എന്‍.ഡി.എയുടെ ഹരിവംശ് നാരായണ്‍ സിംഗ് രാജ്യസഭാ ഉപാധ്യക്ഷന്‍; നേടിയത് 125 വോട്ടുകള്‍
national news
എന്‍.ഡി.എയുടെ ഹരിവംശ് നാരായണ്‍ സിംഗ് രാജ്യസഭാ ഉപാധ്യക്ഷന്‍; നേടിയത് 125 വോട്ടുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th August 2018, 12:46 pm

ന്യൂദല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഹരിവംശ് നാരായണ്‍ സിംഗിനു ജയം. 125 വോട്ടുകള്‍ നേടിയാണ് ഹരിവംശ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്. 105 വോട്ടുകളാണ് പരാജയപ്പെട്ട ബി.കെ. ഹരിപ്രസാദ് നേടിയത്. ബി.ജെ.ഡിയുടെയും ടി.ആര്‍.എസിന്റെയും വോട്ട് എന്‍.ഡി.എ നേടിയിരുന്നു.

മെഷീനില്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചില്ലെന്നും മെഷീനിന്റെ പ്രവര്‍ത്തനത്തില്‍ പാകപ്പിഴയുണ്ടെന്നും കാണിച്ച് ചില എം.പിമാര്‍ പരാതി ഉന്നയിച്ചതിനെത്തുടര്‍ന്ന് രണ്ടാം വട്ടവും വോട്ടെടുപ്പു നടത്തുകയായിരുന്നു.

“രാജ്യത്തെ പാര്‍ലമെന്റേറിയന്മാര്‍ എങ്ങിനെയാണ് ജോലി ചെയ്യേണ്ടതെന്നതിനെക്കുറിച്ച് അദ്ദേഹം പണ്ടൊരു കോളമെഴുതിയിരുന്നു. ഒരു നാള്‍ അദ്ദേഹം രാജ്യസഭയുടെ ഉപാധ്യക്ഷനായി മാറുമെന്ന് ഞാന്‍ അന്നറിഞ്ഞില്ല. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് നമുക്കെല്ലാം വലിയ ഗുണം ചെയ്യും.” ഹരിവംശിനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

 

Also Read: മോദിയെ ആലിംഗനം ചെയ്തയാള്‍ കെജ്‌രിവാളിനോട് പിന്തുണയാവശ്യപ്പെടാന്‍ മടിക്കുന്നതെന്തിന്?: കോണ്‍ഗ്രസ്-ആം ആദ്മി ഭിന്നിപ്പ് രൂക്ഷം; ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും

 

പി.ജെ. കുര്യന്റെ വിരമിക്കല്‍ സൃഷ്ടിച്ച ഒഴിവിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പു നടന്നത്. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് എന്‍.ഡി.എ അംഗത്തെ എത്തിക്കാനുള്ള ശ്രമത്തിനാണ് ഫലം കണ്ടിരിക്കുന്നത്. ബിജു ജനതാദളും തെലങ്കാന രാഷ്ട്ര സമിതിയും പിന്തുണയ്ക്കുമെന്ന് ഉറപ്പായതോടെ എന്‍.ഡി.എ വിജയം ഉറപ്പിച്ചിരുന്നു.

എന്‍.സി.പിയും ഡി.എം.കെയും മത്സരരംഗത്തേക്കില്ലെന്ന് ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഹരിപ്രസാദിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

നേരത്തേ വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചിരുന്നു. ഹരിവംശിന് പിന്തുണ നല്‍കാന്‍ താല്‍പര്യമില്ലാത്തതിനാലും, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണയന്വേഷിച്ച് രാഹുല്‍ നേരിട്ടു വിളിക്കാന്‍ തയ്യാറാകാഞ്ഞതിനാലുമാണ് ബഹിഷ്‌കരണമെന്ന് ആം ആദ്മി വക്താക്കള്‍ പറഞ്ഞിരുന്നു.