തിരുവനന്തപുരം: ശബരിമല സുവര്‍ണാവസരമാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് കേരളത്തില്‍ നേരിടേണ്ടി വന്നത് കനത്ത തിരിച്ചടി.
കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനും തുഷാര്‍ വെള്ളാപ്പള്ളിക്കുമടക്കം 13 എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്കു കെട്ടിവെച്ച തുക പോലും നഷ്ടമായി.
കണ്ണൂരില്‍ സി.കെ പത്മനാഭനാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും പിന്നില്‍. ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ സി.കെ.പദ്മനാഭന്‍ നേടിയത് 68509 വോട്ടാണ്. തൊട്ടുപിന്നില്‍ വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയാണ് ഇദ്ദേഹത്തിന് കിട്ടിയത് 78816 വോട്ടാണ്.
പോള്‍ ചെയ്ത വോട്ടില്‍ സാധുവായ വോട്ടിന്റെ ആറില്‍ ഒന്ന് നേടിയാല്‍ മാത്രമാണ് പത്രിക സമര്‍പ്പിക്കുന്ന സയമത്ത് കെട്ടിവച്ച തുക തിരിച്ചു ലഭിക്കുകയുള്ളൂ.
സി.കൃഷ്ണകുമാര്‍ (പാലക്കാട്), സുരേഷ് ഗോപി (തൃശൂര്‍), പി.സി.തോമസ് (കോട്ടയം), കെ.എസ്.രാധാകൃഷ്ണന്‍ (ആലപ്പുഴ), കെ.സുരേന്ദ്രന്‍ (പത്തനംതിട്ട), ശോഭാ സുരേന്ദ്രന്‍ (ആറ്റിങ്ങല്‍), കുമ്മനം രാജശേഖരന്‍ (തിരുവനന്തപുരം) എന്നിവര്‍ക്കു മാത്രമാണ് കെട്ടിവെച്ച തുക ലഭിച്ചത്.
രണ്ടു സീറ്റില്‍ ജയവും 20 % വോട്ടും 10 നിയമസഭാ മണ്ഡലങ്ങളില്‍ ലീഡും പ്രതീക്ഷിച്ചായിരുന്നു ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ശബരിമല അടക്കം അനുകൂല സാഹചര്യങ്ങള്‍ വോട്ടാക്കിമാറ്റി അക്കൗണ്ട് തുറക്കുമെന്നു കരുതിയെങ്കിലും ഒരു സീറ്റു പോലും നേടാനാവാത്തത്ര പരിതാപകരമായിരുന്നു ബി.ജെ.പിയുടെ അവസ്ഥ.
മിസോറം ഗവര്‍ണര്‍ പദവി രാജിവച്ചു തലസ്ഥാനത്തു മല്‍സരിച്ച കുമ്മനം രാജശേഖരന്‍ മൂന്നു ലക്ഷത്തിലേറെ വോട്ടുനേടി രണ്ടാം സ്ഥാനത്തെത്തിയത് പാര്‍ട്ടിയ്ക്ക് ആശ്വാസം നല്‍കുമെങ്കിലും ബി.ജെ.പി ഉറപ്പിച്ച സീറ്റുകളില്‍ ഒന്നായിരുന്നു തിരുവനന്തപുരം.
ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനും പത്തനംതിട്ടയില്‍ കെ.സുരേന്ദ്രനും തൃശൂരില്‍ സുരേഷ് ഗോപിയും പാലക്കാട്ട് സി. കൃഷ്ണകുമാറും രണ്ടു ലക്ഷത്തിലേറെ വോട്ടുനേടിയത് പാര്‍ട്ടിക്ക് പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്.
17 ദിവസം മാത്രം പ്രചാരണ രംഗത്തുണ്ടായിരുന്ന സുരേഷ് ഗോപി നേടിയത് 2,93,822 വോട്ടാണ്. 2014 ല്‍ ബിജെപി തൃശൂരില്‍ നേടിയതിനേക്കാളും 1,91,141 വോട്ടുകളുടെ വര്‍ധനയാണ് ഉണ്ടായത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ മൂന്നിരട്ടി വോട്ടു കൂടിയ ആലപ്പുഴയാണ് ആശ്വാസം പകര്‍ന്ന മറ്റൊരു മണ്ഡലം. ഇവിടെ ഡോ. കെ.എസ് രാധാകൃഷ്ണന്‍ 1,86,278 വോട്ടു നേടി.
എന്നാല്‍ പ്രചരണ രംഗത്ത് തിളങ്ങിയ എറണാകുളത്തെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് 1,37,749 വോട്ടേ നേടാനായുള്ളൂ.
എക്‌സിറ്റ് പോളുകളില്‍ ബി.ജെ.പി ജയിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്ന പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സുരേന്ദ്രന്റെ ജയില്‍വാസമോ ശബരിമല പ്രക്ഷോഭങ്ങളോ അവിടെ വോട്ടായില്ല. ആറന്മുള ഉള്‍പ്പടെ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലും ബി.ജെ.പി പിന്നിലായി.
അടുത്തിടെ എന്‍.ഡി.എയില്‍ ചേര്‍ന്ന പി.സി ജോര്‍ജിന്റെ മണ്ഡലമായ പൂഞ്ഞാറിലും ബി.ജെ.പി ദയനീയ പ്രകടനമാണ് കാഴ്ചവെച്ചത്.