മുംബൈ: സഖ്യകക്ഷികളെ ബഹുമാനിക്കുകയോ അവരോട് സംസാരിക്കുകയോ ചെയ്യാതെയാണ് എന്‍.ഡി.എ സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കുന്നതെന്ന് ശിവസേന. വാജ്‌പേയും അദ്വാനിയും ഉണ്ടായിരുന്ന സമയത്ത് ഇങ്ങനെയല്ലായിരുന്നു കാര്യങ്ങളെന്നും ശിവസേന പറഞ്ഞു. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് എന്‍.ഡി.എ സഖ്യത്തിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ ശിവസേന രൂക്ഷവിമര്‍ശനമുന്നയച്ചിരിക്കുന്നത്. കര്‍ഷക ബില്ലിനെ എതിര്‍ത്തുകൊണ്ട് എന്‍.ഡി.എ സഖ്യകക്ഷിയായ ശിരോമണി അകാലിദളില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ രാജിവെച്ച പശ്ചാത്തലത്തിലാണ് ശിവസേനയുടെ വിമര്‍ശനം.
‘മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെയും മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെയും കാലത്ത് കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. അവര്‍ എന്‍.ഡി.എ സഖ്യകക്ഷികളോട് ബഹുമാനത്തോടെയാണ് പെരുമാറിയിരുന്നത്. സഖ്യകക്ഷികളുമായി ചര്‍ച്ചകള്‍ നടത്തുമായിരുന്നു.’ സാമ്‌നയില്‍ പറയുന്നു.
വാജ്‌പേയുടെയും അദ്വാനിയുടെയും സമയത്ത് ബി.ജെ.പി സഖ്യകക്ഷികളോട് ബഹുമാനത്തോടെയും സ്‌നേഹത്തോടെയും വിശ്വാസത്തോടെയുമാണ് പെരുമാറിയിരുന്നത്. നയരൂപീകരണത്തിലും തീരുമാനങ്ങളിലും ബി.ജെ.പി നേതാക്കള്‍ സഖ്യകക്ഷികളുടെ അഭിപ്രായങ്ങള്‍ തേടുമായിരുന്നു. പറഞ്ഞ വാക്കിന് വിലയുള്ള കാലമായിരുന്നു അതെന്നും സാമ്‌ന കൂട്ടിച്ചേര്‍ത്തു.
ശിരോമണി അകാലിദള്‍ അംഗം ഹര്‍സിമ്രത് കൗര്‍ കേന്ദ്ര കാബിനറ്റില്‍ നിന്നും രാജിവെച്ചു. മോദി സര്‍ക്കാര്‍ രണ്ട് കര്‍ഷക വിരുദ്ധ ബില്ലുകള്‍ കൊണ്ടുവന്നതില്‍ പ്രതിഷേധിച്ചാണ് അവര്‍ രാജിവെച്ചത്. അവരുടെ രാജി സ്വീകരിക്കുകയും ചെയ്തുകഴിഞ്ഞു. ശിവസേന മുന്‍പേ തന്നെ എന്‍.ഡി.എ സഖ്യം ഉപേക്ഷിച്ചുകഴിഞ്ഞു. ഇനി അടുത്തുതായി പുറത്തുവരാന്‍ പോകുന്നത് അകാലിദളാണെന്നും സാമ്‌ന ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന കര്‍ഷക ബില്ലിനെതിരെ പഞ്ചാബിലും ഹരിയാനയിലും വ്യാപകപ്രതിഷേധമാണ് നടക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷക സംഘടനകളും ബില്ലിനെതിരെ സമരം തുടങ്ങിയിരുന്നെങ്കിലും കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗറിന്റെ രാജിയോടെയാണ് വിഷയം വലിയ ശ്രദ്ധ നേടിയത്.
കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ച് കേന്ദ്രസര്‍ക്കാറിനോട് നിരന്തരം സംസാരിച്ചുവെന്നും ബില്ലുകള്‍ അവതരിപ്പിക്കുന്നതിന് മുമ്പ് കര്‍ഷകരുമായി തുറന്ന ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഹര്‍സിമ്രത് പറഞ്ഞിരുന്നു. കര്‍ഷകര്‍ക്ക് നീതി ലഭിക്കുന്നതിനായി ഏതറ്റംവരെ പോകാനും തയ്യാറാണെന്നും കര്‍ഷകരോടൊപ്പം തോളോടുതോള്‍ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക