| Saturday, 21st June 2014, 10:23 am

റെയില്‍വേയ്ക്ക് പിറകെ പാചകവാതവും?

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: റെയില്‍വേ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചതിന് പിന്നാലെ പാചക വാതക വില കൂട്ടാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പ്രതിമാസം 10 രൂപവീതം വര്‍ധിപ്പിച്ച് 7000 കോടി രൂപ അധികമായി സമാഹരിക്കാനാണ് എന്‍.ഡി.എ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഇത് സംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രിയ്ക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ബജറ്റ് അവതരണത്തിലാവും ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുക. ഇതോടെ നിലവിലുള്ള പാചക വാതക സബ്‌സിഡി പൂര്‍ണ്ണമായും ഇല്ലാതാവും. ഇന്ധന സബ്‌സിഡി ഇനത്തില്‍ സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക ഈവര്‍ഷത്തോടെ 1.40 ലക്ഷം കോടി രൂപ കവിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം ഇറാഖിലെ ആഭ്യന്തര യുദ്ധംമൂലം ഇന്ധനവിലയില്‍ വരുന്ന വര്‍ധനയും വന്‍ബാധ്യതയുണ്ടാക്കുമെന്നാണ് കണക്കുകൂട്ടല്‍.

നിലവില്‍ 12 സിലിണ്ടറാണ് സബ്‌സിഡി ഇനത്തില്‍ ലഭിക്കുന്നത്.  പ്രതിമാസം 10 രൂപ നിരക്കില്‍ വിലവര്‍ധിപ്പിച്ച് സബ്‌സിഡി ക്രമേണ ഇല്ലാതാക്കാനാണ് തീരുമാനം. എണ്ണവില കഴിഞ്ഞ ഒമ്പതുമാസത്തെ ഏറ്റവും കൂടിയ നിരക്കില്‍ തുടരുന്നതിനാല്‍ സര്‍ക്കാരിന് കടുത്ത തീരുമാനമെടുക്കാതെ വഴിയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിരിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് കനത്ത ബാധ്യത ഒറ്റയടിക്ക് അനുഭവപ്പെടാതിരിക്കാന്‍ ഡീസല്‍ വില പ്രതിമാസം 50 പൈസ നിരക്കില്‍ വര്‍ധിപ്പിച്ചത് മാതൃകയാക്കിയാണ് പുതിയ നിരക്ക് വര്‍ധന നടപ്പാക്കാനൊരുങ്ങുന്നത്. യാത്രാക്കൂലി 14.2 ശതമാനവും ചരക്ക് കൂലി 6.5 ശതമാനവുമാക്കി ഉയര്‍ത്തി റെയില്‍വേ നരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചതിന് പിറകെയാണ് പാചകവാതകത്തിന്റെ വിലയും വര്‍ധിപ്പാക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more