|

സുപ്രിയ സുലെക്കെതിരെ എന്റെ പങ്കാളിയെ മത്സരിപ്പിച്ചത് തെറ്റായ തീരുമാനമായിരുന്നു: അജിത് പവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: 2024 ലോക്‌സഭാ തെരഞ്ഞടുപ്പില്‍ എന്‍.സി.പി (ശരദ് പവാര്‍ വിഭാഗം) നേതാവ് സുപ്രിയ സുലെക്കെതിരെ തന്റെ പങ്കാളിയെ മത്സരിപ്പിച്ചത് തെറ്റായിപ്പോയെന്ന് എന്‍.ഡി.എ എം.എല്‍.എ അജിത് പവാര്‍. കുടുംബത്തിനുള്ളിലേക്ക് രാഷ്ട്രീയം കൊണ്ടുവരുന്നതില്‍ തനിക്ക് താത്പര്യമില്ലെന്നും അജിത് പവാര്‍ പറഞ്ഞു.

എന്‍.സി.പി പാര്‍ലമെന്ററി സമിതിയാണ് അജിത് പവാറിന്റെ പങ്കാളിയായ സുനേത്ര പവാറിനെ സുപ്രിയ സുലെക്കെതിരെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം തന്നെ ഒരു അഭിമുഖത്തില്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഈ തീരുമാനം തെറ്റായിപ്പോയെന്നാണ് അജിത് പവാര്‍ പറയുന്നത്. ഇത്തരത്തിലൊരു നീക്കം ഉണ്ടാകാന്‍ പാടില്ലായിരുന്നെന്നും എന്‍.ഡി.എ നേതാവ് ചൂണ്ടിക്കാട്ടി.

എന്‍.സി.പി എസ്.പി വിഭാഗം അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ശരദ് പവാറിന്റെ മകളാണ് സുപ്രിയ സുലെ. അജിത് പവാറിന്റെ മാതൃ സഹോദരനാണ് ശരദ് പവാര്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബാരാമതിയില്‍ നിന്ന് മത്സരിച്ച സുപ്രിയ സുലെ സുനേത്ര പവാറിനെ പരാജയപ്പെടുത്തിയിരുന്നു.

1,54,333 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുപ്രിയ സുലെ സുനേത്രയെ പരാജയപ്പെടുത്തിയത്. 7,32,312 വോട്ടുകള്‍ നേടിയാണ് ബാരാമതിയില്‍ നിന്ന് സുപ്രിയ സുലെ ലോക്‌സഭയിലെത്തിയത്. ശരദ് പവാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് എന്‍.സി.പിയില്‍ നിന്ന് അജിത് പവാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ എന്‍.ഡി.എ സഖ്യത്തിലേക്ക് കൂറുമാറുകയായിരുന്നു. നിലവില്‍ അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമാണ്. എന്‍.സി.പി, ശിവസേന, ബി.ജെ.പി സഖ്യമാണ് മഹാരാഷ്ട്രയില്‍ ഭരണം കൈയാളുന്നത്.

കഴിഞ്ഞ ദിവസം അജിത് പവാറിനെതിരെ സുപ്രിയ സുലെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. വഖഫ് വിഷയത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ശിവസേനയും അജിത് പവാറിന്റെ എന്‍.സി.പിയും ഒരേ നിലപാടാണോ പുലര്‍ത്തുന്നതെന്ന് സുപ്രിയ സുലെ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. വഖഫ് നിയമഭേദഗതിയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ എന്‍.സി.പി അജിത് പവാര്‍ വിഭാഗം പ്രതിനിധികളെ ലോക്‌സഭയില്‍ കാണാതായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രിയയുടെ വിമര്‍ശനം.

ഇതിനുപുറമെ ജി.എസ്.ടി കൗണ്‍സില്‍ യോഗങ്ങളില്‍ നിന്ന് വിട്ടുനിന്നതിനും അജിത് പവാറിനെതിരെ സുപ്രിയ വിമര്‍ശനം ഉന്നയിച്ചു. സംസ്ഥാന ധനമന്ത്രി ഇത്തരത്തിലുള്ള യോഗങ്ങളില്‍ പങ്കെടുക്കുകയും നികുതി പ്രശ്നങ്ങളിൽ ചർച്ചകൾ നടത്തുകയും ചെയ്യുന്നില്ലെങ്കിൽ , സാമ്പത്തിക പ്രശ്നങ്ങളെ സംസ്ഥാനം എങ്ങനെ നേരിടുമെന്നാണ് സുപ്രിയ സുലെ ചോദിച്ചത്.

സംസ്ഥാനത്തെ 288 നിയമസഭാ സീറ്റുകളിലേക്ക് ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സുപ്രിയ സുലെയുടെ വിമര്‍ശനം. ഈ നിര്‍ണായക ഘട്ടത്തില്‍ അജിത് പവാര്‍ മഹാരാഷ്ട്രയിലെ ‘ജന്‍ സമ്മാന്‍ യാത്ര’ക്ക് നേതൃത്വം നല്‍കുകയാണ്. ജനസമ്പര്‍ക്ക പരിപാടിയിലൂടെ സംസ്ഥാനത്തെ ജനങ്ങളെ സര്‍ക്കാരിന്റെ പദ്ധതികളെ കുറിച്ച് ബോധ്യപ്പെടുത്താനാണ് അജിത് പവാര്‍ അടക്കമുള്ള എന്‍.ഡി.എ നേതാക്കള്‍ ശ്രമിക്കുന്നത്.

Content Highlight: NDA MLA Ajit Pawar says it was wrong to field his partner against Supriya Sule