| Tuesday, 24th September 2024, 4:40 pm

കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവെച്ചുകൊന്ന ഉദ്യോഗസ്ഥന് പാരിതോഷികവുമായി എന്‍.ഡി.എ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിലെ ബദ്‌ലാപൂരില്‍ നേഴ്സറി വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവെച്ചുകൊന്ന പൊലീസ് ഉദ്യോഗസ്ഥന് പാരിതോഷികം പ്രഖ്യാപിച്ച് ശിവസേന നേതാവ് കിരണ്‍ സോനവാനെ. പ്രതി അക്ഷയ് ഷിന്‍ഡെയെ കൊലപ്പെടുത്തിയില്‍ 51000 രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

‘ഞങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാരിനൊപ്പമാണ്. സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ അക്ഷയ് ഷിന്‍ഡെയെ പിന്തുണക്കുന്നുണ്ടെങ്കില്‍ അവനായി ഒരു അനുശോചന പരിപാടി സംഘടിപ്പിക്കണം,’ എന്ന് പാരിതോഷികം പ്രഖ്യാപിച്ചതിന് പിന്നാലെ കിരണ്‍ പ്രതികരിച്ചു.

തെളിവെടുപ്പിനായി തലോജ ജയിലില്‍ നിന്ന് ബദ്‌ലാപൂരിലേക്ക് കൊണ്ടുവരുന്നതിടെയുണ്ടായ ഏറ്റുമുട്ടലിലാണ് റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി കൊല്ലപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥന്റെ കൈവശമുണ്ടായിരുന്ന തോക്ക് തട്ടിപ്പറിച്ച് വെടിവെച്ചതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് മരണം.

എന്നാല്‍ ഏറ്റുമുട്ടലില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. അതേസമയം ഏറ്റുമുട്ടലില്‍ പൊലീസിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി ആളുകളാണ് പ്രതികരിക്കുന്നത്.

സ്‌കൂള്‍ ശുചിമുറിയില്‍ വെച്ച് രണ്ട് നേഴ്സറി വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ സംസ്ഥാനത്തുടനീളമായി പ്രതിഷേധമുയര്‍ന്നിരുന്നു. പ്രതിഷേധത്തില്‍ ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ സമ്മര്‍ദത്തിലാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്.

എന്നാല്‍ സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്നാണ് പ്രതിപക്ഷം ഉയര്‍ത്തിയ പ്രധാന വിമര്‍ശനം.

ഓഗസ്റ്റ് 13നാണ് മഹാരാഷ്ട്രയിലെ ബദ്‌ലാപൂരില്‍ നേഴ്സറി വിദ്യാര്‍ത്ഥികളായ മൂന്നും നാലും വയസുള്ള രണ്ട് വിദ്യാര്‍ത്ഥികളെ സ്‌കൂളിലെ ശുചീകരണ തൊഴിലാളി ലൈംഗികപീഡനത്തിനിരയാക്കുന്നത്. പെണ്‍കുട്ടികളിലൊരാള്‍ സ്‌കൂളില്‍ പോകാന്‍ വിസമ്മിച്ചതോടെയാണ് അതിക്രമ വിവരം വീട്ടുകാര്‍ അറിയുന്നത്.

എന്നാല്‍ പരാതിയുമായി സ്റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയുടെ രക്ഷിതാക്കളൈ പതിനൊന്ന് മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ കാത്തുനില്‍പ്പിച്ചു. കൂടാതെ പ്രതിയുടെ പേരില്‍ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യാനും പൊലീസ് വിസമ്മതിച്ചു. ഒടുവില്‍ ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസ് പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയത്.

Content Highlight: NDA leader awards reward to officer who shot dead accused in child molestation case

We use cookies to give you the best possible experience. Learn more