| Monday, 20th January 2020, 10:44 pm

പൗരത്വ ഭേദഗതി നിയമത്തിലെ എതിര്‍പ്പ്: ദല്‍ഹി തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച് എന്‍.ഡി.എ സഖ്യകക്ഷി അകാലിദള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി എന്‍.ഡി.എ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍.

ശിരോമണി അകാലിദള്‍ നേതാവായ മജീന്ദര്‍ സിങാണ് വാര്‍ത്തസമ്മേളനത്തില്‍ വെച്ച് തീരുമാനമറിയിച്ചത്. പൗരത്വ ഭേദഗതിയും എന്‍.ആര്‍.സിയും സംബന്ധിച്ച പാര്‍ട്ടി നിലപാട് പുനപരിശോധിക്കാന്‍ ബി.ജെ.പി ആവശ്യപ്പെട്ടത് അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുന്നതെന്ന മജീന്ദര്‍ സിങ് പറഞ്ഞു.

‘പൗരത്വ ഭേദഗതി നിയമത്തില്‍ നിന്നും ഏതെങ്കിലും ഒരു മതവിഭാഗത്തെ ഒഴിവാക്കണമെന്ന് ഞങ്ങള്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ബി.ജെ.പിയും ശിരോമണി അകാലിദളും തമ്മില്‍ വളരെ നാളുകളായുള്ള ബന്ധമാണ്. പക്ഷെ പൗരത്വ ഭേദഗതിയില്‍ എല്ലാ മതസ്ഥരെയും ഉള്‍പ്പെടുത്തണമെന്ന് ഞങ്ങളുടെ തീരുമാനത്തെ പുനപരിശോധിക്കാന്‍ ബി.ജെ.പി ആവശ്യപ്പെടുകയായിരുന്നു. തീരുമാനം മാറ്റാന്‍ ഞങ്ങള്‍ തയ്യാറല്ല. അതിനാലാണ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.’ മജീന്ദര്‍ സിങ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും അതിനാല്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതത്തിന്റെ അടിസ്ഥാത്തില്‍ രാജ്യത്തെ വിഭജിക്കുന്നത് തെറ്റാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും സംബന്ധിച്ച വിഷയങ്ങളില്‍ ബി.ജെ.പിയുമായി കടുത്ത അഭിപ്രായവ്യത്യാസത്തിലായിരുന്നു അകാലിദള്‍. ഇതിനിടയില്‍ സീറ്റ് വിഭജനത്തില്‍ കൂടി തര്‍ക്കം ഉടലെടുത്തതോടെയാണ് തെരഞ്ഞെടുപ്പില്‍ നിന്നും പാര്‍ട്ടി പിന്മാറിയത്.

അകാലിദളിന്റെ രാജ്യസഭാ അംഗമായ നരേഷ് ഗുജ്‌റള്‍ മുസ്‌ലിം സമുദായത്തെ കൂടി പൗരത്വ ഭേദഗതി നിയമത്തില്‍ ഉള്‍ക്കൊള്ളിക്കണമെന്ന് കഴിഞ്ഞ മാസം തന്നെ ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്താവന ബി.ജെ.പിയെ ചൊടിപ്പിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അകാലിദളിന്റെ സ്ഥാനാര്‍ത്ഥികളും താമര ചിഹ്നത്തില്‍ തന്നെ മത്സരിക്കണമെന്ന് ബി.ജെ.പിയില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. ഇതും ബി.ജെ.പിയും അകാലിദളും തമ്മിലുള്ള പ്രശ്‌നങ്ങളുടെ ആക്കം കൂട്ടിയെന്നാണ് കരുതപ്പെടുന്നത്.

DoolNews Video

We use cookies to give you the best possible experience. Learn more