| Monday, 15th July 2024, 9:17 pm

രാജ്യസഭയിലും ബി.ജെ.പിയുടെ ഭൂരിപക്ഷം കുറഞ്ഞു; നാല് എം.പിമാര്‍ വിരമിച്ചതോടെ ആകെ അംഗബലം 90ന് താഴെയായി കൂപ്പുകുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിയില്‍ നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട നാല് അംഗങ്ങള്‍ ശനിയാഴ്ച വിരമിച്ചതോടെ സഭയില്‍ പാര്‍ട്ടിയുടെ ഭൂരിപക്ഷം കുറഞ്ഞു. രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിക്കാന്‍ നിലവില്‍ ബി.ജെ.പിക്ക് 13 സീറ്റുകളുടെ കുറവുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യസഭയിലെ ആകെ സീറ്റുകളുടെ എണ്ണം 245 ആണ്. എന്നാല്‍ 19 ഒഴിവുകള്‍ കാരണം നിലവിലെ അംഗബലം 226 ആണ്. നിലവില്‍ 113 ആണ് ഭൂരിപക്ഷം നേടാന്‍ വേണ്ടത്. എന്‍.ഡി.എ അംഗങ്ങളുടെ എണ്ണം രാജ്യസഭയില്‍ 101 ആയി കുറഞ്ഞു. ബി.ജെ.പിയുടെ ആകെ അംഗബലം 86ലേക്കും കൂപ്പുകുത്തി.

രാകേഷ് സിന്‍ഹ, രാം ഷക്കല്‍, സോണാല്‍ മാന്‍സിങ്, മഹേഷ് ജഠ്മലാനി എന്നിവരാണ് കാലാവധി പൂര്‍ത്തിയാക്കിയ നാല് നോമിനേറ്റഡ് അംഗങ്ങള്‍.

പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കിന് രാജ്യസഭയില്‍ 87 അംഗങ്ങളാണുള്ളത്. ഇവരില്‍ 26 പേര്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ്. തൃണമൂല്‍ കോണ്‍ഗ്രസിന് 13 അംഗങ്ങളും ആം ആദ്മി പാര്‍ട്ടി, ഡി.എം.കെ എന്നിവര്‍ക്ക് 10 അംഗങ്ങള്‍ വീതവുമാണ് സഭയില്‍ ഉള്ളത്.

ബാക്കിയുള്ള എം.പിമാര്‍ സ്വതന്ത്ര അംഗങ്ങളും അല്ലെങ്കില്‍ എന്‍.ഡി.എയുടെയോ ഇന്ത്യാ ബ്ലോക്കിന്റെയോ ഭാഗമല്ലാത്ത പാര്‍ട്ടികളില്‍ നിന്നുള്ളവരുമാണ്.

ജൂണ്‍ 24ന് ബിജു ജനതാദള്‍ ബി.ജെ.പിക്ക് പിന്തുണ നല്‍കില്ലെന്നും പകരം രാജ്യസഭയില്‍ ഊര്‍ജ്ജസ്വലവും ശക്തവുമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒഡീഷ ആസ്ഥാനമായുള്ള പാര്‍ട്ടിക്ക് സീറ്റുകളൊന്നും ലഭിച്ചില്ലെങ്കിലും രാജ്യസഭയില്‍ ഒമ്പത് എം.പിമാരുണ്ട്.

പാര്‍ലമെന്റില്‍ ഒഴിവുള്ള 19 സീറ്റുകളില്‍ നാലെണ്ണം വീതം ജമ്മു കശ്മീരില്‍ നിന്നുള്ളവരും നോമിനേറ്റഡ് അംഗങ്ങളുമാണ്. അടുത്തിടെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അംഗങ്ങള്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ പത്ത് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു.

ജൂലൈ അഞ്ചിന് കോണ്‍ഗ്രസില്‍ ചേര്‍ന്ന ഭാരത് രാഷ്ട്ര സമിതി അംഗം കെ. കേശവ റാവു രാജിവച്ചതിനാല്‍ ബാക്കിയുള്ള സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഈ 19 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് വരും മാസങ്ങളില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: NDA now 13 seats short of majority in Rajya Sabha as four BJP MPs retire

We use cookies to give you the best possible experience. Learn more