| Friday, 3rd June 2022, 11:43 am

പ്രതീക്ഷിച്ച മുന്നേറ്റം മുന്‍പും ഉണ്ടാവാറില്ലല്ലോ; തെരഞ്ഞെടുപ്പ് പരാജയത്തില്‍ എ.എന്‍. രാധാകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരാജയത്തില്‍ പ്രതികരണവുമായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്‍. തൃക്കാക്കരയില്‍ ഉമ തോമസിന്റെ തരംഗമാണെന്നും അതിന്റെ അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ടുണ്ടെന്നും എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു.

തൃക്കാക്കരയില്‍ വലിയ പ്രകടനം തങ്ങള്‍ കാഴ്ചവെച്ചിരുന്നെന്നും ആ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കുറച്ചുകൂടി വോട്ട് കൂടാനുള്ള സാധ്യത ഉണ്ടായിരുന്നെന്നും പക്ഷേ ഇപ്പോള്‍ ആ സാധ്യത കാണുന്നില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

‘ഉമ തോമസുമായി ബന്ധപ്പെട്ട് നല്ല ഒരു തരംഗം ഉണ്ട്. അത് വോട്ടിന്റെ ഭൂരിപക്ഷം കാണുമ്പോള്‍ നമുക്ക് മനസിലാകും. അതുകൊണ്ട് ആദ്യമായി ഞാന്‍ ഉമയെ അഭിനന്ദിക്കുകയാണ്. കോണ്‍ഗ്രസിന്റേയും ഉമയുടേയും മുന്നേറ്റം ശക്തമായി നടന്നിട്ടുണ്ട്. അതിന്റെ അടിയൊഴുക്കുകള്‍ വോട്ടെണ്ണല്‍ പൂര്‍ണമായാലേ പറയാന്‍ സാധിക്കുകയുള്ളൂ. എതായാലും കഴിഞ്ഞ തവണത്തെ വോട്ട് നിലനിര്‍ത്താനോ അല്ലെങ്കില്‍ അതിനടുത്ത് തന്നെ എത്താനോ ഉള്ള സാധ്യത ഞാന്‍ കാണുന്നുണ്ട്,’ എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു.

ബി.ജെ.പി കരുത്ത് കാണിക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷേ പ്രതീക്ഷിച്ച മുന്നേറ്റം കാണുന്നുണ്ടോ എന്ന ചോദ്യത്തിന് സാധാരണ ഉപതെരഞ്ഞെടുപ്പിലും പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാവാറില്ലല്ലോ എന്നായിരുന്നു രാധാകൃഷ്ണന്റെ മറുപടി.

ഇത്തവണ ഞങ്ങള്‍ കാഴ്ചവെച്ച ഒരു വലിയ പ്രകടനമുണ്ട്. ആ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കുറച്ചുകൂടി കൂടാനുള്ള സാധ്യത ഉണ്ടായിരുന്നു. പക്ഷേ ആ സാധ്യത കാണുന്നില്ല, രാധാകൃഷ്ണന്‍ പറഞ്ഞു.

അങ്ങനെയാണെങ്കില്‍ എവിടേക്കായിരിക്കും ആ വോട്ടുകള്‍ പോയിട്ടുണ്ടാകുക എന്ന ചോദ്യത്തിന് അങ്ങനെ ഇന്ന സ്ഥലത്ത് പോയി എന്ന് പറയാന്‍ പറ്റില്ല വോട്ടെണ്ണിക്കഴിയട്ടെ ആ സമയത്ത് നോക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പി.സി. ജോര്‍ജ് ഒരു ഘടകമായില്ലെന്നാണോ എന്ന ചോദ്യത്തിന് അങ്ങനെ എഫക്ട് ആയില്ലെന്ന് പറയാന്‍ പറ്റില്ലെന്നും എന്നാല്‍ ഇവിടെ ഒരു വലിയ തരംഗം ഉമയ്ക്ക് അനുകൂലമായി വന്നെന്നും സ്ത്രീകളുടെ വോട്ട് പോയിട്ടുണ്ടെന്നും അതൊക്കെ ബാധിച്ചിട്ടുണ്ടെന്നുമായിരുന്നു രാധാകൃഷ്ണന്‍ പറഞ്ഞത്.

തൃക്കാക്കരയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യു.ഡി.എഫ് വന്‍ ലീഡിലേക്ക് കുതിക്കുകയാണ്. എട്ട് റൗണ്ട് പൂര്‍ത്തിയാപ്പോള്‍ ഉമ തോമസ് ഇരുപതിനായിരത്തിലേറെ വോട്ടിന് മുന്നിലാണ്. അഞ്ചു റൗണ്ട് പൂര്‍ത്തിയാപ്പോള്‍ തന്നെ 12,414 വോട്ടിന്റെ ലീഡാണ് ഉമാ തോമസ് നേടിയത്. 2021 ല്‍ പി.ടി. തോമസിന് 5333 ആയിരുന്നു ലഭിച്ച ലീഡ്. ഇതിന്റെ ഇരട്ടിയാണ് ഉമയ്ക്ക് ലീഡ് ലഭിച്ചത്.

നാലാം റൗണ്ടില്‍ എണ്ണായിരത്തിലേറെ വോട്ടിന്റെ ലീഡാണ് ഉമ തോമസ് നേടിയത്. ആദ്യ മൂന്നു റൗണ്ടിലും പി.ടി. തോമസിന്റെ ലീഡിനേക്കാള്‍ ഇരട്ടിയിലേറെ ഉമ തോമസ് നേടിയിരുന്നു.

എറണാകുളം മഹാരാജാസ് കോളജില്‍ രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. വോട്ടെണ്ണാന്‍ 21 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു റൗണ്ടില്‍ 21 വോട്ടിങ് മെഷീനുകള്‍ എണ്ണി തീര്‍ക്കും. പതിനൊന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ ഫലം പ്രഖ്യാപിക്കും.

239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍മാരാണ് ചൊവ്വാഴ്ച ജനഹിതം രേഖപ്പെടുത്തിയത്. യു.ഡി.എഫിനായി ഉമ തോമസ്, എല്‍.ഡി.എഫിനായി ഡോ. ജോ ജോസഫ്, എന്‍.ഡി.എയുടെ എ.എന്‍ രാധാകൃഷ്ണന്‍ എന്നിവരായിരുന്നു മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാര്‍ത്ഥികള്‍. പി.ടി. തോമസിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Content Highlight: A.V Radhakrishnan NDA about Election Loss

We use cookies to give you the best possible experience. Learn more