പനജി: പൗരത്വ ഭേദഗതി നിയമം ഗോവയിലും ബി.ജെ.പിയെ തിരിഞ്ഞുകൊത്തുന്നു. അസമില്‍ നേതാക്കള്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ ഗോവയില്‍ എന്‍.ഡി.എ സഖ്യകക്ഷിയായ ഗോവ ഫേര്‍വേര്‍ഡ് പാര്‍ട്ടി (ജി.എഫ്.പി) പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തു.
ജി.എഫ്.പി അധ്യക്ഷനും മുന്‍ ഉപമുഖ്യമന്ത്രിയുമായ വിജയ് സര്‍ദേശായിയുടെ നേതൃത്വത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗങ്ങളെല്ലാം പ്രതിഷേധത്തിനിറങ്ങി. തങ്ങളുടെ പാര്‍ട്ടി മതസൗഹാര്‍ദ്ദത്തിനും പുരോഗമനാശയങ്ങള്‍ക്കും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിനും വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് സര്‍ദേശായി പറഞ്ഞു. ഏതെങ്കിലും ജനവിഭാഗങ്ങള്‍ക്ക് ഒരു നിയമം തങ്ങള്‍ അരക്ഷിതരാണ് എന്ന തോന്നലുണ്ടാക്കുമെങ്കില്‍ ആ നിയമം തെറ്റാണെന്നും സര്‍ദേശായി കൂട്ടിച്ചേര്‍ത്തു.
‘പൗരത്വ ഭേദഗതി ബില്‍ എന്നു പറഞ്ഞാല്‍ വര്‍ഗീയതയ്ക്ക് വെടിമരുന്ന് നല്‍കുന്ന ബില്‍ എന്നാണോ ഉദ്ദേശിക്കുന്നത്’- വിജയ് സര്‍ദേശായി ചോദിക്കുന്നു.
പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ രാജ്യങ്ങളിലെ മുസ്‌ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്ന ബില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടെ പാസാക്കിയിരുന്നു. ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഇത് നിയമമായി മാറുകയും ചെയ്തു.
എന്നാല്‍ ഇതിനെതിരെ രാജ്യമെമ്പാടും കനത്ത പ്രതിഷേധമാണുയരുന്നത്. അസമില്‍ ബി.ജെ.പി നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുകയാണ്. അസം ഗണ പരിഷത്തുമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയുടെ പല നേതാക്കളും ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങളും പാര്‍ട്ടി അംഗത്വവും രാജിവെച്ചു.
മുതിര്‍ന്ന ബി.ജെ.പി നേതാവും അസം പെട്രോകെമിക്കല്‍ ലിമിറ്റഡ് ചെയര്‍മാനുമായ ജഗദീഷ് ഭൂയന്‍ ഇന്നലെ തന്റെ പാര്‍ട്ടി അംഗത്വവും ബോര്‍ഡ് സ്ഥാനവും രാജിവെച്ചു.
‘പൗരത്വനിയമം അസം ജനതയ്‌ക്കെതിരാണ്. ഞാന്‍ രാജിവെക്കുന്നു. ഈ നിമിഷം മുതല്‍ പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭത്തില്‍ ഞാനും ഭാഗമാണ്.’
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ അസമിലെ പ്രശസ്തന നടനും അസം സിനിമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ജതിന്‍ ബോറയും രവി ശര്‍മ്മയും ബി.ജെ.പി വിട്ടിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയരുന്ന സംശയങ്ങളും ആശങ്കകളും പ്രതിഷേധങ്ങളും അടിസ്ഥാനരഹിതമല്ലെന്ന് അസം സ്പീക്കര്‍ ഹിതേന്ദ്ര നാഥ് ഗോസ്വാമിയും വ്യക്തമാക്കിയിരുന്നു.
വിവിധ ജാതികള്‍ക്കും സമുദായങ്ങള്‍ക്കും ഭാഷകള്‍ക്കുമിടയില്‍ ഭിന്നത സൃഷ്ടിക്കുന്നതിനുള്ള ശക്തമായ സാധ്യത ഇത്തരമൊരു നിയമത്തിന് പിന്നില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അസമിലെ ജനങ്ങളുടെ ആശങ്കയും പ്രതിഷേധവും പരാതികളും പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയാണെന്നും സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്തുന്നതിന് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ സ്പീക്കര്‍ പുലകേഷ് ബോഹ്‌റയും ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചിട്ടുണ്ട്. അസം ജനതയുടെ വികാരം മാനിക്കാതെയാണ് പൗരത്വ ഭേദഗതി നിയമവുമായി കേന്ദ്രസര്‍ക്കാരും ബി.ജെ.പി നേതൃത്വവും മുന്നോട്ടുപോയതെന്നാണ് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളില്‍ ഭൂരിഭാഗം പേരുടേയും അഭിപ്രായം.
WATCH THIS VIDEO: