ന്യൂദല്‍ഹി: കേന്ദ്രബജറ്റില്‍ വോട്ട് ബാങ്ക് രാഷ്ട്രീയവും പുറത്ത് നോട്ട് ബാങ്ക് രാഷ്ട്രീയവും കളിക്കുന്ന കേന്ദ്രസര്‍ക്കാരിന് യു.പി.എ ഭരണത്തെ വിമര്‍ശിക്കാന്‍ എങ്ങനെ കഴിയുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പാര്‍ലമെന്റ് സമ്മേളനത്തിനിടെയായിരുന്നു സിബലിന്റെ പരാമര്‍ശം.
‘വോട്ട് ബാങ്ക് രാഷ്ട്രീയമാണ് യു.പി.എ സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് എന്‍.ഡി.എ സര്‍ക്കാര്‍ കളിയാക്കുന്നു. എന്നിട്ട് ബജറ്റ് അവതരിപ്പിച്ചപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകം പാക്കേജുകള്‍ കേന്ദ്രം പ്രഖ്യാപിച്ചത് എന്ത് മുന്നില്‍ കണ്ടാണെന്ന് എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്. ബജറ്റില്‍ വോട്ട് ബാങ്ക് രാഷ്ട്രീയവും പുറത്ത് നോട്ട് ബാങ്ക് രാഷ്ട്രീയവും. ഇതാണ് കേന്ദ്രം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്’, സിബല്‍ പറഞ്ഞു.
2021 ഫെബ്രുവരി ഒന്നിന് കേന്ദ്രം അവതരിപ്പിച്ച ബജറ്റിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 1.7 ലക്ഷം കോടി രൂപ സമാഹരിക്കുമെന്നാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം.
അതിനായി ബി.പി.സി.എല്ലിന് പുറമെ ഐ.ഡി.ബി.ഐ ബാങ്ക് ഉള്‍പ്പെടെ മൂന്ന് പൊതുമേഖലാ ബാങ്കുകളുടെയും എല്‍.ഐ.സിയുടെയും ഓഹരികള്‍ വിറ്റഴിച്ച് തുക കണ്ടെത്താനാണ് ബജറ്റ് ലക്ഷ്യമിടുന്നത്.
തെരഞ്ഞെടുപ്പ് അടുത്ത പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ നടത്തിയിരിക്കുന്നത്. ഇതും വ്യാപക വിമര്‍ശനിടയാക്കിയിരുന്നു.
ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ തുക ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. 64180 കോടിയുടെ പാക്കേജാണ് ആരോഗ്യമേഖലയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ ആരോഗ്യ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക