വോട്ടെണ്ണലിന് മുന്‍പ് എന്‍.ഡി.എ നേതാക്കള്‍ക്ക് അമിത് ഷായുടെ വിരുന്ന്; പ്രത്യേക യോഗം നാളെ ദല്‍ഹിയില്‍
D' Election 2019
വോട്ടെണ്ണലിന് മുന്‍പ് എന്‍.ഡി.എ നേതാക്കള്‍ക്ക് അമിത് ഷായുടെ വിരുന്ന്; പ്രത്യേക യോഗം നാളെ ദല്‍ഹിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th May 2019, 11:58 am

ന്യൂദല്‍ഹി: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുന്നതിന് രണ്ട് ദിവസം മുന്‍പ് ദല്‍ഹിയില്‍ എന്‍.ഡി.എയുടെ പ്രത്യേക മന്ത്രിസഭാ യോഗം.

നാളെയാണ് എന്‍.ഡി.എ നേതാക്കളുടെ യോഗം ചേരുന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേതാക്കള്‍ക്ക് വിരുന്നൊരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നഎന്‍.ഡി.എ സഖ്യകക്ഷികളില്‍പ്പെട്ട എല്ലാ നേതാക്കളോടും മെയ് 24 ന് ദല്‍ഹിയില്‍ എത്താനും നിര്‍ദേശമുണ്ട്.

കഴിഞ്ഞ തവണ ബി.ജെ.പി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയതിന് സമാനമായ ഫലമാണ് ഇപ്പോള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം പ്രവചിക്കുന്നത്.

ഇന്ത്യാ ടുഡെയാണ് ഏറ്റവുമധികം സീറ്റുകളില്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും വിജയം പ്രവചിക്കുന്നത്. 365 സീറ്റ് വരെ എന്‍.ഡി.എ നേടിയേക്കാമെന്ന് അവര്‍ പറയുന്നു. 108 സീറ്റില്‍ യു.പി.എയും 69 സീറ്റില്‍ മറ്റുള്ളവരും വിജയിക്കുമെന്നാണ് ഇന്ത്യ ടുഡെ പുറത്തുവിട്ട ഫലം.

സി.എന്‍.എന്‍ ന്യൂസ് 18 എന്‍.ഡി.എക്ക്് 336 സീറ്റുകളും യു.പി.എക്ക് 82 സീറ്റും മറ്റുള്ളവര്‍ക്ക് 124 സീറ്റുമാണ് പ്രവചിച്ചത്.

ടൈംസ് നൗ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം 306 സീറ്റുകളാണ് എന്‍.ഡി.എക്ക് ലഭിക്കുക. 132 സീറ്റ് കോണ്‍ഗ്രസിന് പ്രവചിക്കുമ്പോള്‍ 104 സീറ്റുകളാണ് മറ്റ് പാര്‍ട്ടികള്‍ക്ക് പ്രവചിക്കുന്നത്.

റിപ്പബ്ലിക് ചാനലിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം 287 സീറ്റിലാണ് എന്‍.ഡി.എ വിജയിക്കാന്‍ സാധ്യതയുള്ളത്. യു.പി.എക്ക് 128 സീറ്റ് വരെ കിട്ടാം. മറ്റ് പാര്‍ട്ടികളും 127 സീറ്റ് വരെ വിജയിക്കാമെന്നും അവര്‍ പറയുന്നു.

ന്യൂസ് എക്‌സ് 298 സീറ്റില്‍ എന്‍.ഡി.എയ്ക്കും 118 സീറ്റില്‍ യു.പി.എയക്കും 126 സീറ്റില്‍ മറ്റ് പാര്‍ട്ടികള്‍ക്കും വിജയം പ്രവചിക്കുന്നു.

എബിപി ന്യൂസാണ് ഇന്ത്യയില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രവചിച്ചിരിക്കുന്നത്. എന്‍.ഡി.എക്ക് 267 സീറ്റ് മാത്രമേ ലഭിക്കൂവെന്നും യു.പി.എയ്ക്ക് 127 സീറ്റ് വരെ മാത്രമേ ലഭിക്കൂവെന്നും മറ്റുള്ളവര്‍ 148 സീറ്റിലും വിജയിക്കുമെന്നും ഇവര്‍ പ്രവചിക്കുന്നു.