| Tuesday, 24th November 2020, 5:03 pm

ബി.ജെ.പിയെ വിടാതെ ആര്‍.ജെ.ഡി; സ്പീക്കര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് മഹാസഖ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബീഹാറില്‍ തെരഞ്ഞെടുപ്പിന് ശേഷവും എന്‍.ഡി.എയുമായി നേരിട്ട് പോരാടാന്‍ ആര്‍.ജെ.ഡി. സ്പീക്കര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാണ് മഹാസഖ്യം ശക്തിപ്രകടനത്തിന് അവസരമൊരുക്കുന്നത്.

ബുധനാഴ്ചയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്‍.ഡി.എയ്ക്കായി ബി.ജെ.പി നേതാവ് വിജയ് കുമാര്‍ സിന്‍ഹയാണ് നോമിനേഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ആര്‍.ജെ.ഡിയുടെ അവാധ് ബിഹാരി ചൗധരിയാണ് മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി. സാധാരണഗതിയില്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് ഭരണകക്ഷി ശുപാര്‍ശ ചെയ്യുന്ന എം.എല്‍.എയെ എല്ലാവരും പിന്തുണയ്ക്കാറാണ് പതിവ്. അപൂര്‍വമായി മാത്രമെ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം ഉണ്ടാകാറുള്ളൂ.

എന്നാല്‍ തങ്ങള്‍ എന്‍.ഡി.എയ്‌ക്കെതിരായ മത്സരം തുടര്‍ന്നുകൊണ്ടേയിരിക്കും എന്നായിരുന്നു ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് പറഞ്ഞത്.

‘ഞങ്ങള്‍ ആദ്യ ചുവട് വെച്ചു. എന്‍.ഡി.എ അവരുടെ നോമിനിയെ തീരുമാനിക്കുന്നതിന് മുന്‍പ് ഞങ്ങളുടെ സ്ഥാനാര്‍ത്ഥി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഞങ്ങളുടെ സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന പ്രതീക്ഷ ഉണ്ട്’, തേജസ്വി യാദവ് പറഞ്ഞു.

അഞ്ച് തവണ എം.എല്‍.എയായ ചൗധരിയ്ക്ക് നിയമസഭാ ചട്ടങ്ങളെ സംബന്ധിച്ച് വ്യക്തമായ അറിവുണ്ടെന്നും യോഗ്യനായ സ്ഥാനാര്‍ത്ഥിയെ ആണ് തങ്ങള്‍ പരിഗണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ ഏകകണ്‌ഠേന പിന്തുണയ്ക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്ന് ഉപമുഖ്യമന്ത്രി തര്‍കിഷോര്‍ പ്രസാദ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ തുടര്‍ന്ന സമ്പ്രദായം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

243 അംഗ നിയമസഭയില്‍ എന്‍.ഡി.എയ്ക്ക് 125 അംഗങ്ങളാണുള്ളത്. മഹാസഖ്യത്തിന് 110 സീറ്റാണ് ലഭിച്ചത്.

മഹാസഖ്യത്തിലെ ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 75 സീറ്റാണ് ആര്‍.ജെ.ഡിയ്ക്ക് ലഭിച്ചത്.

കോണ്‍ഗ്രസിന് 19 സീറ്റും ലഭിച്ചു. ഇടത് പാര്‍ട്ടികളായ സി.പി.ഐ.എം.എല്‍ (12), സി.പി.ഐ.എം (2), സി.പി.ഐ (2) സീറ്റുകളില്‍ ജയിച്ചു.

ജെ.ഡി.യുവിന് 43 സീറ്റാണ് ലഭിച്ചിരുന്നത്. 74 സീറ്റിലാണ് ബി.ജെ.പി ജയിച്ചത്.

എന്‍.ഡി.എയിലെ മറ്റ് കക്ഷികളായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും നാല് വീതം സീറ്റുകളില്‍ വിജയിച്ചു.

എ.ഐ.എം.ഐ.എം 5 ഉം ബി.എസ്.പി ഒന്നും സീറ്റില്‍ വിജയിച്ചു. ഒറ്റയ്ക്ക് മത്സരിച്ച എല്‍.ജെ.പിയ്ക്കും ഒരു സ്വതന്ത്രനുമാണ് ശേഷിച്ച സീറ്റ്.

Content Highlight: NDA and Grand Alliance field candidates for Speakers post in Bihar

We use cookies to give you the best possible experience. Learn more