| Wednesday, 24th March 2021, 4:05 pm

ശബരിമലയില്‍ ആചാരസംരക്ഷണത്തിനും ലൗജിഹാദിലും നിയമനിര്‍മാണം; എന്‍.ഡി.എ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എന്‍.ഡി.എയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ആണ് തിരുവനന്തപുരത്ത് പ്രകടന പത്രിക പ്രകാശനം ചെയ്തത്.

ശബരിമല, ലൗ ജിഹാദ് എന്നിവയില്‍ നിയമനിര്‍മാണം നടത്തുമെന്നും ക്ഷേത്രങ്ങളുടെ നടത്തിപ്പ് ദേവസ്വം ബോര്‍ഡുകളില്‍ നിന്നും മാറ്റി വിശ്വാസികള്‍ക്ക് നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

തന്ത്രി മുഖ്യനും പന്തളം കൊട്ടാരം, ദേവസ്വം ബോര്‍ഡ്, ഭക്തജന സംഘടനകള്‍ എന്നിങ്ങനെ ആചാരവും വിശ്വാസവുമായി ബന്ധപ്പെട്ടവരുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി ശബരിമല ക്ഷേത്ര ഭരണത്തിന് കക്ഷിരാഷ്ട്രീയമുക്തവും സ്വതന്ത്രവും പരമാധികാരമുള്ളതുമായ ദേവസ്വം ഭരണ സമിതി കൊണ്ട് വരുമെന്നും വാഗ്ദാനം ചെയ്യുന്നുണ്ട്.

ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കുമെന്നും പത്രികയില്‍ പറയുന്നു. സ്വതന്ത്രവും ഭകതജനനിയന്ത്രിതവും കക്ഷിരാഷ്ട്രീയ വിമുക്തവുമായ ക്ഷേത്ര ഭരണവ്യവസ്ഥ, കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കും, കേരളം ഭീകരവാദ വിമുക്തമാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

ഭൂരഹിതരായ പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ അഞ്ചേക്കര്‍ ഭൂമി, പട്ടിണിരഹിത കേരളം, ബി.പി.എല്‍ വിഭാഗത്തിലെ കിടപ്പുരോഗികള്‍ക്ക് പ്രതിമാസം 5000 രൂപ സഹായം. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ് എന്നിവയും എന്‍.ഡി.എയുടെ വാഗ്ദാനങ്ങളാണ്.

കലടി സംസ്‌കൃത സര്‍വകലാശാലയില്‍ ആയുര്‍വേദം, കൂടിയാട്ടം, കൂത്ത്, ചുമര്‍ചിത്രകല, വേദാന്തം, ജ്യോതിശ്ശാസ്ത്രം, തന്ത്രശാസ്ത്രം തുടങ്ങി കേരളത്തിന്റെ സവിശേഷ മേഖലകളില്‍ വിശേഷപഠനാര്‍ഥം ഗവേഷണകേന്ദ്രം, ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ചരിത്രവും ഐതിഹ്യവും ഉള്‍ക്കൊളളിച്ച് മേല്‍പ്പത്തൂര്‍, പൂന്താനം, കുറൂരമ്മ, ചെമ്പൈ, ആഞ്ഞം തുടങ്ങിയ മഹാപ്രതിഭകളുടെ ജീവിതം, ദര്‍ശനം, സന്ദേശം എന്നിവ പ്രചരിപ്പിക്കുന്ന സംവിധാനം

ഗുരുവായൂര്‍ ആനക്കോട്ടയും ഗോശാലയും വികസിപ്പിച്ചും ആധുനീകരിക്കുമെന്നും മൃഗപരിപാലന കേന്ദ്രം സ്ഥാപിക്കുമെന്നും എന്‍.ഡി.എ വാഗ്ദാനം ചെയ്യുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: NDA releases manifesto Kerala Election 2021

We use cookies to give you the best possible experience. Learn more