| Friday, 10th March 2017, 7:44 am

'ബി.ജെ.പി വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചു'; കേന്ദ്ര മന്ത്രിമാരുമായുളള ചര്‍ച്ചയില്‍ നിന്ന് തുഷാര്‍ വെള്ളാപ്പള്ളി വിട്ട് നില്‍ക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തിലെ എന്‍.ഡി.എ നേതൃത്വം കേന്ദ്ര മന്ത്രിമാരുമായി നടത്തുന്ന ചര്‍ച്ചയില്‍ ബി.ഡി.ജെ.എസ് അധ്യക്ഷനും എന്‍.ഡി.എ സംസ്ഥാന കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുക്കില്ല. ബി.ജെ.പി കേന്ദ്ര നേതൃത്വം തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിലുള്ള പ്രതിഷേധ സൂചകമായാണ് തുഷാര്‍ സംഘത്തില്‍ നിന്നും വിട്ട് നില്‍ക്കുന്നത്.


Also read പുതിയ പത്തുരൂപാ നോട്ടുകള്‍ വരുന്നു


എന്നാല്‍ മുന്നണിയില്‍ സഹകരിക്കുന്നില്ലെന്ന ആരോപണം ഒഴിവാക്കാനായി ബി.ഡി.ജെ.എസ് ജനറല്‍ സെക്രട്ടറി ടി.വി ബാബു പാര്‍ട്ടി പ്രതിനിധിയായി സംഘത്തിലുണ്ടാകും. മുന്നണി പ്രവേശന സമയത്ത് ബി.ഡി.ജെ.എസിന് ലഭിച്ച വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ ഭാഗമായുള്ള പദവികളും വിവിധ ബോര്‍ഡുകളിലും ബി.ഡി.ജെ.എസ് പ്രതിനിധികള്‍ക്ക് പ്രാതിനിധ്യം ബി.ജെ.പി ഉറപ്പ് നല്‍കിയിരുന്നതായിരുന്നു. എന്നാല്‍ ഒഴിവ് വന്ന സ്ഥലങ്ങളിലൊന്നും തങ്ങളെ പരിഗണിക്കുന്നില്ലെന്ന പരാതിയിലാണ് പാര്‍ട്ടി നേതൃത്വം.

കേരളത്തിലെ എന്‍.ഡി.എയുടെ കണ്‍വീനര്‍ തുഷാര്‍ ആണെങ്കിലും മുന്നണി പ്രവര്‍ത്തനങ്ങളിലൊന്നും ബി.ജെ.പി- ബി.ഡി.ജെ.എസ് ഏകോപനമില്ലാതായിട്ട് നാളുകളായി. മുന്നണിയില്‍ തുടരണോ എന്ന കാര്യം ബി.ജെ.പി കേന്ദ്ര നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാകും തുഷാര്‍ തീരുമാനിക്കുക. നേരത്തെ രാജ്യത്ത് നടക്കുന്ന നിയമസാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം കേരളത്തിലെ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാമെന്ന് അമിത് ഷാ അറിയിച്ചിരുന്നു.

ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സംഘമാണ് കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്. കേരളത്തിലെ വരള്‍ച്ചയ്ക്കു കേന്ദ്രത്തിന്റെ ദുരിതാശ്വാസ സഹായം തേടുക, റേഷന്‍ പ്രതിസന്ധി പരിഹരിക്കുക, കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ മന്ത്രിമാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് കേരള സംഘം ദല്‍ഹിയിലേക്ക് തിരിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more