| Monday, 2nd November 2020, 8:48 am

ശോഭാ സുരേന്ദ്രന്‍-ബി.ഡി.ജെ.എസ് രഹസ്യനീക്കം?; പാര്‍ട്ടിക്കുള്ളിലെ ഭിന്നതയ്‌ക്കൊപ്പം ബി.ജെ.പിയെ വെട്ടിലാക്കി സഖ്യകക്ഷികളുയര്‍ത്തുന്ന ഭീഷണിയും

സ്പോര്‍ട്സ് ഡെസ്‌ക്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി ഭിന്നതയും ഘടക കക്ഷികളുടെ കൊഴിഞ്ഞുപോക്കും. എന്‍.ഡി.എയിലെ പ്രമുഖ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് ബി.ജെ.പിയോട് ഇടയുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്ന പോരുമായി രംഗത്തെത്തിയ ശോഭാ സുരേന്ദ്രനൊപ്പം ബി.ഡി.ജെ.എസ് നീക്കങ്ങള്‍ നടത്തിയാല്‍ അത് ബി.ജെ.പിക്ക് വെല്ലുവിളിയാകും. പുനസംഘടനയില്‍ തന്നെ തരംതാഴ്ത്തിയെന്നും ആരുടെയും വിഴുപ്പലക്കാന്‍ താത്പര്യമില്ലെന്നും ശോഭാ സുരേന്ദ്രന്‍ പരസ്യമായി പ്രതികരിച്ചിരുന്നു.

ഇതിനൊപ്പം തന്നെ കേരള കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗം എന്‍.ഡി.എ വിട്ട് യു.ഡി.എഫിലേക്ക് പോകാനുള്ള നീക്കങ്ങള്‍ ശക്തമാക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പി.കെ കൃഷ്ണദാസ്, എം.ടി രമേശ് പക്ഷം ശോഭ സുരേന്ദ്രനൊപ്പമല്ല എന്നത് ബി.ജെ.പിക്ക് നിലവിലെ സാഹചര്യത്തില്‍ ആശ്വാസമാണ്.

ജോസ് കെ. മാണി വിഭാഗം യു.ഡി.എഫ് വിട്ടതിന് പിന്നാലെ മുന്നണി ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവുമായി ബി.ഡി.ജെ.എസും ശോഭ സുരേന്ദ്രനും ബന്ധപ്പെട്ടുവെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ശോഭ സുരേന്ദ്രന്‍ ബി.ഡി.ജെ.എസുമായി ചേര്‍ന്ന് രഹസ്യധാരണയ്ക്ക് ശ്രമിക്കുന്നുണ്ടോ എന്ന ആശങ്ക പാര്‍ട്ടിയില്‍ ശക്തമാണ്. എന്‍.ഡി.എക്കൊപ്പം നിന്നത് പാര്‍ട്ടിക്ക് വേണ്ടത്ര ഗുണം ചെയ്തില്ലെന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയും ബി.ഡി.ജെ.എസ് നേരത്തെ ഉന്നയിച്ചിരുന്നു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി ദേശീയ നേതൃത്വത്തിന് ശോഭാ സുരേന്ദ്രന്‍ കത്തയച്ചിരുന്നു.

കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കി തെരഞ്ഞെടുത്തതിന് പിന്നാലെ ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമായിരുന്നു. പാര്‍ട്ടി പുനസംഘടന സംബന്ധിച്ചും ആരോപണങ്ങളുയര്‍ന്നിരുന്നു.

സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കിയതിന് ശേഷം പാര്‍ട്ടിയില്‍ അവഗണന നേരിടുന്നവരെ ചേര്‍ത്ത് ശോഭ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. അവരുടെ കൂടി അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത്.

സുരേന്ദ്രന്റെ രാഷ്ട്രീയ ഭാവിക്ക് തടസ്സമാകും എന്ന് മനസിലാക്കി അദ്ദേഹം തന്നെ തഴയുകയായിരുന്നെന്നും ശോഭ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശോഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും കോര്‍ കമ്മിറ്റി ഏക വനിതാ അംഗവുമായി തുടരുമ്പോഴാണ് സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്.

പാര്‍ട്ടിയുടെ അംഗത്വ വിതരണവുമായി ബന്ധപ്പെട്ട അഞ്ചംഗ ദേശീയ സമിതിയില്‍ വരെ ഉണ്ടായിരുന്ന തന്നെ കോര്‍കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി 2004ല്‍ വഹിച്ചിരുന്ന പദവികളിലേക്ക് തരം താഴ്ത്തിയെന്നും പരാതിയില്‍ അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.ശോഭയുടെ പരാതിക്കുപിന്നാലെ സംസ്ഥാന ബി.ജെ.പിയില്‍ അസംതൃപ്തരായവരുടെ കൂട്ടായ്മയും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: NDA in Kerala in dilemma after Shoba Surendran rebel move

We use cookies to give you the best possible experience. Learn more