'എന്‍.ഡി.എയ്ക്കു നിലവില്‍ ഭൂരിപക്ഷമില്ല'; വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി
Maharashtra
'എന്‍.ഡി.എയ്ക്കു നിലവില്‍ ഭൂരിപക്ഷമില്ല'; വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th November 2019, 2:43 pm

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍.ഡി.എയ്ക്കു നിലവില്‍ ഭൂരിപക്ഷമില്ലെന്നു വെളിപ്പെടുത്തി കേന്ദ്രമന്ത്രി രാംദാസ് അത്താവ്‌ലെ. എന്നാല്‍ നാളെ വിശ്വാസ വോട്ടെടുപ്പിനു മുന്നോടിയായി അതു നേടുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്‍.സി.പി നേതാവ് അജിത് പവാര്‍ ആവശ്യത്തിന് എം.എല്‍.എമാരെ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്ന് അജിത് പവാര്‍ രാജിവെച്ചതോടെ ആ പ്രതീക്ഷയും ഇപ്പോള്‍ അടഞ്ഞിരിക്കുകയാണെന്നാണു രാഷ്ട്രീയവൃത്തങ്ങള്‍ പറയുന്നത്.

രാജിക്കത്ത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

രാജിക്കാര്യം കോണ്‍ഗ്രസ് നേതാക്കളാണ് അറിയിച്ചത്. അജിത് പവാര്‍ ദേവേന്ദ്ര ഫഡ്നാവിസുമായി നേരത്തെ സംസാരിച്ചിരുന്നു. അതേസമയം ഇന്ന് 3.30 ന് ദേവേന്ദ്ര ഫഡ്നാവിസ് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അജിത് പവാറിനൊപ്പം എം.എല്‍.എമാര്‍ ഇല്ലെന്ന കാര്യം നേരത്തെ വ്യക്തമായിരുന്നു. ശിവസേന-എന്‍.സി.പി കോണ്‍ഗ്രസ് സഖ്യം 168 എം.എല്‍.എമാരെ ഇന്ന് അണിനിരത്തിയതോടെ അജിത് പവാറിനൊപ്പം എം.എല്‍.എമാര്‍ ഒന്നുമില്ലെന്ന കാര്യം വ്യക്തമായിയിരുന്നു.

സുപ്രീം കോടതി വിധിക്ക് പിന്നാലെ ഉപമുഖ്യമന്ത്രി അജിത് പവാര്‍ എന്‍.സി.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അജിത് പവാറിനോട് ഉപമുഖ്യമന്ത്രി പദവി രാജിവെക്കാന്‍ എന്‍.സി.പി നേതാക്കള്‍ ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

30 മിനിറ്റ് നേരമാണ് അജിത് പവാര്‍ എന്‍.സി.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. വിശ്വാസ വോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് തൊട്ടുപിന്നാലെയായിരുന്നു അജിത് പവാര്‍ എന്‍.സി.പി നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായത്.