ന്യൂദല്‍ഹി: വി.വി.ഐ.പി സുരക്ഷ നല്‍കുന്നതില്‍ മോദി സര്‍ക്കാര്‍ കഴിഞ്ഞ സര്‍ക്കാരിനേക്കാള്‍ മുന്നിലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ സര്‍ക്കാര്‍ 350 പേര്‍ക്കു അതീവ സുരക്ഷകൊടുത്തപ്പോള്‍ എന്‍.ഡി.എ സര്‍ക്കാര്‍ ഇതുവരെ 475 പേര്‍ക്കാണ് അതീവ സുരക്ഷ ഒരുക്കുന്നതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു.
ബാബാ രാംദേവും ആള്‍ദൈവം മാതാ അമൃതാനന്ദമയിക്കുമെല്ലാം ഇസഡ് കാറ്റഗറി സുരക്ഷയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിക്കും ഇസഡ് കാറ്റഗറി സുരക്ഷയുണ്ട്. അംബാനിയുടെ ഭാര്യ നിതാ അംബാനിക്കും മോദി സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ നല്‍കുന്നുണ്ട്.
Also Read: ‘പശു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാള പുറത്തിറക്കി
എന്നാല്‍ സര്‍ക്കാര്‍ ഈ പട്ടികയുടെ വലുപ്പം കുറക്കാന്‍ ഒരുങ്ങുകയാണെന്നാണ് ഇപ്പോള്‍ പറയുന്നത്. ചില രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍കുന്ന ദേശീയ സുരക്ഷാ സേനയുടെ സുരക്ഷ ഉടനെ നിര്‍ത്തലാക്കുമെന്നും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്, ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ്, ചത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ്, ഡി.എം.കെ നേതാവ് എം കരുണാനിധി എന്നിവര്‍ക്കാണ് എന്‍.എസ്.ജി സുരക്ഷ നഷ്ടമാവുകയെന്നാണ് സൂചനകള്‍.
ഇവര്‍ക്കെല്ലാം നിലവില്‍ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണുള്ളത്. മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ 26 പേര്‍ക്കാണ് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കിയിരുന്നത്. 50 പേര്‍ക്കാണ് നിലവില്‍ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ എന്‍.ഡി.എ സര്‍ക്കാര്‍ നല്‍കുന്നത്.