശ്രീരാമസേന നേതാവ്; വായടപ്പിക്കുന്ന മറുപടിയുമായി മഠാധിപതി വിശ്വേഷ്തീര്‍ത്ഥ സ്വാമി


2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെയാണ് തേജസ് പത്രവിതരണക്കാരനായിരുന്ന ഫസല്‍ കൊല്ലപ്പെടുന്നത്. 2006 ഒക്ടോബര്‍ 25ന് ഡി.സി.ആര്‍.ബി ഡി.എസ്.പിക്ക് അജിനാസ് നല്‍കിയ സാക്ഷിമൊഴിയില്‍ പറയുന്നത് ഫസലിനെ എട്ടുപേര്‍ ആക്രമിക്കുന്നത് കണ്ടുവെന്നാണ്. പത്രവിതരണത്തിനായി താനും സുഹൃത്തും ഫസലിന്റെ പിന്നാലെയുണ്ടായിരുന്നുവെന്നും മൊഴിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍, 2006 നവംബര്‍ 21ന് ക്രൈംബ്രാഞ്ച് ഡി.എസ്.പിക്ക് നല്‍കിയ മൊഴിയില്‍ അജിനാസ് ഇത് തിരുത്തുകയായിരുന്നു. എന്‍ഡിഎഫ് നേതൃത്വവും അഭിഭാഷകനും ആവശ്യപ്പെട്ടത് പ്രകാരമാണ് താന്‍മൊഴി നല്‍കിയതെന്നായിരുന്നു തിരുത്ത്.
2007 ജൂലൈ 31ന് ക്രൈംബ്രാഞ്ച് എസ് പി ടികെ രാജ്മോഹന് നല്‍കിയ മൊഴിയില്‍ അജിനാസ്വ വീണ്ടും തിരുത്തി. ഫസല്‍ അപകടത്തില്‍പെട്ടുവെന്ന് ഒരു സുഹൃത്ത് വഴിയാണ് ആദ്യം അറിയുന്നതെന്നും ആശുപത്രിയില്‍ എത്തിയ ശേഷം മാത്രമാണ് അത് കൊലപാതകമാണെന്ന് മനസ്സിലാക്കിയതെന്നും ആ മൊഴിയില്‍ പറഞ്ഞു.

കേസ് സിബിഐ ഏറ്റെടുത്ത ശേഷം അജിനാസ് വീണ്ടും മൊഴി മാറ്റി. ഫസലിനെ ചിലര്‍ ലിബര്‍ട്ടി ക്വാര്‍ട്ടേഴ്സിന് സമീപം വളഞ്ഞിട്ട് ആയുധങ്ങള്‍കൊണ്ട് ആക്രമിക്കുന്നത് കണ്ടു എന്നായിരുന്നു 2011 മെയ് 27ന് അജിനാസ് സി.ബി.ഐക്ക് നല്‍കിയ മൊഴി. അക്രമികള്‍ കൊടി സുനി ഉള്‍പ്പെടുന്ന സിപിഐഎം പ്രവര്‍ത്തകരാണെന്ന് തിരിച്ചറിഞ്ഞെന്നും സിബിഐ രേഖപ്പെടുത്തിയ ഈ മൊഴിയിലുണ്ട്. ആദ്യ മൊഴി തിരുത്താന്‍ കാരണം സുഹൃത്ത് ഷന്‍സാദിന്റെ വീട് സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ബൈക്ക് കത്തിക്കുകയും ചെയ്തതിനാലാണെന്നും സിബിഐക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.

മറ്റ് മൊഴികളാണ് ഇതിലേറെ വിചിത്രം. ഫസലിന്റെ ജ്യേഷ്ഠന്‍ 2007 മെയ് 14ന് തന്നെ വന്ന് കണ്ട് “അബ്ദുള്‍ അസീസ്, അലിയാര്‍ എന്നി രണ്ടുപേര്‍ക്ക്് കൊലപാതകത്തെ കുറിച്ച് കൂടുതല്‍ അറിയാം” എന്ന് പറഞ്ഞതായ ഡിഎസ്പി ഡി സാലി പറയുന്നു. ഇതനുസരിച്ച് സാലി അവരെ രണ്ടുപേരെയും വിളിപ്പിച്ചു. ഫസല്‍ കൊല്ലപ്പെട്ട ദിവസം രണ്ട് പേര്‍ ബൈക്കില്‍ സംശയകരമായ സാഹചര്യത്തില്‍ സഞ്ചരിക്കുന്നത് കണ്ടുവെന്നായിരുന്നു അവരുടെ മൊഴി. ഇത് അനുസരിച്ച് അന്വേഷണം നടത്തി. രണ്ട് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ അന്നേ ദിവസം ബൈക്കില്‍ യാത്ര ചെയ്തിരുന്നുവെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. ഇരുവരും തലശേരി സ്റ്റേഡിയം പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ശേഷം പുലര്‍ച്ചെ 3.15 ഓടെ സെയ്താര്‍പള്ളിയില്‍ എത്തിയെന്നാണ് സാലി പറയുന്നത്.


Don”t Miss: ‘സിംഹങ്ങളെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കൂ, ഒരുമിച്ചു നിന്നാല്‍ മറ്റൊരു ലോകം സാധ്യമാണ്’; ബ്രിട്ടനെ ഇളക്കി മറിച്ച് ജെര്‍മി കോര്‍ബിന്റെ പ്രസംഗം, വീഡിയോ കാണാം


കൊടി സുനി, ബിജേഷ്, ജിതേഷ് എന്നീ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ ഒരു ബൈക്കില്‍ ആയുധങ്ങളുമായി സഞ്ചരിക്കുന്നത് കണ്ടു എന്നാണ് അവര്‍ പൊലീസിന് നല്‍കിയ മൊഴി. ഒരാളെ രക്തമൊഴുകി റോഡില്‍ കിടക്കുന്ന നിലയിലും കണ്ടെന്ന് അവര്‍ മൊഴികൊടുത്തു.

2011 സെപ്തംബര്‍ 19ന് സിബിഐക്ക് മുമ്പാകെ ഫസലിന്റെ സഹോദരന്‍ ഡിഎസ്പി സാലിയുടെ ഈ മൊഴി ഖണ്ഡിച്ചു. അസീസും അലിയാറും തങ്ങളുടെ മൊഴിയും തിരുത്തി. അസീസിന്റെ മൊഴി ഇങ്ങനെ: 2007 മെയില്‍ എന്‍ഡിഎഫ് സജീവ പ്രവര്‍ത്തകരായ അഡ്വ നൗഷാദും നസീറും എന്നെ വിളിച്ച് ഫസല്‍ കേസില്‍ സാക്ഷിയായി നില്‍ക്കാന്‍ ആവശ്യപ്പെടുന്നുണ്ടെന്ന് അറിയിച്ചു. അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നും അറിയിച്ചു.” തനിക്ക് അറിയാത്ത കാര്യങ്ങളാണ് പൊലീസ് രേഖപ്പെടുത്താന്‍ ആവശ്യപ്പെടന്നതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അസീസ് മൊഴി നല്‍കാന്‍ വിസമ്മതിച്ചു. അറിയാത്ത കാര്യങ്ങള്‍ തന്റെ പേരിലാക്കുന്നത് ശരിയല്ലെന്ന് അലിയാര്‍ സിബിഐയോട് വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more