'മുഖ്യന്‍' നിതീഷ് തന്നെ; രാജ്‌നാഥ് സിംഗ് പ്രഖ്യാപനം നടത്തി
Bihar Election
'മുഖ്യന്‍' നിതീഷ് തന്നെ; രാജ്‌നാഥ് സിംഗ് പ്രഖ്യാപനം നടത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th November 2020, 1:50 pm

പട്‌ന: എന്‍.ഡി.എയുടെ നിയമസഭാ കക്ഷി നേതാവായി നിതീഷ് കുമാറിനെ തെരഞ്ഞെടുത്തു. നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കും. അല്‍പ്പ സമയത്തിനകം നേതാക്കള്‍ ഗവര്‍ണറെ കാണും. ഇന്ന് നടന്ന എന്‍.ഡി.എ യോഗത്തിലാണ് തീരുമാനമായത്.

നിതീഷ് കുമാര്‍ തന്നെയായിരിക്കും എന്‍.ഡി.എയുടെ മുഖ്യമന്ത്രി എന്ന് നേരത്തെ തന്നെ ബി.ജെ.പി വ്യക്തമാക്കിയിരുന്നു. ബാക്കി വകുപ്പുകള്‍ ആര് കൈകാര്യം ചെയ്യുമെന്ന വിവരം പുറത്തുവിട്ടിട്ടില്ല. സുശീല്‍ മോദി ഉപമുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് റിപ്പോര്‍ട്ട്.
യോഗത്തിന് ശേഷം ഔദ്യോഗികമായി അറിയിക്കും.

രണ്ട് ഉപമുഖ്യമന്ത്രി പദം വേണമെന്ന് ഘടക കക്ഷികള്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ജിതന്‍ റാം മാഞ്ചിയും മുകേഷ് സാനിയുമാണ് ഉപമുഖ്യമന്ത്രിസ്ഥാനത്തിന് ആവശ്യം ഉന്നയിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇരു കക്ഷികള്‍ക്കും നാല് സീറ്റ് വീതം കിട്ടിയിട്ടുണ്ട്.

അതേസമയം ഉപമുഖ്യമന്ത്രിപദത്തില്‍ ബി.ജെ.പിക്കും നോട്ടമുണ്ട്. അതുകൊണ്ട് തന്നെ തീരുമാനം എന്തായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കുമെന്ന് ബി.ജെ.പി ആവര്‍ത്തിക്കുമ്പോഴും പ്രധാനപ്പെട്ട വകുപ്പുകളെല്ലാം ബി.ജെ.പി ആവശ്യപ്പെട്ടതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആഭ്യന്തരം, വിദ്യാഭ്യാസം, റവന്യൂ, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകള്‍ ബി.ജെ.പി ആവശ്യപ്പെട്ടേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുക ബി.ജെ.പിയായിരിക്കുമെന്ന സൂചനയും ബി.ജെ.പി നേതാവ് നേരത്തെ നല്‍കിയിരുന്നു.

ബീഹാറില്‍ 43 സീറ്റുകളില്‍ മാത്രമാണ് ജെ.ഡി.യു വിജയിച്ചിരിക്കുന്നത്. 74 സീറ്റുകളില്‍ ബി.ജെ.പി ആണ് വിജയിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: NDA selected Nitish kumar  as Chief minister Of Bihar