| Saturday, 8th May 2021, 4:21 pm

ബി.ജെ.പിയുടെ ഏക അക്കൗണ്ട് പൂട്ടിച്ചത് ഒ. രാജഗോപാലിന്റെ കയ്യിലിരിപ്പും കൊതിക്കെറുവും; വിമര്‍ശനവുമായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായിരുന്ന ആകെയുള്ള ഒരു സീറ്റ് നഷ്ടപ്പെടാന്‍ കാരണം മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാലാണെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി വിഷ്ണുപുരം ചന്ദ്രശേഖരന്‍.

എന്‍.ഡി.എയുടെ കോവളം നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥിയായിരുന്നു ചന്ദ്രശേഖരന്‍. കേരളത്തില്‍ ബി.ജെ.പിയുടെ ഏക അക്കൗണ്ട് പൂട്ടിച്ചത് ഒ. രാജഗോപാലിന്റെ കയ്യിലിരിപ്പും കൊതിക്കെറുവും കൊണ്ടാണെന്നാണ് ചന്ദ്രശേഖരന്റെ വിമര്‍ശനം.

ജരാനര ബാധിച്ചു കഴിഞ്ഞാല്‍ ചിലര്‍ കഴിഞ്ഞതെല്ലാം മറക്കും. വല്ലാതെ സ്വാര്‍ത്ഥത കൂടും. നേടിയതൊന്നും പോര എന്ന തോന്നലില്‍ പിന്നെയും സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കും.

വളര്‍ത്തി വലുതാക്കിയ പ്രസ്ഥാനത്തെ മറന്നുള്ള അത്തരം പ്രവൃത്തികള്‍ ഗുണം ചെയ്യുക എതിരാളികള്‍ക്കാകും. അതാണ് ഈ തെരഞ്ഞെടുപ്പില്‍ നേമത്ത് കണ്ടത് എന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു ചന്ദ്രശേഖരന്റെ വിമര്‍ശനം. നേമത്ത് വീണ്ടും മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അത് തുറന്നു പറയുകയായിരുന്നു വേണ്ടിയിരുന്നത്. അല്ലാതെ അദ്ദേഹത്തെക്കാള്‍ സംഘടനാ പ്രവര്‍ത്തനരംഗത്ത് ഒട്ടും മോശമല്ലാത്ത കുമ്മനം രാജശേഖരന്‍ എന്ന സാത്വികന്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ സന്തോഷപൂര്‍വം അനുഗ്രഹിച്ച് ഒപ്പം നില്‍ക്കുന്നതിന് പകരം തരം താണ പ്രസ്താവനകളിലൂടെ സ്വന്തം വിലയിടിച്ചത് എന്താണെന്നും ചന്ദ്രശേഖരന്‍ ചോദിച്ചു.

ആദ്യമായി കേരളത്തില്‍ ജയിച്ച ഒരു മണ്ഡലത്തെ കേന്ദ്രപദ്ധതികള്‍ കൂടി പ്രയോജനപ്പെടുത്തി വികസനമാതൃകയാക്കാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്. നേമം ചൂണ്ടിക്കാട്ടി മറ്റ് മണ്ഡലങ്ങളില്‍ വോട്ടു പിടിക്കാന്‍ എന്‍.ഡി.എയ്ക്ക് കഴിയണമായിരുന്നു. നിയമസഭയില്‍ പോയി ഒ. രാജഗോപാല്‍ ഉറക്കം തൂങ്ങിയിരുന്നിട്ടും അദ്ദേഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍, എം.എല്‍.എ എന്ന നിലയില്‍ പൂര്‍ണ പരാജയമാണെന്നത് ശ്രദ്ധയില്‍പ്പെടുത്താന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും കഴിഞ്ഞില്ല. നേമത്തെ തോല്‍വിയുടെ കാരണം ബി.ജെ.പി വിലയിരുത്തുമ്പോള്‍ മുതിര്‍ന്ന നേതാവിന്റെ പ്രസ്താവനകള്‍ കൂടി ഓര്‍ത്തെടുക്കുന്നത് നന്നായിരിക്കുമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

വിഷ്ണുപുരം ചന്ദ്രശേഖരന്റെ കുറിപ്പ് പൂര്‍ണരൂപം,

നേമത്ത് അക്കൗണ്ട് പൂട്ടിച്ചത് ഒ.രാജഗോപാലിന്റെ കയ്യിലിരിപ്പും കൊതിക്കെറുവും; ഒപ്പം നിന്ന് പാര വച്ച് ബി.ഡി.ജെ.എസ്
………………………………..
ജരാനര ബാധിച്ചു കഴിഞ്ഞാല്‍ ചിലര്‍ കഴിഞ്ഞതെല്ലാം മറക്കും. വല്ലാതെ സ്വാര്‍ത്ഥത കൂടും… നേടിയതൊന്നും പോര എന്ന തോന്നലില്‍ പിന്നെയും സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കും.
വളര്‍ത്തി വലുതാക്കിയ പ്രസ്ഥാനത്തെ മറന്നുള്ള അത്തരം പ്രവൃത്തികള്‍ ഗുണം ചെയ്യുക എതിരാളികള്‍ക്കാകും. അതാണ് ഈ തെരഞ്ഞെടുപ്പില്‍ നേമത്ത് കണ്ടത്.
ഒ. രാജഗോപാല്‍ എന്ന മഹാമനുഷ്യനെ വിമര്‍ശിച്ച് ഒരു കുറിപ്പ് എഴുതേണ്ടിവരുന്നത് പോയിട്ട് ഒരു വാക്ക് പറയേണ്ടിവരുമെന്ന് പോലും ഒരിക്കലും വിചാരിച്ചിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ സമീപകാല പ്രവൃത്തികള്‍ കാണുമ്പോള്‍ പറയാതിരിക്കാനും വയ്യ.

സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ അടിയുറച്ചു നിന്ന രാജഗോപാല്‍ വിജയിക്കില്ലെന്നുറപ്പുണ്ടായിരുന്ന നാള്‍ മുതല്‍ ഈ കഴിഞ്ഞ തെരഞ്ഞെടുപ്പുവരെ എത്രയോ തവണ മത്സരിച്ചു. പരാജയങ്ങള്‍ക്കിടയിലും മറ്റൊരു സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലെത്തിച്ചും കേന്ദ്രമന്ത്രിപദം നല്‍കിയുമൊക്കെ ബിജെപി അദ്ദേഹത്തിന് ആവശ്യത്തിന് അംഗീകാരവും നല്‍കി.
2016 ല്‍ നേമത്തു നിന്ന് ജയിച്ച് അധികം വൈകാതെയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ചില മാറ്റം കണ്ടു തുടങ്ങിയത്. എം.എല്‍.എ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാനായില്ലെന്നതു പോകട്ടെ, തനിക്ക് ശേഷം പ്രളയം എന്ന തരത്തിലുള്ള പ്രസ്താവനകളും അദ്ദേഹം നടത്തി തുടങ്ങി. നിയമസഭയില്‍ പിണറായി സര്‍ക്കാരിന് അനുകൂലമായും കേന്ദ്ര പദ്ധതികളെ വിമര്‍ശിച്ചുമൊക്കെ വാര്‍ത്തകളിലിടം നേടിയ, ‘പ്രവര്‍ത്തകരുടെ രാജേട്ടന്‍’ നേമത്ത് വീണ്ടും മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അത് തുറന്നു പറയുകയായിരുന്നു വേണ്ടിയിരുന്നത്. അല്ലാതെ അദ്ദേഹത്തെക്കാള്‍ സംഘടനാ പ്രവര്‍ത്തനരംഗത്ത് ഒട്ടും മോശമല്ലാത്ത കുമ്മനം രാജശേഖരന്‍ എന്ന സാത്വികന്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ സന്തോഷപൂര്‍വം അനുഗ്രഹിച്ച് ഒപ്പം നില്‍ക്കുന്നതിന് പകരം എന്താണ് തരം താണ പ്രസ്താവനകളിലൂടെ സ്വന്തം വിലയിടിച്ചത്.

കേരളത്തിലെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയുമൊക്കെ മനസിലെ ഒ.രാജഗോപാല്‍ എന്ന വിഗ്രഹം വീണുടഞ്ഞത് അദ്ദേഹം ഇനിയും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. രാജഗോപാലിന്റെ പ്രസ്താവനകള്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ഏറെ ദോഷകരമായി എന്ന വിലയിരുത്തല്‍ മാധ്യമങ്ങള്‍ അടക്കം ഇതിനോടകം നടത്തിയിട്ടുണ്ട്. അതു പൂര്‍ണമായും ശരിയുമാണ്.
ഒപ്പം ബി.ഡി.ജെ.എസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. ശിവന്‍കുട്ടിക്ക് വോട്ടുമറിക്കുക കൂടിയായപ്പോള്‍ ഒരു പക്ഷേ രാജഗോപാല്‍ ആഗ്രഹിച്ചതുപോലെ ഒരു തെരഞ്ഞെടുപ്പ് ഫലം അവിടെയുണ്ടായി. ആ സന്തോഷം അദ്ദേഹം പ്രചരിപ്പിച്ചതാകാം ഇന്നലത്തെ വിളക്കു തെളിക്കല്‍ എന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുള്ള വിമര്‍ശനം.

തെരഞ്ഞെടുപ്പ് വിജയാഘോഷ ഭാഗമായി എല്‍ഡിഎഫ് ഇന്നലെ സംസ്ഥാന വ്യാപകമായി വീടുകളില്‍ ദീപം തെളിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. അത് അവര്‍ ഭംഗിയായി നടത്തുകയും ചെയ്തു.
ഇതിനിടെ ബംഗാള്‍ അക്രമങ്ങളില്‍ പ്രതിഷേധിച്ച് എന്ന മട്ടില്‍ ഒ.രാജഗോപാല്‍ ദീപം തെളിച്ചു. ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു. ഒരു പക്ഷേ അദ്ദേഹം പറയുന്നത് ശരിയുമാകാം. പക്ഷേ അതിന് തെരഞ്ഞെടുത്ത സമയം വീണ്ടും സ്വന്തം പാര്‍ട്ടിക്ക് കൂടി അവമതിപ്പുണ്ടാക്കുന്നതാണ് എന്ന് എന്തുകൊണ്ടാണ് ഇത്രയധികം പ്രവര്‍ത്തനപാരമ്പര്യമുള്ള രാജേട്ടന്‍ മറന്നുപോയത്.
ബംഗാളില്‍ അക്രമം തുടങ്ങിയിട്ട് ദിവസങ്ങളായി. കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആക്രമിക്കപ്പെട്ടിട്ടു പോലും രണ്ടു ദിവസങ്ങളായി. ഇനി പ്രായവും ഓര്‍മക്കുറവും ഒക്കെയായതിനാല്‍ പ്രതിഷേധം അല്‍പം വൈകിയതാണെങ്കില്‍ അങ്ങനെയായിക്കോട്ടെ. ആ വിഷയം കൂടുതല്‍ വലിച്ചുനീട്ടുന്നില്ല. പക്ഷേ നേമത്തെ തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് സിറ്റിംഗ് എം.എല്‍.എ ആയിരുന്ന ആള്‍ക്ക് അങ്ങനെ കൈകഴുകാനാവില്ല.

ആദ്യമായി കേരളത്തില്‍ ജയിച്ച ഒരു മണ്ഡലത്തെ കേന്ദ്രപദ്ധതികള്‍ കൂടി പ്രയോജനപ്പെടുത്തി വികസനമാതൃകയാക്കാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്. നേമം ചൂണ്ടിക്കാട്ടി മറ്റ് മണ്ഡലങ്ങളില്‍ വോട്ടു പിടിക്കാന്‍ എന്‍ഡിഎയ്ക്ക് കഴിയണമായിരുന്നു. നിയമസഭയില്‍ പോയി ഒ. രാജഗോപാല്‍ ഉറക്കം തൂങ്ങിയിരുന്നിട്ടും അദ്ദേഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍, എം.എല്‍.എ എന്ന നിലയില്‍ പൂര്‍ണ പരാജയമാണെന്നത് ശ്രദ്ധയില്‍പ്പെടുത്താന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും കഴിഞ്ഞില്ല.

നേമത്തെ തോല്‍വിയുടെ കാരണം ബി.ജെ.പി വിലയിരുത്തുമ്പോള്‍ മുതിര്‍ന്ന നേതാവിന്റെ പ്രസ്താവനകള്‍ കൂടി ഓര്‍ത്തെടുക്കുന്നത് നന്നായിരിക്കും…
വിഷ്ണുപുരം ചന്ദ്രശേഖരന്

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

NDA candidate Vishnupuram Chandrasekharan has criticized O. Rajagopal

We use cookies to give you the best possible experience. Learn more