ന്യൂദല്‍ഹി: എന്‍.ഡി.എ സര്‍ക്കാരിന്റെ പ്രധാന പദ്ധതികളായ ദേശീയപാത വികസന പദ്ധതി (എന്‍.എച്ച്.ഡി.പി), പ്രധാന്‍മന്ത്രി ഗ്രാമ സദക് യോജന (പി.എം.ജി.എസ്.വൈ) എന്നിവ തന്റെ ആശയങ്ങളായിരുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ. തന്റെ ആശയങ്ങള്‍ ചിലര്‍ ‘അന്യായമായി’ ദുരുപയോഗം ചെയ്യുകയായിരുന്നെന്നും ഇക്കാര്യം തന്റെ സഹപ്രവര്‍ത്തകരെ വിളിച്ചുപറഞ്ഞിരുന്നെന്നും സിന്‍ഹ പറഞ്ഞു.
1998 നും 2004 നും ഇടയില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ മന്ത്രിസഭയില്‍ ധനകാര്യ, വിദേശകാര്യ വകുപ്പുകള്‍ വഹിച്ചിരുന്ന വ്യക്തിയാണ് സിന്‍ഹ. 1990-91 കാലയളവില്‍ മുന്‍ പ്രധാനമന്ത്രി ചന്ദ്ര ശേഖറിന്റെ നേതൃത്വത്തില്‍ ധനമന്ത്രിയായും സേവനമനുഷ്ഠിച്ചിരുന്നു.
‘ദേശീയപാത പദ്ധതി പൂര്‍ണമായും എന്റെ ആശയമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് (എന്‍.എച്ച്.ഡി.പി) ഒരു പുതിയ ചിന്തയായിരുന്നില്ല. 1970 കളില്‍ ജര്‍മ്മനിയില്‍ ഉണ്ടായിരുന്ന കാലം മുതല്‍ ഞാന്‍ അതിനെ പ്രോത്സാഹിപ്പിച്ചിരുന്നു. എന്ന് അവസരം ലഭിച്ചാലും അത് ഇന്ത്യയിലും കൊണ്ടുവരണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നു.”- തന്റെ ആത്മകഥയായ ”റിലന്റ്ലെസ്” ല്‍ ആയിരുന്നു സിന്‍ഹയുടെ തുറന്നുപറച്ചില്‍.
1998 ല്‍ തുടക്കംകുറിച്ച് എന്‍.എച്ച്.ഡി.പി ഇന്ത്യയിലെ പ്രധാന ഹൈവേകളുടെ നിലവാരം ഉയര്‍ത്താനും പുനരധിവാസവുമായിരുന്നു ലക്ഷ്യമിട്ടത്.
ശ്രീനഗറിനെ കന്യാകുമാരിയുമായി ബന്ധിപ്പിക്കുന്ന വടക്ക്-തെക്ക് ഇടനാഴി കൂടാതെ കിഴക്ക്-പടിഞ്ഞാറന്‍ ഇടനാഴി, പോര്‍ബന്ദറില്‍ നിന്ന് സില്‍ചാര്‍ വരെ ചേരുന്ന ഗോള്‍ഡന്‍ ക്വാഡ്രിലാറ്ററല്‍ എന്നിവയായിരുന്നു പദ്ധതിയില്‍ ഉള്‍പ്പെട്ടത്.
ദേശീയ പാതാ വികസനം മാത്രമല്ല പി.എം.ജി.എസ്.വൈ പദ്ധതിയും തന്റെ ആശയമാണെന്ന് അവകാശപ്പെട്ടു. പുസ്തകത്തില്‍, വാജ്പേയിയുമായുള്ള തന്റെ കൂടിക്കാഴ്ചയെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിനായി ഒരു പുതിയ പദ്ധതി ആരംഭിക്കാനും അതിനായി പ്രത്യേക ഫണ്ട് നീക്കിവയ്ക്കാനും കൂടിക്കാഴ്ചയില്‍ താന്‍ നിര്‍ദേശിച്ച കാര്യവും സിന്‍ഹ ഓര്‍മ്മിപ്പിക്കുന്നു.
പരിപാടിക്ക് അടല്‍ ബിഹാരി വാജ്പേയി ഗ്രാമ സദക് യോജന എന്ന് പേരിടണമെന്ന് ഞാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ”വാജ്പേയി ഈ ആശയം അംഗീകരിച്ചെങ്കിലും പദ്ധതിക്ക് പേരിടാനുള്ള നിര്‍ദ്ദേശം അദ്ദേഹം നിരസിച്ചു, ”സിന്‍ഹ പറയുന്നു.
2000 ല്‍ ഔദ്യോഗമായി ആരംഭിച്ച ഗ്രാമീണ റോഡ് പദ്ധതി വിജയകരമായതോടെ നിരവധി വ്യാജ അവകാശവാദങ്ങള്‍ വന്നു. അവയെല്ലാം തെറ്റാണ്. ഈ വ്യാജ അവകാശവാദം ഉന്നയിക്കുന്നവരില്‍ ചിലര്‍ പദ്ധതിയുടെ രൂപകല്‍പ്പനയിലോ നടപ്പാക്കലിലോ ഏര്‍പ്പെട്ടിരിക്കാം, എന്നാല്‍ പദ്ധതി അവര്‍ വിഭാവനം ചെയ്തല്ല ”- സിന്‍ഹ പറഞ്ഞു.
‘ഞാന്‍ രാഷ്ട്രീയത്തില്‍ ഉള്ളപ്പോള്‍ പബ്ലിസിറ്റിക്ക് വേണ്ടി ഒരു ഘട്ടത്തിലും ശ്രമിച്ചിരുന്നില്ല. വെല്ലുവിളി നിറഞ്ഞ ഈ ലോകത്ത് മാധ്യമങ്ങളുമായി എങ്ങനെ എടപെടണമെന്ന് പഠിക്കേണ്ടതുണ്ടെന്ന് പലരും എന്ന ഉപദേശിച്ചിരുന്നു. എന്നാല്‍ ഞാന്‍ അതിന് ശ്രമിച്ചിരുന്നില്ല. എന്റെ ആ തീരുമാനം തെറ്റായിരുന്നു.
ഇന്ന് തന്റെ ആശയങ്ങളുടെ ക്രഡിറ്റ് മറ്റുള്ളവര്‍ തട്ടിയെടുക്കുന്നത് കാണുമ്പോള്‍ യഥാര്‍ത്ഥത്തില്‍ വേദനയുണ്ട്. എന്നാല്‍ ഞങ്ങളുടെ ഏറ്റവും വലിയ നേതാവായ വാജ്‌പേയി ഒരിക്കലും അതിന് ശ്രമിച്ചിരുന്നില്ല. അദ്ദേഹം അങ്ങനെ ചെയ്യുമോയെന്ന ചിന്ത പോലും എന്റെ മനസില്‍ വന്നിരുന്നില്ല. കാരണം അദ്ദേഹം ഞങ്ങളുടെ പാര്‍ട്ടിയുടെ തലവന്‍ മാത്രമായിരുന്നില്ല. ഞങ്ങളുടെ തന്നെ വലിയ നേതാവായിരുന്നു.
കാലക്രമേണ, ഇത് (എന്‍.എച്ച്.ഡി.പി) വാജ്പേയി സര്‍ക്കാരിന്റെ ഒരു പ്രധാന പദ്ധതിയായി ഉയര്‍ന്നുവന്നു, ഇത് ആരംഭിച്ചതിന് മുഴുവന്‍ ക്രെഡിറ്റും പ്രധാനമന്ത്രിക്ക് നല്‍കി. ഞാന്‍ അത് കാര്യമാക്കിയില്ല, മാത്രമല്ല ഈ പദ്ധതി പൂര്‍ണമായും എന്റെ ആശയമായി ഞാന്‍ അവകാശപ്പെട്ടിരുന്നുമില്ല ”പുസ്തകത്തില്‍ അദ്ദേഹം പറയുന്നു.