| Thursday, 28th March 2024, 11:01 am

ഏക സിവില്‍കോഡും നീറ്റ് പരീക്ഷയും അംഗീകരിക്കാനാകില്ലെന്ന് എന്‍.ഡി.എ ഘടകകക്ഷി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഏക സിവില്‍ കോഡ് അംഗീകരിക്കില്ലെന്ന് എന്‍.ഡി.എ ഘടകകക്ഷിയായ പട്ടാളി മക്കള്‍ കക്ഷി. പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തിലും ഏക സിവില്‍ കോഡിന്റെ കാര്യത്തിലും മുന്‍ നിലപാടുകള്‍ തിരുത്തിയിട്ടില്ലെന്നും നീറ്റ് പരീക്ഷയെയും ഏക സിവില്‍ കോഡിനെയും അംഗീകരിക്കുന്നില്ലെന്നും പി.എം.കെ പ്രസിഡന്റ് അന്‍പുമണി രാംദോസ് പറഞ്ഞു.

‘ ഞങ്ങല്‍ നീറ്റ് പരീക്ഷയെ എതിര്‍ക്കുന്നു, ഞങ്ങള്‍ യുണിഫോം സിവില്‍ കോഡിനെ അംഗീകരിക്കുന്നില്ല. ഞങ്ങളുടെ ഐഡിയോളജിയില്‍ മാറ്റാം വരുത്തിയിട്ടില്ല. വ്യത്യസ്ത നിലപാടുള്ളവരായിട്ടും കോണ്‍ഗ്രസും കമ്യൂണിസ്റ്റുകാരും ഒരുമിച്ച് മത്സരിക്കുന്നില്ലേ. കേരളത്തില്‍ വര്‍ പരസ്പരം മത്സരിക്കുകയും ചെയ്യുന്നു. അതുപോലുള്ള ബന്ധമല്ല ഞങ്ങളുടേത്’ അന്‍പുമണി രാംദാസ് പറഞ്ഞു.

കേന്ദ്രമന്ത്രിസ്ഥാനം ആഗ്രഹിച്ചാണ് മുന്നണി മാറിയതെന്ന ആരോപണത്തെ അന്‍പുമണി രാംദോസ് തള്ളിക്കളഞ്ഞു. ആരോപണം അസംബന്ധമാണെന്നും 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്നണി മാറിയത് പി.എം.കെ അണികള്‍ക്ക് അംഗീകരിക്കാനായിട്ടില്ലെന്ന എ.ഐ.എ.ഡി.എം.കെയുടെ ആരോപണത്തെയും പി.എം.കെ പ്രസിഡന്റ് വിമര്‍ശിച്ചു. കൂടെ നില്‍ക്കുമ്പോള്‍ നല്ലത് പറയുകയും പിന്തുണച്ചില്ലെങ്കില്‍ അപകീര്‍ത്തിപ്പെടുത്തുകയുമാണ് അവര്‍ ചെയ്യുന്നത്. ഇത് നല്ല സംസ്‌കാരമല്ലെന്നും അന്‍പുമണി രാംദോസ് പറഞ്ഞു.

പതിറ്റാണ്ടുകളായി തമിഴ്‌നാടിനെ വഞ്ചിക്കുന്ന ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ പാര്‍ട്ടികളില്‍ നിന്ന് തമിഴ്‌നാടിനെ രക്ഷിക്കാന്‍ വേണ്ടിയാണ് എന്‍.ഡി.എയില്‍ ചേര്‍ന്നതെന്നും അന്‍പുമണി രാംദോസ് പറഞ്ഞു. ഭാര്യം സൗമ്യയെ ധര്‍മപുരിയിലെ സ്ഥാനാര്‍ത്ഥിയാക്കിതിലെ വിമര്‍ശനങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. പാര്‍ട്ടിയുടെ ആവശ്യമായിരുന്നു അവരുടെ സ്ഥാനാര്‍ത്ഥിത്വമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് സഖ്യമുണ്ടെങ്കിലും വിയോജിപ്പുകളുണ്ടാകുന്ന സമയങ്ങളില്‍ തങ്ങള്‍ ബി.ജെ.പിയെ വിമര്‍ശിക്കുമെന്നും അന്‍പുമണി രാംദോസ് പറഞ്ഞു. തമിഴ്‌നാട്ടില്‍ എന്‍.ഡി.എയുടെ ഭാഗമായി 9 ലോക്‌സഭ സീറ്റുകളിലാണ് പി.എം.കെ മത്സരിക്കുന്നത്.

CONTENT HIGHLIGHTS: NDA Constituent Party Says Uniform Civil Code and NEET Exam Can’t Be Accepted

We use cookies to give you the best possible experience. Learn more